'മരിയാര്‍പൂതത്തെ' പൂട്ടാന്‍ ജനകീയ സേന ഉണ്ടാക്കി കൊച്ചിയില്‍ പോലീസ്

'മരിയാര്‍പൂതത്തെ' പൂട്ടാന്‍ ജനകീയ സേന ഉണ്ടാക്കി കൊച്ചിയില്‍ പോലീസ്

എറണാകുളം: നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം കളവ് പതിവാക്കിയ കള്ളനുണ്ട് കൊച്ചിയില്‍. കുളച്ചല്‍ സ്വദേശിയായ ജോണ്‍സന്‍ എന്ന മരിയാര്‍പൂതം. ഒരിടവേളയ്ക്ക് ശേഷം കളവുമായി മരിയാര്‍പൂതം ഇറങ്ങിയതോടെ കള്ളനെ പൂട്ടാന്‍ ജനകീയ സേന ഉണ്ടാക്കിയിരിക്കുകയാണ് കൊച്ചിയില്‍ പോലീസ്.

മരിയാര്‍പൂതമെന്ന കള്ളനെ അന്വേഷിച്ചുള്ള നടപ്പാണിത്. കള്ളനാണെങ്കിലും കൗതുകങ്ങള്‍ ഏറെയുണ്ട് മരിയാര്‍ പൂതത്തിന്. നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രമാണ് മരിയാര്‍പൂതത്തിന്‍റെ ഓപ്പറേഷന്‍. 60 കേസുകള്‍. നാല് മാസങ്ങള്‍ക്ക് മുന്‍പാണ് കള്ളന്‍പൂതം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. വീണ്ടും നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങി.

കലൂരിലെ അഫ്താബ് എന്ന എട്ട് വയസ്സുകാരന്‍ കാര്‍ വാങ്ങാന്‍ സ്വരുക്കൂട്ടിയ 500 രൂപയാണ് ഒടുവവില്‍ കട്ടത്. നോര്‍ത്ത് പോലീസിനോട് എന്തേ ഇത്ര ഇഷ്ടമെന്ന് ചോദിച്ചാല്‍ പോലീസിന് നിരത്താന്‍ കാരണങ്ങള്‍ ഏറെ

കൈയ്യില്‍ ഒരു പിച്ചാത്തിയുമായി ആണ് രാത്രി ഓപ്പറേഷന്‍. പക്ഷെ ആളുകളഎ ആരെയും ഇതുവരെ ഉപദ്രവിച്ചിട്ടില്ല. മതിലിലൂടെ ഓടാന്‍ അതി വിദഗ്ധനാണ് കള്ളനെന്ന് ഓടിത്തളര്‍ന്ന് പോലീസ് പറയുന്നു. മോഷണം നടത്താനുള്ള വീട് പകല്‍ സമയം സ്കെച്ചിടും. അന്ന് രാത്രി പരിസരത്ത് ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്ത് ഉറങ്ങും. പുലര്‍ച്ചെ ഓപ്പറേഷന്‍ നടത്തി മടങ്ങും. എതായാലും കള്ളന്‍പൂതം കൊടുത്ത ചാലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് നോര്‍ത്ത് പോലീസ്. ഇതിനായി നാട്ടുകാരുടെ സേനയുമുണ്ടാക്കി

2018ല്‍ കള്ളന്‍ പൂതത്തെ വലയിലാക്കിയത് കലൂരുകാരാണ്. മതിലിലൂടെ ഓടി രക്ഷപ്പെടുന്നതിനിടെ കാല്‍തെന്ന് വീണപ്പോള്‍ പിടികൂടുകയായിരുന്നു. ഇത്തവണ പോലീസും നാട്ടുകാരും ഏറ്റെടുത്ത ചാലഞ്ചില്‍ കള്ളന്‍പൂതം വീഴുമോ എന്ന് കാത്തിരുന്ന് കാണാം.