പച്ചക്കറികള്‍ക്ക് പ്രഖ്യാപിത വില കിട്ടുന്നില്ല; കര്‍ഷകര്‍ പ്രതിസന്ധിയില്‍
അടിമാലി: 16 ഇനം പച്ചക്കറികള്‍ക്ക് സര്‍ക്കാര്‍ താങ്ങുവില നിശ്ചയിച്ചെങ്കിലും ഭൂരിഭാഗം കര്‍ഷകരും ഉല്പന്നങ്ങള് വില്‍ക്കുന്നത് താഴ്ന്ന വിലയില്‍. ജില്ലയില്‍ 2000ത്തില്‍ താഴെ കര്‍ഷകര്‍ മാത്രമേ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ. വയനാട് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നേന്ത്രകര്ഷകരുള്ള ഇടുക്കിയില്‍ വലിയ പ്രതിസന്ധിയാണ്വിലയിടിവ് വരുത്തി വെച്ചിട്ടുള്ളത്. സര്‍ക്കാര്‍ 30 രൂപയാണ് നേന്ത്രക്കായക്ക് തറവില നിശ്ചയിച്ചിരിക്കുന്നത്. വിപണിവില ശരാശരി 23 രൂപയും.
കര്‍ഷകര്‍ക്ക് 15 മുതല്‍ 17 വരെയാണ് ലഭിക്കുന്നത്. ഇതോടെ കര്‍ഷകര്‍ കടക്കെണിയിലാണ്. കാബേജിന് 11 രൂപയാണ് തറവില. കര്‍ഷകര്‍ക്ക് ലഭിക്കുന്നത് എട്ടുരൂപയാണ്. പൈനാപ്പിള്‍ കര്‍ഷകരും സമാന പ്രതിസന്ധി നേരിടുന്നു. 15 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന വില. എന്നാല്‍, 10 രൂപക്കുപോലും ആരും എടുക്കുന്നില്ല.
കാരറ്റിന് 21 രൂപയാണ് തറവിലയെങ്കിലും 15 രൂപയാണ് വെള്ളിയാഴ്ച വട്ടവടയില്‍ കര്‍ഷകര്‍ക്ക് ലഭിച്ചത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പച്ചക്കറി ഉല്പാദിപ്പിക്കുന്നത് വട്ടവടയിലാണ്. ഇവിടെ 1500 ഹെക്ടറോളം പച്ചക്കറി കൃഷിയുണ്ട്. ഇപ്പോള്‍ കാബേജും കാരറ്റും ഗ്രീന്‍പീസുമാണ് വിളവെടുക്കുന്നത്. പലതിനും സര്‍ക്കാര്‍ നിശ്ചയിച്ച തറവില ലഭിക്കുന്നില്ല.
കൃഷിവകുപ്പിെന്റ കണക്ക് പ്രകാരം വട്ടവട മേഖലയില്‍ 2010 കര്‍ഷകരാണുള്ളത്. ഇവരില്‍ ആരും ആനുകൂല്യത്തിന് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇതോടെ ഇവിടെ സര്‍ക്കാര്‍ നല്കുന്ന ആനുകൂല്യവും നഷ്ടപ്പെടാന്‍ സാധ്യതയേറി. കൃഷിഭവന് അധികൃതരുടെ വീഴ്ചയാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വി.എഫ്.പി.സി.കെയും ഹോര്‍ട്ടികോര്‍പ്പും കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറി ശേഖരിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികളാണ്. ഇവര്‍പോലും സര്‍ക്കാര്‍ പ്രഖ്യാപിച്ച തറവില നല്‍കുന്നില്ല.
