ചൂടിനെതിരെ പ്രവര്‍ത്തിക്കുന്ന സൗരോര്‍ജ്ജ ഹെല്‍മെറ്റ് കണ്ടുപിടിച്ച് 77 കാരന്‍
ലഖിംപൂര്‍ : ചൂട് എല്ലാവര്‍ക്കും അസഹനീയമാണ്. അതിനെ മറികടക്കാന്‍ പലവഴികളും നാം തേടാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു മാര്‍ഗ്ഗവുമായി എത്തിയിരിക്കുകയാണ് 77 കാരനായ ഉത്തര്‍പ്രദേശ് സ്വദേശി.
ലഖിംപൂര്‍ ഖേരി ജില്ലയില്‍ നിന്നുള്ള ലല്ലുറാമാണ് ചൂടിനെ തോല്‍പ്പിക്കാന്‍ വിചിത്ര കണ്ടുപിടിത്തവുമായി എത്തിയത്. പോര്‍ട്ടബിള്‍ ഫാന്‍ ഘടിപ്പിച്ച ഹെല്‍മറ്റാണ് ഈ വൃദ്ധന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിട്ടുണ്ട്. ഫാനും സോളാര്‍ പ്ലേറ്റും ഘടിപ്പിച്ച ഹെല്‍മറ്റും ധരിച്ച് നില്‍ക്കുന്ന വൃദ്ധനെയാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. ഫാനിന്റെ കാറ്റ് മുഖത്തേക്ക് പതിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. സൗരോര്‍ജ്ജം ഉപയോഗിച്ചാണ് ഫാന്‍ പ്രവര്‍ത്തിക്കുന്നത്. ധര്‍മേന്ദ്ര രജ്പുത് എന്ന യുവാവാണ് ട്വിറ്ററില്‍ വൃദ്ധന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. വീടുകളില്‍ കയറി പൂക്കള്‍ വില്‍ക്കുന്ന ജോലിയാണ് ഇയാള്‍ക്ക്. കനത്ത ചൂട് കാരണം അദ്ദേഹത്തിന് രോഗം ബാധിക്കാന്‍ തുടങ്ങി. ഇതുമൂലം പൂക്കള്‍ വില്‍ക്കാന്‍ ലല്ലുറാമിന് പോകാന്‍ കഴിയാതെയായി. പൂക്കള്‍ വിറ്റുകിട്ടുന്ന പണം കൊണ്ടാണ് ലല്ലുറാം തന്റെ കുടുംബത്തെ നോക്കിയിരുന്നത്. അസുഖ ബാധിതനായതോടെയാണ് ഇത്തരത്തിലൊരു ആശയം ലല്ലുറാം കണ്ടുപിടിച്ചത്. പോര്‍ട്ടബിള്‍ ഫാന്‍ ചൂടില്‍ നിന്ന് അല്‍പം ആശ്വാസം നല്‍കുന്നുണ്ടെന്ന് ലല്ലുറാം പറഞ്ഞു.
Comments (0)