സൈന്യത്തെ പ്രതിരോധത്തില്‍ സഹായിക്കാന്‍ ഒറ്റപ്പാലം; രാജ്യത്തെ ആദ്യത്തെ ഡിഫന്‍സ് പാര്‍ക്ക്
പാലക്കാട്: പ്രതിരോധ സേനയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന രാജ്യത്തെ ആദ്യത്തെ ഡിഫന്‍സ് പാര്‍ക്ക് നാടിന് സമര്‍പ്പിച്ചു. ഒറ്റപ്പാലം കിന്‍ഫ്ര പാര്‍ക്കില്‍ നിര്‍മ്മിച്ച പാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ മുഖേന ഉദ്ഘാടനം ചെയ്തു.കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ ഒറ്റപ്പാലം കിന്‍ഫ്ര പാര്‍ക്കില്‍ 60 ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിച്ച ഡിഫന്‍സ് പാര്‍ക്കാണ് നാടിന് സമര്‍പ്പിച്ചത്.മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. 130 കോടി 94 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച പാര്‍ക്കിന് 50 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ധനസഹായം നല്‍കി.പ്രതിരോധ സേനകള്‍ക്ക് ആവശ്യമുള്ള എയര്‍ക്രാഫ്റ്റ് ഘടകങ്ങള്‍, നാവിഗേഷന്‍ ഉല്പന്നങ്ങള്‍, ഐടി - ഇലക്‌ട്രോണിക് സംവിധാനങ്ങള്‍, സംരക്ഷണ വസ്ത്രങ്ങള്‍ തുടങ്ങിയ ഉല്പന്നങ്ങള്‍ ഇവിടെ നിര്‍മ്മിക്കാന്‍ കഴിയും സംരംഭകര്‍ക്ക് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഡിഫന്‍സ് പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. മൂന്ന് കമ്ബനികള്‍ ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഒറ്റപ്പാലം കിന്‍ഫ്ര പാര്‍ക്ക് അസിസ്റ്റന്റ് മാനേജര്‍ അനീഷ് പറഞ്ഞു. ഒറ്റപ്പാലം കിന്‍ഫ്ര പാര്‍ക്കില്‍ 60 ഏക്കര്‍ സ്ഥലത്താണ് പാര്‍ക്ക് നിര്‍മിച്ചിട്ടുള്ളത്. സംരംഭകര്‍ക്ക് മുപ്പത് വര്‍ഷത്തേക്കാണ് ഭൂമി പാട്ടത്തിന് നല്‍കുക. എന്നാല്‍, വലിയ മുതല്‍ മുടക്ക് ആവശ്യമുള്ളതിനാല്‍ 90 വര്‍ഷം വരെ ഇത് പുതുക്കി നല്‍കാന്‍ വ്യവസ്ഥയുണ്ട്.
രണ്ടു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കോമണ്‍ ഫെസിലിറ്റ സെന്റര്‍, 72400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, വെയര്‍ ഹൗസുകള്‍, കോമണ്‍ യൂട്ടിലിറ്റി സെന്റര്‍, ആഭ്യന്തര റോഡ് ശൃംഖല, പാര്‍ക്കിംഗ് ഏരിയ, ചുറ്റു മതില്‍, സെക്യൂരിറ്റി സംവിധാനം, കോണ്‍ഫറന്‍സ് റൂമുകള്‍, ട്രെയ്നിംഗ് റൂം, ടൂള്‍ റൂം തുടങ്ങിയ സൗകര്യങ്ങളാണ് ഡിഫന്‍സ് പാര്‍ക്കില്‍ ക്രമീകരിച്ചിട്ടുള്ളളത്.
ഇതിന് പുറമെ ടെസ്റ്റിംഗ് ലാബ് സൗകര്യവും ഏര്‍പ്പെടുത്തും. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്‍്റെ ടെസ്റ്റിംഗ് ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ പദ്ധതിിയില്‍ ഉള്‍പ്പെടുത്തിയാവും ടെസ്റ്റിംഗ് ലാബ് സൗകര്യം തയ്യാറാക്കുക. പ്രതിരോധ മേഖലയ്ക്കാവശ്യമായ എല്ലാ പശ്ചാത്തല സൗകര്യവും ഡിഫന്‍സ് പാര്‍ക്കില്‍ ഒരുക്കുമെന്ന് അധികൃതര്‍ പറഞ്ഞു.രാജ്യത്ത് ആദ്യമായാണ് ഇങ്ങനെയൊരു സംരംഭം നടപ്പിലാക്കുന്നത്. പദ്ധതി പൂര്‍ത്തിയാവുന്നതോടെ നൂറുകണക്കിന് ആളുകള്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും.സംസ്ഥാനത്തിന്റെ പ്രധാന സ്ഥാപനങ്ങളില്‍ ഒന്നായി ഡിഫന്‍സ് പാര്‍ക്ക് മാറുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Comments (0)