കൃഷിചെയ്യുന്ന സ്ഥലത്തിെന്റ രേഖകള്‍ ഹാജരാക്കി അതത് കൃഷി ഓഫിസര്‍ സ്ഥലം സന്ദര്‍ശിച്ച് അനുമതി നല്‍കിയാലേ കര്‍ഷകര്‍ക്ക് അടിസ്ഥാനവിലയുടെ ആനുകൂല്യം ലഭിക്കൂ. രേഖകളുടെ അഭാവവും രജിസ്ട്രേഷന് നടപടിക്രമങ്ങളിലെ കാലതാമസവുമെല്ലാം കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ വൈകിപ്പിക്കുന്നു. ഉല്പന്നവില കുറഞ്ഞാല്‍ അടിസ്ഥാനവില ലഭിക്കാന്‍ ജില്ലതല സമിതികള്‍ ചേര്‍ന്ന് കൃഷിവകുപ്പ് ഡയറക്ടറുടെ അനുമതിക്കായി നിര്‍ദേശം സമര്‍പ്പിക്കണം.
അനുമതി ലഭിച്ചാലേ അടിസ്ഥാനവിലയുടെ ആനുകൂല്യം കര്‍ഷകര്‍ക്ക് ലഭിച്ചുതുടങ്ങൂ. 12,000 ഹെക്ടറിലാണ് ജില്ലയില്‍ പച്ചക്കറി കൃഷിയുളളത്. നേന്ത്രക്കായ ഉള്‍െപ്പടെ 6890 ഹെക്ടറില്‍ വാഴകൃഷിയാണ്. കര്‍ഷകര്‍ ആനുകൂല്യങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യാത്തതും പ്രശ്നമാണ്.
വിപണിയില്‍ വില ഉയര്‍ന്നുതന്നെ
കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച തറവിലപോലും പച്ചക്കറിക്ക് ലഭിക്കുന്നില്ലെങ്കിലും വിപണിയില്‍ വില ഉയര്‍ന്ന് തന്നെ. വട്ടവടയില്‍ ഒമ്ബതുരൂപയുള്ള കാബേജിന് 40 രൂപയാണ് വില. ബീന്‍സിന് 66 വരെ വിലയുണ്ട്. പാവക്ക 50, കോവക്ക 50, തക്കാളി 36, ഉള്ളി 80, സവാള 46, ഉരുളക്കിഴങ്ങ് 40, കാരറ്റ് 40, പാവക്ക 50 എന്നിങ്ങനെ പോകുന്നു വിപണി വില. അടിമാലിയില്‍ പച്ചക്കറിക്കടകളില്‍ പലയിടങ്ങളിലും ഒരേ ഉല്പന്നങ്ങള്ക്ക് വില വിവിധ തരത്തിലാണ്. തൊടുപുഴ, കട്ടപ്പന, നെടുങ്കണ്ടം, ചെറുതോണി എന്നിവിടങ്ങളിലും വിപണിവില ഉയര്‍ന്നുതന്നെയാണുള്ളത്.
കൃഷി കുറയുന്നു
മൂന്നുവര്‍ഷത്തിനിടെ പച്ചക്കറി കൃഷിയില്‍ വളരെ കുറവാണ് രേഖപ്പെടുത്തുന്നത്. 2018ലെ പ്രളയശേഷം കാലാവസ്ഥയില്‍ വന്ന വ്യതിയാനം ഇതിന് കാരണമായി പറയുന്നു. 1020 ഹെക്ടറില്‍ കൃഷിയിറക്കിയ പാവല്‍ ഇപ്പോള്‍ 380 ഹെക്ടറായി. പയര്‍ 870 ഹെക്ടറില്‍നിന്ന് 500 ഹെക്ടറിലേക്കും ബീന്‍സ് 580 ഹെക്ടറില്‍നിന്ന് 150 ഹെക്ടറിലേക്കും മുളക് 190 ഹെക്ടറില്‍നിന്ന് 150 ഹെക്ടറിലേക്കും കുറഞ്ഞു. വഴുതന, തക്കാളി, പടവലം, കാരറ്റ്, കുമ്ബളം, കാബേജ്, ബീറ്റ്റൂട്ട് എന്നിവുടെ കൃഷിയും 10 മുതല്‍ 60 ശതമാനം വരെ കുറഞ്ഞു.
Comments (0)