മന്ത്രിയുടെ അസൗകര്യത്തെ തുടര്‍ന്ന് പാലക്കാട് മെഡിക്കല്‍ കോളേജ് ഒപി ബ്ലോക്കിന്റെ ഉദ്ഘാടനം നീളുന്നു; പ്രതിഷേധവുമായി ചികിത്സാവകാശ സമിതി
പാലക്കാട്: മന്ത്രി എ കെ ബാലന്റെ അസൗകര്യത്തെ തുടര്‍ന്ന് പാലക്കാട് മെഡിക്കല്‍ കോളേജ് ഒപി ബ്ലോക്കിന്റെ ഉദ്ഘാടനം നീളുന്നതിനെതിരെ പ്രതിഷേധവുമായി ചികിത്സാവകാശ സമിതി. ഈമാസം ഇരുപതിന് ഉദ്ഘാടനച്ചടനെ നിശ്ചയിച്ചിരുന്നെങ്കിലും മന്ത്രി എ.കെ. ബാലന്‍ കോവിഡ് ചികിത്സയിലായതിനാലാണ് ഉദ്ഘാടനം മാറ്റിയതെന്നാണ് സൂചന. അടുത്ത മാസം ആദ്യം ഒപി തുറക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇതോടെ, ഒപി തുറക്കുന്നത് വൈകുന്നതിനെതിരെ പ്രതിഷേധവുമായി ചികിത്സാവകാശ സമിതി രംഗത്തെത്തി. ചികിത്സ ആരംഭിക്കുകയും ഉദ്ഘാടന ചടങ്ങ് പിന്നീട് നടത്തുകയും ചെയ്യണമെന്നാണ് സമിതി ആവശ്യപ്പെടുന്നത്.
ജില്ല ഏറെനാളായി കാത്തിരിക്കുന്ന മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണം പൂര്‍ത്തിയായില്ലെങ്കിലും അടിയന്തിര സാഹചര്യത്തില്‍ പണി തീര്‍ന്ന മുറികള്‍ കോവിഡ് ചികിത്സാ കേന്ദ്രമാക്കിയിരുന്നു. ഒപി ബ്ലോക്ക് തുറക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. ആറുനിലകളുള്ള ഒരു ബ്ലോക്കിലെ മൂന്നു നിലകളിലാണ് പണി തീര്‍ത്തത്. പിഡിയാട്രിക്, ഗൈനക്കോളജി, സര്‍ജറി, ജനറല്‍ മെഡിസിന്‍ ഒപികള്‍ തുറക്കാനായിരുന്നു ലക്ഷ്യം.
കിടത്തിച്ചികിത്സ ആവശ്യമുള്ളവരെ ജില്ലാ ആശുപത്രിയിലേക്കയക്കാനും തീരുമാനിച്ചിരുന്നു. ഇലക്‌ട്രിക്കല്‍ പണിയൊഴികെ മറ്റു പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു. ഇരുപതിനും ഇരുപത്തിയഞ്ചിനുമിടയില്‍ ഉദ്ഘാടനം നടത്താനായിരുന്നു തീരുമാനം. എന്നാല്‍, മന്ത്രി എ.കെ. ബാലന്റെ അസാന്നിധ്യം കൂടി പരിഗണിച്ച് അടുത്ത മാസം ആദ്യത്തേക്ക് ഉദ്ഘാടനം മാറ്റുകയായിരുന്നു.
അതേസമയം ഉദ്ഘാടനം സംബന്ധിച്ച അറിയിപ്പ് ഇതുവരെ ലഭിച്ചില്ലെന്ന് പാലക്കാട് മെഡിക്കല്‍ കോളെജിന്റെ ചുമതല വഹിക്കുന്ന ഒറ്റപ്പാലം സബ്കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.. 20 ന് മുമ്ബ് ഒപികളുടെ പണി പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)