നെയ്യാറ്റിന്‍കര സംഭവം: കുട്ടികളെ സര്‍ക്കാര്‍ ഏറ്റെടുത്തു, സ്ഥലമുടമയെ കസ്റ്റഡിയിലെടുക്കുമെന്ന് കടകംപള്ളി
തിരുവനന്തപുരം: വീട് ഒഴിപ്പിക്കല്‍ നടപടി തടയാന്‍ ദേഹത്ത് പെട്രോളൊഴിച്ച് പ്രതിഷേധിക്കുന്നതിനിടെ അബദ്ധത്തില്‍ ദേഹത്തേക്ക് തീ പടര്‍ന്ന മരിച്ച രാജന്‍ - അമ്ബിളി ദമ്ബതികളുടെ മക്കളുടെ സംരക്ഷണ ചുമതല സര്‍ക്കാര്‍ ഏറ്റെടുത്തു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നെയ്യാറ്റിന്‍കരയിലെ ഇവരുടെ നേരിട്ട് എത്തിയാണ് ഇക്കാര്യം അറിയിച്ചത്. ആന്‍സലന്‍ എംഎല്‍എയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ഭൂമി ഒഴിപ്പിക്കാനുള്ള കോടതി വിധിക്കെതിരെ മരിച്ചു പോയ രാജന്‍ അപ്പീല്‍ പോയിരുന്നു. അപ്പീലില്‍ തീരുമാനമാകും വരെ കാത്തിരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. അതാണ് ഈ സംഭവങ്ങള്‍ക്ക് കാരണമായത്. അതില്‍ എവിടെയൊക്കെ വീഴ്ചയുണ്ടായി, പൊലീസിന് വീഴ്ചയുണ്ടായോ എന്നതെല്ലാം പരിശോധിക്കും.
ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കും. പട്ടികജാതിക്കാരുടെ ഭൂമി അനധികൃതമായി കൈയേറാനുള്ള ശ്രമം സര്‍ക്കാര്‍ തടയും - കുട്ടികളെ സന്ദര്‍ശിച്ച ശേഷം മന്ത്രി പറഞ്ഞു.
മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്ന് അനാഥരായ കുട്ടികളുടെ സംരക്ഷണ ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കും. അവരുടെ ആഗ്രഹം പോലെ തുടര്‍പഠനത്തിന് അവസരമൊരുക്കും. അവര്‍ക്ക് വീട് നല്‍കാന്‍ ആവശ്യമായ നടപടിയും സര്‍ക്കാര്‍ എടുക്കും. ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തില്‍ കുറ്റവാളികളായ എല്ലാവര്‍ക്കുമെതിരെ നടപടിയുണ്ടാവും. ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണക്കാരിയായ ഒരു സ്ത്രീയുണ്ട് അവരെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് ചെയ്യുകയും വേണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട് - കടകംപള്ളി പറഞ്ഞു.
Comments (0)