പത്ത് മാസങ്ങള്‍ക്ക് ശേഷം അംഗനവാടികള്‍ ഇന്ന് തുറക്കും; കുട്ടികള്‍ക്ക് പ്രവേശനമില്ല
കൊവിഡിനെ തുടര്‍ന്ന് പത്ത് മാസമായി അടച്ചിട്ട സംസ്ഥാനത്തെ അംഗനവാടികള്‍ ഇന്ന് മുതല്‍ തുറന്ന് തുടങ്ങും ആയമാരും ടീച്ചര്‍മാരും എത്തുമെങ്കിലും കൊവിഡിന് ശമനമോ നിയന്ത്രണങ്ങളില്‍ പൂര്‍ണ ഇളവോ വന്നിട്ടില്ലാത്തതിനാല്‍ കുട്ടികള്‍ക്ക് തത്കാലം പ്രവേശനമില്ല. നിയന്ത്രണങ്ങളുടെ ഭാഗമായി അങ്കണവാടികള്‍ അടച്ചതോടെ വിവിധ സേവനങ്ങള്‍ ഫോണ്‍ മാര്‍ഗമാക്കി പരിഷ്കരിച്ചിരുന്നു.
ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമുള്ള ക്ലാസുകള്‍ ഫോണ്‍ വഴിയാണ് ഇതുവരെ നല്‍കിയിരുന്നത്. ഇവ ഇനി പഴയത് പോലെ ഫീല്‍ഡ് തലത്തില്‍ പുനരാരംഭിക്കും. ഗര്‍ഭിണികളെയടക്കം നേരിട്ട് കണ്ട് വിവരങ്ങള്‍ പങ്കുവയ്ക്കും. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള പോഷകാഹാരങ്ങള്‍ മാസത്തിലൊരിക്കല്‍ വിതരണം ചെയ്യുന്ന നിലയിലേക്ക് കൊവിഡ് കാലത്തെ പ്രവര്‍ത്തനം മാറ്റിയിരുന്നു.
ഇവയും പതിനഞ്ച് ദിവസം കൂടുമ്ബോള്‍ വിതരണം ചെയ്യുന്ന പഴയ രീതിയിലേക്ക് മാറാന്‍ സാദ്ധ്യതയുണ്ട്. ഓരോ അങ്കണവാടിയിലും ന്യൂട്രീഷ്യന്‍ ഗാര്‍ഡന്‍ തയ്യാറാക്കുന്നതടക്കം നൂതനമായ പല ആശയങ്ങളും ഉയര്‍ന്നു വരുന്നുണ്ട്.
സ്ഥലസൗകര്യമുള്ള കെട്ടിടങ്ങളോടു ചേര്‍ന്ന് പച്ചക്കറി തോട്ടങ്ങള്‍ ആരംഭിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്കാവും ഇനിയുള്ള ദിവസങ്ങള്‍ വിനിയോഗിക്കുക.
കൊവിഡ് കാലത്തെ അംഗനവാടികളുടെ പ്രവര്‍ത്തനങ്ങള്‍
# മാസാമാസം സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടുകള്‍ ഫീല്‍ഡില്‍ ഇറങ്ങാതെ വിവരശേഖരണം നടത്തിയാണ് വര്‍ക്കര്‍മാര്‍ സമര്‍പ്പിച്ചിരുന്നത്
# അതത് അങ്കണവാടി പരിധിയില്‍ വരുന്ന ജനന, മരണങ്ങളടക്കമുള്ള റിപ്പോര്‍ട്ടുകളാണ് തടസം കൂടാതെ സമര്‍പ്പിക്കുന്നത്
# വയോജനങ്ങളുടെ ക്ഷേമവിവരാന്വേഷണം, അമ്മമാര്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള സംശയ ദൂരീകരണം എന്നിവ ഫോണ്‍ വഴി നടത്തി
# ഗര്‍ഭിണികളുടെ വിവരങ്ങള്‍ വീഡിയോ കോള്‍ വഴിയാണ് വര്‍ക്കര്‍മാര്‍ ചോദിച്ചറിഞ്ഞിരുന്നത്
# കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ഫീല്‍ഡ് പ്രവര്‍ത്തനമാകും ഇനി നടത്തുക
കിളിക്കൊഞ്ചല്‍
മൂന്നു മുതല്‍ ആറ് വയസ് വരെയുള്ള കുട്ടികള്‍ക്ക് വേണ്ടി സി ഡിറ്റിന്റെ സഹായത്തോടെ സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് തയ്യാറാക്കിയ വീഡിയോകളാണ് കിളിക്കൊഞ്ചല്‍ എന്ന പേരില്‍ പുറത്തിറക്കിയത്. ജൂലായ് മുതല്‍ രാവിലെ 8- 8.30 വരെയായിരുന്നു സംപ്രേഷണം. വീഡിയോകള്‍ യൂ ടൂബിലും ലഭ്യമായിരുന്നു. ആദ്യ ഘട്ടമെന്ന നിലയില്‍ തയ്യാറാക്കിയ വീഡിയോകള്‍ എല്ലാം പുറത്തിറങ്ങി. അടുത്ത ഘട്ടത്തിലേക്കുള്ള വീഡിയോകള്‍ ഉടന്‍ പുറത്തിറങ്ങുമെന്നാണ് അധികൃതര്‍ പറയുന്നത്.
കൊവിഡ് കാലത്ത് ഫോണ്‍ വഴി നടത്തിയിരുന്ന വിവര ശേഖരണം ഇനി മുതല്‍ ഉച്ച കഴിഞ്ഞ് ഫീല്‍ഡ് വര്‍ക്കിലൂടെയാകും നടത്തുക. കുട്ടികളെ നേരിട്ട് കാണുന്നില്ലെങ്കിലും വീഡിയോ കോളുകള്‍ വഴി അവരുടെ വിശേഷങ്ങളും അവതരണങ്ങളും കാണുന്നുണ്ടായിരുന്നു. കുട്ടികളുടെ ഭാഷാ വികാസത്തിനുള്ള സഹായങ്ങള്‍ ഫോണ്‍ വഴി നല്‍കുന്നുണ്ട്.
Comments (0)