വൈറസിന്റെ ജനിതകമാറ്റത്തില്‍ ആശങ്കവേണ്ട, ജാഗ്രതയുണ്ട്: കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: ബ്രിട്ടണില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ റിപ്പോര്‍ട്ടില്‍ ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ധന്. സര്‍ക്കാര്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എല്ലാ അവശ്യ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.കെയില്‍ അതിവേഗം പടരുന്ന പുതിയ തരം കൊറോണ വൈറസ് കണ്ടെത്തിയ സാഹചര്യത്തില്‍ ബ്രിട്ടനില്‍ നിന്നുള്ള എല്ലാ വിമാനസര്‍വീസുകളും റദ്ദാക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച പുതിയ സ്ട്രെയ്ന്‍ അതിവേഗത്തില്‍ പടരുന്നതാണെന്നും അദ്ദേഹം ട്വീറ്റില്‍ ചൂണ്ടിക്കാട്ടി.
യുകെയില്‍ പുതിയ തരം കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അയര്‍ലന്‍ഡ്, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലന്‍ഡ്സ്, ബെല്‍ജിയം എന്നീ രാജ്യങ്ങളെല്ലാം യുകെയില്‍നിന്നുള്ള വിമാന സര്‍വീസ് നിര്‍ത്തിവച്ചു. കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ തിങ്കളാഴ്ച രാവിലെ യൂറോപ്യന്‍ യൂണിയന് യോഗം ചേരുന്നുണ്ട്. യുകെയിലെ സാഹചര്യം നിരീക്ഷിച്ചു വരുകയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
ജനുവരി ഒന്നുവരെ യുകെയില്‍ നിന്നുള്ള എല്ലാ യാത്രാ വിമാനങ്ങളും നിരോധിച്ചതായി നെതര്‍ലന്‍ഡ്സ് അറിയിച്ചു. ചരക്കു ലോറികള്‍ ഉള്‍പ്പെടെ യുകെയിലേക്കുള്ള എല്ലാ സര്‍വീസുകളും ഞായറാഴ്ച അര്‍ധരാത്രി മുതല്‍ 48 മണിക്കൂര്‍ നേരത്തേക്ക് ഫ്രാന്‍സ് നിര്‍ത്തിവച്ചു. ഇരുരാജ്യങ്ങള്‍ക്കിടയില്‍ ആയിരക്കണക്കിന് ചരക്കുലോറികളാണ് ദിവസവും കടന്നുപോകുന്നത്.
യു.കെയില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച ഈ വൈറസ് അതിവേഗം മനുഷ്യരില്‍ പടരുമെങ്കിലും എത്രത്തോളം അപകടകാരിയാണെന്ന് വ്യക്തമല്ല. ഇതേ വൈറസ് നെതര്‍ലന്‍ഡ്സ്, ഡെന്മാര്ക്ക്, ഓസ്ട്രേലിയ രാജ്യങ്ങളിലെ കോവിഡ്19 രോഗികളില്‍ കണ്ടെത്തിയിട്ടുണ്ട്. ലണ്ടന്‍ ഉള്‍പ്പെടുന്ന തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലാണ് പുതിയ കൊറോണ വൈറസ് കൂടുതലായി കാണപ്പെടുന്നത്.
Comments (0)