സാക്ഷരത മിഷന്‍: വേതനത്തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി
തിരുവനന്തപുരം : സാക്ഷരത മിഷനിലെ 10 കോടി രൂപയുടെ വേതന തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. ജില്ലാ പ്ര?ജക്‌റ്റ് കോര്‍ഡിനേറ്റര്‍, അസിസ്‌റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ എന്നിങ്ങനെ 50 സാങ്കല്‍പിക തസ്‌തികകള്‍ സൃഷ്‌ടിച്ച് ഇവര്‍ക്ക് ഉയര്‍ന്ന വേതനം നല്‍കുന്ന കാര്യം മാധ്യമങ്ങളാണ് പുറത്തുകൊണ്ടു വന്നത്. ഇതിന്റെ അടിസ്‌ഥാനത്തിന്‍ സാക്ഷരതാ പ്രേരക് കെ. രാജേഷ് സംസ്‌ഥാന വിജിലന്‍സിന് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്‌ക്ഷന്‍ ബ്യൂറോ തിരുവനന്തപുരം സ്‌പെഷല്‍ ഇന്‍വെസ്‌റ്റിഗേഷന്‍ യൂണിറ്റ് പോലീസ് ഇന്‍സ്‌പെക്‌ടര്‍ ജെ.മുഹമ്മദ് റജാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. നേരത്തെ ധനകാര്യ വിജിലന്‍സ് ആരംഭിച്ച അന്വേഷണം തുടരുകയാണ്.
അതിനിടെ, സാങ്കല്‌പിക തസ്‌തികകള്‍ സൃഷ്‌ടിച്ചത് മുന്‍ എല്‍. ഡി. എഫ് സര്‍ക്കാരിന്റെ കാലത്താണെന്നുള്ളതിന്റെ രേഖകള്‍ പുറത്തായി. സാക്ഷരത മിഷന്‍ നടപ്പാക്കുന്ന പദ്ധതികളുടെ ജില്ലാ കണ്‍വീനര്‍മാരുടെ ചുമതലയാണ് ഈ തസ്‌തികകള്‍ക്കുള്ളതെന്ന് 2006 ജൂലൈയില്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്‌തമാക്കുന്നു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് സീനിയര്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ ഗണത്തില്‍പ്പെടുത്തി ഇപ്പോഴത്തെ ഇടതു സര്‍ക്കാര്‍ അമിതവേതനം നല്‍കുന്നത്.
2006 ലെ ഉത്തരവ് പ്രകാരം സാക്ഷരത മിഷന്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ പഞ്ചായത്ത് തല കണ്‍വീനര്‍മാരായി ചുമതല നല്‍കിയിരിക്കുന്നത് പ്രേരക്‌മാര്‍ക്കാണ്. ഇവരുടെ വേതനം 12,000. ബ്ലോക്ക് തല കണ്‍വീനര്‍മാരായി പ്രവര്‍ത്തിക്കേണ്ടത് നോഡല്‍ പ്രേരക്‌മാരും. ഇവരുടെ വേതനം 15,000. സ്വാഭാവികമായും ജില്ലാതല കണ്‍വീനര്‍മാരുടെ തസ്‌തിക വരേണ്ടിയിരുന്നത് ജില്ലാ പ്രേരക് എന്നായിരുന്നു. ജോലി സ്വഭാവം അനുസരിച്ചു പരമാവധി 20,000 വരെ വേതനം അനുവദിക്കേണ്ട തസ്‌തികയാണിത്. പകരം ജില്ലാ പ്രോജക്‌റ്റ് കോര്‍ഡിനേറ്റര്‍, അസി. കോര്‍ഡിനേറ്റര്‍ എന്നിങ്ങനെ തസ്‌തികകള്‍ സൃഷ്‌ടിച്ചത് അധിക വേതനം നല്‍കാനായിരുന്നെന്നു വ്യക്‌തം. സാക്ഷരത മിഷന്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ ജില്ലാ തലത്തിലെ സാമ്ബത്തികവും ഭരണപരവുമായ പൂര്‍ണ ചുമതല ജില്ലാ കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്ന ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കാണെന്ന് ഉത്തരവ് വ്യക്‌തമാക്കുന്നുണ്ട്.ഈ സാഹചര്യത്തിലാണ് താല്‍ക്കാലിക, കരാര്‍ ജീവനക്കാര്‍ക്ക് സര്‍ക്കാരിലെ അതേ സ്‌ഥിരം തസ്‌തികയിലെ മിനിമം വേതനം മാത്രമേ അനുവദിക്കാന്‍ പാടുള്ളൂവെന്ന സുപ്രീം കോടതി ഉത്തരവ് ലംഘിച്ചു ധന വകുപ്പ് അമിത വേതനം അനുവദിച്ചത്. അമിത വേതനം അനുവദിച്ചതില്‍ ഖജനാവിന് ഇതുവരെയുണ്ടായ നഷ്‌ടം 10 കോടി രൂപയാണ്.
ജില്ലാ പ്രോജക്‌റ്റ് കോര്‍ഡിനേറ്റര്‍മാര്‍ക്ക് 2016 സെപ്‌റ്റംബര്‍ മുതല്‍ 14,000 രൂപയില്‍നിന്നു 39,500 ആയും അസി. കോര്‍ഡിനേറ്റര്‍ മാര്‍ക്ക് 11,500 രൂപയില്‍ നിന്ന് 32,300 രൂപയുമാണ് വര്‍ധിപ്പിച്ചത്. വിഷയം വിവാദം ആയിട്ടും ധനവകുപ്പ് 2019 ജൂണ്‍ മുതല്‍ വീണ്ടും വേതനം വര്‍ധിപ്പിച്ചു.
ജില്ലാ പ്ര?ജക്‌റ്റ് കോര്‍ഡിനേറ്റര്‍ മാര്‍ക്ക് 42,305, അസി.കോര്‍ഡിനേറ്റര്‍ മാര്‍ക്ക് 34605 എന്നിങ്ങനെയാണ് വര്‍ധിപ്പിച്ചത്. മിനിമം വേതനം നിശ്‌ചയിക്കുന്ന കാര്യത്തില്‍ ഉദ്യോഗസ്‌ഥര്‍ കൃത്രിമ മാനദണ്ഡം ഉണ്ടാക്കരുതെന്നും സുപ്രീം കോടതി ഉത്തരവ് വ്യക്‌തമാക്കുന്നുന്നുണ്ട്. ഇതു ലംഘിച്ചാണു നടപടി.
Comments (0)