യാക്കോബായ സഭാ നേതൃത്വം ഇന്ന് പ്രധാനമന്ത്രിയെ കാണും
ന്യൂഡൽഹി: ഓർത്തഡോക്സ് യാക്കോബായ സഭ തർക്കത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടലിനു തുടക്കമായി. ഇന്നലെ ഓർത്തഡോക്സ് സഭ നേതൃത്വം പ്രധാനമന്ത്രിയുടെ വസതിയിലെത്തി ചർച്ച നടത്തി. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ സമ്പൂർണ്ണ സംതൃപ്തരാണെന്ന് ഓർത്തഡോക്സ് നേതൃത്വം കൂടിക്കാഴ്ചയ്ക്ക് ശേഷം അറിയിച്ചു.
മീസോറാം ഗവർണറും ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷനുമായ പി എസ് ശ്രീധരൻപിള്ളക്കൊപ്പമാണ് ഓർത്തഡോക്സ് സഭാ നേതൃത്വം ലോക് കല്യാൺ മാർഗിലെ മോദിയുടെ വസതിയിൽ എത്തിയത്. ഡൽഹി ഡയോസിസ് ബിഷപ്പ് യൂഹാന്നാൻ മാർ ദിമിത്രിയോസ്, കണ്ടനാട് ഈസ്റ്റ് ഡയോസിസ് ബിഷപ്പ് ഡോക്ടർ തോമസ് മാർ അത്തനാസിയോസ്, സഭ സിനഡ് സെക്രട്ടറിയും ചൈന ബിഷപ്പുമായ യോഹന്നാൻ മാർ ദിയസ് കോറസ് എന്നിവയിലാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. മലങ്കര സഭകൾ ഒന്നാകണമെന്ന നിലപാടാണ് തങ്ങൾക്ക് ഉള്ളതെന്ന് പ്രധാനമന്ത്രിയെ അറിയിച്ചെന്ന് സഭ പ്രതിനിധികൾ കൂടിക്കാഴ്ചയ്ക്കുശേഷം പ്രതികരിച്ചു. സഭാ വിഷയം സാമൂഹ്യപ്രശ്നമായി വളരുന്നത് കണ്ടാണ് പ്രധാനമന്ത്രി സഭകളെ ചർച്ചയ്ക്കു വിളിച്ചത്. സഭയുടെ പ്രശ്നങ്ങൾ പ്രധാനമന്ത്രി ശ്രദ്ധയോടെ കേട്ടിട്ടുണ്ട്. യാക്കോബായ സഭയുമായി കൂടിക്കാഴ്ച നടത്തുമ്പോൾ ഞങ്ങളുടെ നിലപാട് പ്രധാനമന്ത്രി അറിയിക്കുമെന്നാണ് സൂചന. സഭാതർക്കത്തെ പറ്റി പഠിച്ചു കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചതായും ഓർത്തഡോക്സ് നേതൃത്വം അറിയിച്ചു.
Comments (0)