പിടി വിടാതെ ഇഡി ; കിഫ്ബി വിഷയത്തില്‍ തോമസ് ഐസക്കിനോട് 11-ാം തിയതി ഹാജരാകാന്‍ നോട്ടീസ്
കൊച്ചി : മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടിസ്. കിഫ്ബി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനാണ് തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടിസ് അയച്ചത്. ഓഗസ്റ്റ് 11ന് ഇഡിയുടെ കൊച്ചി ഓഫിസില്‍ ഹാജരാകണമെന്നാണ് ആവശ്യം. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്, കിഫ്ബിയുടെ വൈസ് ചെയര്‍മാന്‍ എന്ന നിലയിലാണ് ചോദ്യം ചെയ്യലിനായി ഇഡി നോട്ടിസ് നല്‍കിയത്. ഇത് രണ്ടാം തവണയാണ് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി തോമസ് ഐസക്കിന് നോട്ടിസ് അയയ്ക്കുന്നത്. ഇതിനു മുന്‍പ് ജൂലൈ 19ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടിസ് അയച്ചിരുന്നെങ്കിലും ഇഎംഎസ് പഠനകേന്ദ്രത്തില്‍ ക്ലാസെടുക്കാനുണ്ടെന്നു ചൂണ്ടിക്കാട്ടി അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകള്‍ നിയമവിരുദ്ധമാണെന്ന് ആരോപിച്ചിരുന്നു.അതേസമയം,തന്നെ അപമാനിക്കുകയാണ് ലക്ഷ്യം എന്നും എന്ന് ഹാജരാകണമെന്ന് അഭിഭാഷകരോട് ചോദിച്ച് തീരുമാനിക്കുമെന്നും, ഇതിനെ കോടതിയില്‍ ചോദ്യം ചെയ്യും, ഇങ്ങനൊക്കെ ചെയ്താല്‍ പേടിക്കും എന്നതാണ് ധാരണ, അതൊന്നും നടപ്പാകില്ല, ഇഡി ആവശ്യപ്പെടുന്ന കണക്കുകള്‍ നോക്കാന്‍ സമയമെടുക്കും, മറുപടി നല്‍കും എന്നും തോമസ് ഐസക് പറഞ്ഞു. ഉപദ്രവിക്കുക മാത്രമാണ് ഇഡിയുടെ ലക്ഷ്യമെന്നും അതാണ് 10 വര്‍ഷത്തെ കണക്കുകള്‍ ഇപ്പോള്‍ പറയുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)