തൊഴിലുറപ്പ്: പരിശോധന കാര്യക്ഷമമാക്കാന്‍ നിര്‍ദേശം
കാസര്‍കോട്: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഫീല്‍ഡുതല പരിശോധന കാര്യക്ഷമമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം. പ്രളയം, കോവിഡ് പ്രതിസന്ധിഘട്ടങ്ങളില്‍ ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് കൈത്താങ്ങായ പദ്ധതിയില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പൊതു ആസ്തികളിലും വ്യക്തിഗത ആസ്തികളിലും സാധന സാമഗ്രികളുടെ ഉപയോഗത്തിലും വന്ന വന്‍തോതിലുള്ള വര്‍ധനയുടെ പശ്ചാത്തലത്തിലാണ് പരിശോധന സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ക്ക് പ്രവൃത്തി പരിശോധന ചുമതലയും എല്‍.എസ്.ജി.ഡി എന്‍ജിനീയറിങ് വിഭാഗത്തിന് സാങ്കേതിക മേല്‍നോട്ടത്തിനും നേരത്തെതന്നെ ചുമതല നല്‍കിയിരുന്നു.
ഇതിനു പുറമെ പദ്ധതികളുമായി ബന്ധപ്പെട്ട് പൊതു പരിശോധന, സാങ്കേതിക പരിശോധന എന്നിങ്ങനെ രണ്ടുതരം പരിശോധനകള്‍ വേണമെന്നാണ് പുതിയ നിര്‍ദേശം.
വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാര്‍, അസി. സെക്രട്ടറി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, എക്സ്റ്റന്‍ഷന്‍ ഓഫിസര്‍/ജോയന്റ് ബി.ഡി.ഒ (ആര്.എച്ച്), ജോയന്റ് ബി.ഡി.ഒ (ഇ.ജി.എസ്), ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍, ജില്ല കലക്ടര്‍ ചുമതലപ്പെടുത്തിയ ജില്ലതല ഉദ്യോഗസ്ഥര്‍, ജോയന്റ് പ്രോഗ്രാം കോഓഡിനേറ്റര്‍, ഗ്രാമവികസന കമീഷണര്‍ ചുമതലപ്പെടുത്തിയ സംസ്ഥാനതല ഉദ്യോഗസ്ഥര്‍ എന്നിവരാണ് പരിശോധന നടത്തേണ്ടത്. ഫീല്‍ഡുതല പരിശോധന സംബന്ധിച്ച റിപ്പോര്‍ട്ട് രണ്ടാഴ്ചയിലൊരിക്കല്‍ (എല്ലാ 10ാമത്തെയും 25ാമത്തെയും പ്രവൃത്തി ദിനത്തില്‍) ജോയന്റ് പ്രോഗ്രാം കോഓഡിനേറ്റര്‍മാര്‍ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷനില്‍ സമര്‍പ്പിക്കണം.
ഗുരുതര സ്വഭാവത്തിലുള്ള ക്രമക്കേടുകള്‍, പണാപഹരണം തുടങ്ങിയവ കണ്ടെത്തിയാല്‍ അത് പ്രത്യേക റിപ്പോര്‍ട്ടായി സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
Comments (0)