നമ്മുടെ വിദ്യാലയങ്ങൾക്കും അധ്യാപകർക്കും എന്തുപറ്റി?
കഴിഞ്ഞ ദിവസം ഷഹ്ല എന്ന കൊച്ചു പെണ്കുട്ടിയോട് അധ്യാപകർ കാണിച്ചതെന്താണ്? സമൂഹത്തിൽ അദ്ധ്യാപനം ഒരു തൊഴിൽ മാത്രമാണോ? നിത്യചൈതന്യയതി പറഞ്ഞത് “തന്റെ മുൻപിൽ ഇരിക്കുന്ന കുട്ടി തന്റേതല്ലെന്ന് തോന്നുന്നത് എപ്പോഴാണോ അപ്പോൾ അധ്യാപകൻ വിദ്യാലയത്തിന്റെ പടിയിറങ്ങണമെന്നാണ്”. ഇത് ഓരോ അധ്യാപകനും അധ്യാപികയും എന്നും സ്മരിക്കേണ്ടതാണ്. സമീപകാലത്ത് ഒരു പ്രധാന അധ്യാപകൻ ഒരു അധ്യാപികയോട് സംസാരിച്ച ഭാഷ നാം കേട്ടതാണ്. ഇതാണോ നമ്മുടെ വിദ്യാഭ്യാസം വിഭാവന ചെയ്യുന്നത്? നമ്മുടെ ക്ലാസ് മുറിയിൽ നിന്നാണ് സമൂഹം പുനർജനിക്കുന്നത്, എന്നാൽ കേരളത്തിൽ മിക്ക വിദ്യാലയങ്ങളിലും എൽപി , ഹൈസ്കൂൾ, ഹയർ സെക്കണ്ടറി കെട്ടിടങ്ങൾ ഹൈടെക്ക് ആവുകയും അവിടെ പഠിപ്പിക്കുന്ന അധ്യാപകരുടെ മനസ്സ് ഇടുങ്ങിയതാവുകയും ചെയ്യുന്നു. സ്വാർത്ഥതയും പരസ്പരം അസൂയയും കൊടികുത്തി വാസ്‌ഹുന്നു. മറ്റു പല സ്ഥാപനങ്ങളെയും അപേക്ഷിച്ച് പ്രശ്നങ്ങൾ ഉണ്ടാവുകയും അത് വളരെ പെട്ടെന്ന് പറഞ്ഞു തീർന്നു പഴയ അവസ്ഥയിൽ ആവുകയും ചെയ്യുന്നത് സ്വാഭാവികമാണ്. എന്നാൽ വർഷങ്ങളോളം പരസ്പരം സംസാരിക്കാത്ത കണ്ടാൽ മുഖം തിരിച്ചു നടന്നുപോകുന്ന പരസ്പരം പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്ന അധ്യാപകരുള്ള വിദ്യാലയങ്ങൾ നിരവധിയാണ്. കഴിഞ്ഞ ദിവസം വയനാട് ബത്തേരിയിൽ സംഭവിച്ചത് കേരളത്തിനും അധ്യാപക സമൂഹത്തിനും തീരാകളങ്കമാണ്. അധ്യാപകർക്കും വിദ്യാർഥികൾക്കും പ്രാഥമിക ജീവൻ രക്ഷാ പരിശീലനം നൽകേണ്ടത് അത്യാവശ്യമാണെന്ന് കാണിച്ചുകൊണ്ട് ഡോ. കെ.പി. ഗിരീഷ്കുമാർ വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. 2018 ജൂലായ് ലക്കം കവർസ്റ്റോറിയിൽ റസിഡന്റ് എഡിറ്റർ ശശി കളരിയേൽ ഡോ. കെ.പി.ഗിരീഷ്കുമാറുമായി നടത്തിയ അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. ഇത്തരം ഒരു ദുരന്തം ഉണ്ടായ സാഹചര്യത്തിൽ പ്രാഥമിക ജീവൻ രക്ഷാ പരിശീലനം അനിവാര്യമാണെന്ന് ഞങ്ങൾ വീണ്ടും ഓർമിപ്പിക്കുന്നു
Comments (0)