ഹൈക്കോടതിയുടെ സുരക്ഷ ഇനി എസ്.ഐ.എസ്.എഫിന്
കൊച്ചി: ഹൈക്കോടതിയുടെ സുരക്ഷാച്ചുമതല സംസ്‌ഥാന വ്യവസായ സുരക്ഷാസേന(എസ്.ഐ.എസ്.എഫ്)യ്‌ക്കു കൈമാറി. ഇതുസംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടു. 60 എസ്.ഐ.എസ്.എഫ്. സേനാംഗങ്ങളെയാണു ഹൈക്കോടതിയില്‍ വിന്യസിക്കുക.
ഹൈക്കോടതി ജഡ്‌ജിയുടെ കാറില്‍ കറുത്ത പെയിന്റ് ഒഴിച്ച സംഭവത്തേത്തുടര്‍ന്നാണ് അടിയന്തരതീരുമാനം. എസ്.ഐ.എസ്.എഫിന്റെ സേവനം ഹൈക്കോടതി നേരത്തേ ആവശ്യപ്പെട്ടതാണെങ്കിലും തീരുമാനമായിരുന്നില്ല. കൊച്ചി മെട്രോ, റിസര്‍വ് ബാങ്ക്, ഇന്‍ഫോപാര്‍ക്ക്, മലബാര്‍ സിമെന്റ്‌സ് തുടങ്ങിയ സ്‌ഥാപനങ്ങള്‍ക്ക് എസ്.ഐ.എസ്.എഫ്. സുരക്ഷ ഒരുക്കുന്നുണ്ട്. മറ്റു നിരവധി സര്‍ക്കാര്‍, സ്വകാര്യസ്‌ഥാപനങ്ങളും അപേക്ഷ നില്‍കിയിട്ടുണ്ട്.
കേരളാ പോലീസില്‍നിന്നു ഡെപ്യൂട്ടേഷനില്‍ എത്തുന്നവരാണ് എസ്.ഐ.എസ്.എഫിലുള്ളത്. ഇവര്‍ക്കു പ്രത്യേകപരിശീലനമുണ്ട്. സെക്രട്ടേറിയറ്റിന്റെ സുരക്ഷയ്‌ക്കായി 81 പോലീസുകാരെ ഡെപ്യൂട്ടേഷനില്‍ എസ്.ഐ.എസ്.എഫിലേക്കു മാറ്റിയിരുന്നു. 2011-ലാണു കേന്ദ്ര വ്യവസായ സുരക്ഷാസേന (സി.ഐ.എസ്.എഫ്) മാതൃകയില്‍ സംസ്‌ഥാന വ്യവസായ സുരക്ഷാസേന രൂപീകരിച്ചത്. നിലവില്‍ ആയിരത്തിലേറെയാണ് അംഗബലം. കൂടുതല്‍ സ്‌ഥാപനങ്ങള്‍ക്കു സംരക്ഷണം നല്‍കാന്‍ ഇതു മൂവായിരമായി ഉയര്‍ത്തും. കഴിഞ്ഞ സാമ്ബത്തികവര്‍ഷം അഞ്ചുകോടിയിലധികം രൂപ സേന ലാഭമുണ്ടാക്കി.
Comments (0)