ഐഎസ്ആര്‍ഒ ചാരക്കേസിലെ കുറ്റവിമുക്ത ഫൗസിയ ഹസന്‍ അന്തരിച്ചു
ശ്രീലങ്ക : ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തയായ മാലദ്വീപ് സ്വദേശിനി ഫൗസിയ ഹസന്‍ അന്തരിച്ചു. ഏറെക്കാലമായി ശ്രീലങ്കയിലായിരുന്ന ഫൗസിയ ഹസന്‍ ശ്രീലങ്കയില്‍വെച്ച് തന്നെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. 35 വര്‍ഷത്തിലേറെയായി മാലദ്വീപ് ചലച്ചിത്ര മേഖലയില്‍ സജീവമായിരുന്നു ഫൗസിയ ഹസന്‍. ഐഎസ്ആര്‍ഒയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന കേസില്‍ രണ്ടാം പ്രതിയായിരുന്നു ഫൗസിയ ഹസന്‍. 1994 നവംബര്‍ മുതല്‍ 1997 ഡിസംബര്‍ വരെ കേരളത്തില്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട് ഇവര്‍. പിന്നീട് നടന്ന സിബിഐ അന്വേഷണത്തിലാണ് കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയത്. 1957ല്‍ മാലദ്വിപ് വിദേശകാര്യ മന്ത്രാലയത്തില്‍ ക്ലര്‍ക്കായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച ഫൗസിയ നൂറോളം സിനിമകളിലും അഭിനയിച്ചു. നാഷണല്‍ ഫിലിം സെന്‍സര്‍ ബോര്‍ഡിന്റെ സെന്‍സറിംഗ് ഓഫീസറായിരുന്നു ഫൗസിയ ഹസന്‍.
Comments (0)