108 ആംബുലന്‍സില്‍ കോടികളുടെ അഴിമതി; കിലോമീറ്ററിന്‌ 224: കുഴല്‍നാടന്‍

108 ആംബുലന്‍സില്‍ കോടികളുടെ അഴിമതി; കിലോമീറ്ററിന്‌ 224: കുഴല്‍നാടന്‍

കൊച്ചി : 108 ആംബുലന്‍സ്‌ സര്‍വീസ്‌ നടത്തിപ്പില്‍ കോടികളുടെ അഴിമതിയെന്ന ആരോപണവുമായി കെ.പി.സി.സി. ജനറല്‍ സെക്രട്ടറി മാത്യൂ കുഴല്‍നാടന്‍.
ആംബുലന്‍സ്‌ നടത്തിപ്പുമായി ബന്ധപ്പെട്ട്‌ തെലങ്കാനയിലെ ജി.വി.കെ. ഇ.എം.ആര്‍.ഐ. എന്ന എന്ന കമ്ബനിക്ക്‌ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ ഡിസംബര്‍ വരെ കേരള സര്‍ക്കാര്‍ നല്‍കിയത്‌ 69.6 കോടി രൂപയാണ്‌. ആംബുലന്‍സുകളില്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷന്‍ (ഇ.എം.ടി) ഉണ്ടായിരിക്കണം എന്ന നിബന്ധന പാലിക്കപ്പെട്ടില്ല. ധാരണകളില്‍ വീഴ്‌ച വരുത്തിയിട്ടും പിഴ ഈടാക്കിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ധാരണയില്‍ രണ്ടു തവണ വീഴ്‌ച വരുത്തിയതിലൂടെ കമ്ബനി 52.55 കോടി രൂപ പിഴയടക്കേണ്ട സാഹചര്യമുണ്ടായി. ആദ്യഘട്ടത്തില്‍ 25.38 കോടിയും രണ്ടാമത്‌ 27.17 കോടി രൂപയുമായിരുന്നു പിഴ. എന്നാല്‍, ഈ പിഴ പൂര്‍ണമായും സര്‍ക്കാര്‍ ഒഴിവാക്കി. 27.17 കോടിയുടെ പിഴ പിന്നീട്‌ 8.7 കോടിയാക്കി കുറച്ചു. ഇതു മുഖ്യമന്ത്രി ഇടപെട്ട്‌ വേണ്ടെന്നു വയ്‌ക്കുകയും ചെയ്‌തുവെന്നു കുഴല്‍നാടന്‍ പറഞ്ഞു. അടിസ്‌ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ ഓടുന്ന ആംബുലന്‍സുകള്‍ക്കാണ്‌ ഇത്തരത്തില്‍ കോടികള്‍ വിതരണം ചെയ്യുന്നത്‌. കോവിഡ്‌ സാഹചര്യമെന്നു വിശദീകരിച്ച്‌ 12 മണിക്കൂര്‍ സേവനം നല്‍കുന്ന 165 ആംബുലന്‍സുകളുടെ സമയം 24 മണിക്കൂറായി വര്‍ധിപ്പിച്ച്‌ ആംബുലന്‍സൊന്നിന്‌ 2,70,000 രൂപ വീതമാണു കമ്ബനിക്ക്‌ കൊടുക്കുന്നത്‌. കരാര്‍ പ്രകാരം 315 ആംബുലന്‍സുകളാണ്‌ കമ്ബനി സംസ്‌ഥാനത്ത്‌ ഓടിക്കുന്നത്‌. ഒരു മാസം 7,06,45,500 രൂപയാണ്‌ കേരള മെഡിക്കല്‍ സര്‍വീസ്‌ കോര്‍പറേഷന്‍ കമ്ബനിക്ക്‌ നല്‍കുന്നത്‌. അതായത്‌ ഒരു ആംബുലന്‍സ്‌ ആയിരം കിലോമീറ്റര്‍ ഓടുമ്ബോള്‍ ശരാശരി 2, 24,271 രൂപ വീതം. എല്ലാ വാഹനങ്ങളും കൂടി 3,15,000 കിലോമീറ്ററുകള്‍ ഓടുന്നതിനാണ്‌ ഈ തുക.
ഒരു ആംബുന്‍സ്‌ ഒരു കിലോമീറ്റര്‍ ഓടുമ്ബോള്‍ 224 രൂപ സര്‍ക്കാര്‍ കമ്ബനിക്കു നല്‍കുന്നു എന്നര്‍ഥം. കോവിഡ്‌ കാലത്ത്‌ നാട്ടില്‍നിന്നു വാടകയ്‌ക്ക്‌ എടുത്ത്‌ ആംബുലന്‍സ്‌ ഓടുന്നുണ്ട്‌. 10 കിലോമീറ്റര്‍ വരെ 600 രൂപയും അതിനു ശേഷമുള്ള ഓരോ കിലോമീറ്ററിനും 20 രൂപയും നല്‍കണം എന്നതാണ്‌ വ്യവസ്‌ഥ. ഐ.എം.എയുടേത്‌ അടക്കമുള്ളവരുടെ ആംബുലന്‍സുകള്‍ ഓടുന്നുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ തെലുങ്കാന കമ്ബനിയുടെ ഒരു ആംബുലന്‍സ്‌ 1000 കിലോമീറ്റര്‍ ഓടുന്നതിന്‌ 2,24,000 രൂപ സര്‍ക്കാര്‍ നല്‍കുന്നത്‌. വന്‍ തട്ടിപ്പാണ്‌ ഇതിലൂടെ നടക്കുന്നതെന്നും കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി.