നെല്‍കര്‍ഷകര്‍ രാപ്പകല്‍ സമരം തുടങ്ങി, ടണ്‍ കണക്കിന് നെല്ല് പാടശേഖരത്ത് കിടന്ന് നശിക്കുന്നു, പ്രതിസന്ധിക്ക് കാരണം മില്ല് ഉടമകളുടെ കടുംപിടുത്തം
കോട്ടയം: അപ്പര്‍ കുട്ടനാടന്‍ മേഖലകളിലെ പാടശേഖരങ്ങളില്‍ നിന്നു നെല്ല് സംഭരിക്കാന്‍ മില്ലുടമകള്‍ തയ്യാറാകാത്തതോടെ പ്രതിസന്ധിയിലായ കര്‍ഷകര്‍ രാപ്പകല്‍ സമരം തുടങ്ങി. ജില്ലാ പാഡി ഓഫീസിന് മുന്നിലാണ് സമരം. സംഭരിക്കുന്ന നെല്ലിന്റെ അളവില്‍ അധിക കിഴിവ് വേണമെന്ന മില്ല് ഉടമകളുടെ കടുംപിടുത്തമാണ് പ്രതിസന്ധിക്ക് കാരണം.
രണ്ട് കര്‍ഷകര്‍ ആത്മഹത്യക്ക് ശ്രമിക്കുകയും ചില കര്‍ഷകര്‍ നെല്ല് കത്തിച്ചുകളയുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് മില്ലുടമകളും സപ്ലൈക്കോ എംഡിയുമായി ഇന്നലെ കൊച്ചിയില്‍ നടത്താനിരുന്ന ചര്‍ച്ച നടന്നില്ല. ക്വിന്റലിന് മൂന്ന് കിലോ വരെ കിഴിവ് നല്‍കാന്‍ കര്‍ഷകര്‍ തയാറാണ്. എന്നാല്‍ ആറ് കിലോ കിഴിവ് വേണമെന്നാണ് മില്ലുടമകളുടെ ആവശ്യം. അനുകൂല തീരുമാനം ഉണ്ടാകുന്നതുവരെ പ്രതിഷേധം തുടരുമെന്ന് സംയുക്ത കര്‍ഷക സമിതി അറിയിച്ചു.
22 ദിവസത്തിലധികമായി ടണ്‍ കണക്കിന് നെല്ല് പാടശേഖരത്ത് കിടന്ന് നശിക്കുകയാണ്. കര്‍ഷകര്‍ പാഡി ഓഫീസറുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ല. നെല്ല് ഉടന്‍ എടുക്കുക, കിഴിവ് കൂട്ടുന്നത് ഒഴിവാക്കുക എന്നി ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് കൃഷിക്കാര്‍ പറയുന്നു. കാര്‍ഷിക മേഖലയിലെ ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
പ്രളയത്തില്‍ കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഇതുവരെ നഷ്പരിഹാരം ലഭിച്ചിട്ടില്ല. ഇതിന് പിന്നാലെ കൊവിഡ് പ്രതിസന്ധിയും മറികടന്ന് കൃഷിയിറക്കിയപ്പോഴാണ് നെല്ല് സംഭരണം മുടങ്ങിയത്.
Comments (0)