കിടപ്പാടത്തിനായി പൊരുതിയ ദമ്പതികൾ മരണത്തിനു കീഴടങ്ങി

നെയ്യാറ്റിൻകര/ തിരുവനന്തപുരം: ഉള്ള കിടപ്പാടം നഷ്ടപ്പെടാതിരിക്കാൻ ശ്രമിച്ച ദമ്പതികൾക്ക് ദാരുണ അന്ത്യം. പോലീസ് നോക്കിനിൽക്കേ പെട്രോളൊഴിച്ച് തീ കൊളുത്തിയ നെയ്യാറ്റിൻകര പോങ്ങിൽ  നേട്ടതോട്ടം കോളനിക്ക് സമീപം രാജനും(48) ഭാര്യ അമ്പിളിയും (40) ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു.  കഴിഞ്ഞ ചൊവ്വാഴ്ച കോടതി ഉത്തരവിന്റെ ഭാഗമായി വീട് ഒളിപ്പിക്കാൻ എത്തിയ അഭിഭാഷക കമ്മീഷനും പോലീസും മക്കളും നോക്കിനിൽക്കേ ഭാര്യയെ ചേർത്തു പിടിച്ചാണ് രാജൻ തീകൊളുത്തിയത്. മരണത്തിലേക്ക് നയിച്ച സംഭവത്തിന് ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങൾ പ്രചരിക്കുന്നുണ്ട്. ലൈഫ് പദ്ധതിയിൽ പോലും ഇവർക്ക് ഇതുവരെയും വീട് ലഭിക്കാതായതോടെ ഉള്ള കിടപ്പാടം സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടമാണ് ഇരുവരുടെയും മരണത്തിലേക്ക് കലാശിച്ചത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അയൽവാസിയും രാജനും തമ്മിലുള്ള വസ്തു തർക്കത്തെ കുറിച്ച് അന്വേഷിക്കാൻ നെയ്യാറ്റിൻകര കോടതി അഭിഭാഷകനെ നിയോഗിച്ചിരുന്നു. രണ്ടുമാസം മുൻപ് കമ്മീഷന്റെ നേതൃത്വത്തിൽ കുടിയൊഴുപ്പിക്കൽ നടപടികൾ നടത്തുമെങ്കിലും രാജന്റെ എതിർപ്പുമൂലം നടന്നില്ല. 22 ന് ഉച്ചയോടെ അഭിഭാഷക കമ്മീഷനും പോലീസും സ്ഥലത്തെത്തി വീട് ഒഴിയാൻ ആവശ്യപ്പെട്ടു.

രാജൻ വീടിനകത്ത് കയറി കന്നാസിൽ കരുതിയിരുന്ന പെട്രോളുമായെത്തി ഭാര്യ അമ്പിളിയെ ചേർത്തുപിടിച്ച് ദേഹത്തൊഴിച്ച് ലൈറ്റ് കത്തിച്ചു. ലൈറ്റർ തട്ടിമാറ്റാൻ പോലീസ് ശ്രമിക്കുന്നതിനിടെ ഇരുവരുടെയും ദേഹത്ത് തീപടർന്നു.വളരെ പ്രയാസപ്പെട്ട് തീ കെടുത്തി ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ രാവിലെയോടെ രാജനും വൈകുന്നേരത്തോടെ അമ്പിളിയും മരിച്ചു. തീയണക്കാൻ ശ്രമിക്കുന്നതിനിടെ ഗ്രേഡ് എസ് ഐ അനിൽ കുമാറിനും പൊള്ളലേറ്റു.