ഷോക്കേറ്റ്​ വീണത്​ ആംബുലന്‍സിന്​ മുന്നില്‍; അലിയാര്‍ക്കിത് രണ്ടാം ജന്മം

ഷോക്കേറ്റ്​ വീണത്​ ആംബുലന്‍സിന്​ മുന്നില്‍; അലിയാര്‍ക്കിത് രണ്ടാം ജന്മം

കട്ടപ്പന: വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ്​ നിര്‍ത്തിയിട്ട ആംബുലന്‍സിന് മുമ്ബില്‍ വീണ കെ. എസ്.ഇ.ബി ജീവനക്കാരന് കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍ രക്ഷകരായി. കെ.ഫോണ്‍ ലൈന്‍ ജോലിക്കിടെ ലൈന്‍മാന്‍ ഇടുക്കി ചെറുതോണി സ്വദേശി അലിയാരാണ് (50) വൈദ്യുതി ആഘതമേറ്റ് ആംബുലന്‍സിനു മുമ്ബില്‍ വീണത്.

അടിമാലി - കുമളി ദേശീയ പാത 185 - ല്‍ കട്ടപ്പന വാഴവരയില്‍ ഇന്നലെ ഉച്ചകഴിഞ്ഞു ഒരു മണിയോടെ യാണു സംഭവം. ലൈന്‍ വലിക്കുന്നതിനിടെയാണ്​ അലിയാര്‍ക്ക് ഷോക്കേറ്റത്​. റോഡിനു കുറുകെ ലൈന്‍ കമ്ബികള്‍ കിടന്നതിനാല്‍ ഈ സമയം ഇടുക്കിയില്‍ നിന്ന് തിരികെ വരികയായിരുന്ന 108 ആംബുലന്‍സ് നിര്‍ത്തിയിടേണ്ടി വന്നു.

ഒപ്പം മറ്റു വാഹനങ്ങളും. റോഡ് ബ്ലോക്ക്‌ ഒഴിവാക്കാന്‍ വൈദ്യുതി പോസ്​റ്റിനു മുകളില്‍ നിന്ന്​ കമ്ബി മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ലൈന്‍മാനു ഷോക്കേല്‍ക്കുന്നത്. ആംബുലന്‍സിനു മുമ്ബില്‍ റോഡിലേക്ക് ലൈന്‍മാന്‍ വീഴുന്നതുകണ്ട് ജീവനക്കാക്കാര്‍ ഓടിയെത്തി.

പൈലറ്റ് ഷിനോസ് രാജന്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ അനൂപ് ജോര്‍ജ് എന്നിവരാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. അബോധാവസ്‌ഥയില്‍ വീണ അലിയാരുടെ ഹൃദത്തി​െന്‍റ പ്രവര്‍ത്തനം ഒരു നിമിഷത്തേക്ക് നിലച്ചു പോയിരുന്നു. ജീവനക്കാര്‍ അടിയന്തിര ജീവന്‍ രക്ഷപ്രവര്‍ത്തനം നടത്തി ഹൃദയത്തി​െന്‍റ പ്രവര്‍ത്തനം വീണ്ടെടുത്തതാണ് ജീവന്‍ രക്ഷിച്ചത്.

ഒരു രോഗിയെ ആശുപത്രിയിലെത്തിച്ചുകഴിഞ്ഞു തിരികെ പോകുകയായിരുന്നു ആംബുലന്‍സ്​ ജീവനക്കാര്‍. ആരോഗ്യനില മെച്ചപ്പെട്ടു എന്ന് ഉറപ്പാക്കിയ ശേഷം ​ ജീവനക്കാര്‍ ഉടന്‍ തന്നെ അലിയാരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ശരീരത്തില്‍ പൊള്ളല്‍ ഏറ്റിട്ടുണ്ടെങ്കിലും പരിക്ക്ഗുരുതരമല്ലെന്നും നിരീക്ഷണത്തിന് ശേഷം അലിയാര്‍ ആശുപത്രി വിട്ടതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.