മരിയാര്‍ ഭൂതപ്പേടിയില്‍ എറണാകുളം; പിടികൂടാന്‍ നാട്ടുകാരുടെ ആലോചനായോഗം

മരിയാര്‍ ഭൂതപ്പേടിയില്‍ എറണാകുളം; പിടികൂടാന്‍ നാട്ടുകാരുടെ ആലോചനായോഗം

കൊച്ചി: മരിയാര്‍ പൂതത്തിന് ഏറ്റവും പ്രിയപ്പെട്ട സ്ഥലം എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയാണ്. നേരത്തെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോഷണം നടത്തിയിട്ടുണ്ടെങ്കിലും വര്‍ഷങ്ങളായി ഇവിടെ മാത്രമാണ് മോഷണം നടത്തുന്നത്. മതില്‍ ചാടിയും മതിലിലൂടെ അതിവേഗം ഓടിയും മോഷണം നടത്തുന്ന മരിയാര്‍ ഭൂതത്തിന് ചെറിയ ചെറിയ മോഷണങ്ങളിലാണ് താത്പര്യം. പിടിച്ചാലുടന്‍ കുറ്റസമ്മതം നടത്തും. ശിക്ഷ കഴിഞ്ഞ് ഇറങ്ങിയാല്‍ പഴയ ജോലി തന്നെ.

കഴിഞ്ഞ മെയില്‍ പിടികൂടി ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കി ഇറങ്ങിയതോടെ വീണ്ടും ഭൂതം പണിതുടങ്ങി. പല സ്ഥലത്തു വച്ചും നാട്ടുകാര്‍ ഇയാളെ കണ്ടിട്ടുണ്ട്. പക്ഷേ നിമിഷങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകും.

കഴിഞ്ഞയാഴ്ച പോലീസിന് മുഖാമുഖം എത്തിയതാണ്. പെട്ടെന്ന് മതില്‍ ചാടി അതിവേഗം കടന്നു കളഞ്ഞു.
നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സ്ഥലങ്ങള്‍ കാണാപ്പാഠമാണ് ഇയാള്‍ക്ക്. അതുകൊണ്ട് അതിവേഗം മറ്റുള്ളവരുടെ കണ്ണുവെട്ടിച്ച്‌ രക്ഷപെടാന്‍ കഴിയും. പണ്ട് ഒരിക്കല്‍ പിടികൂടിയപ്പോള്‍ നോര്‍ത്ത് സ്റ്റേഷനിലെ എസ്.ഐ. മര്‍ദ്ദിച്ചുവത്രേ. ' തല്ലിയാല്‍ സാറിന് പണിയാകും' എന്ന മുന്നറിയിപ്പ് പരിഗണിക്കാതെയായിരുന്നു മര്‍ദ്ദനം. അതിന് ശേഷം നോര്‍ത്ത് സ്റ്റേഷനിലെ പോലീസിന് വിശ്രമം കിട്ടിയിട്ടില്ലെന്നും കഥയുണ്ട്.

ആരാണ് മരിയാര്‍ ഭൂതം?

കേരളത്തിലും തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലും വീടുകളും കടകളും കുത്തിത്തുറന്ന് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍ ഭൂതം നാട്ടുകാരുടെ ഉറക്കം കെടുത്തിയിട്ട് മാസങ്ങളായി. തമിഴ്‌നാട്ടില്‍ മരിയാര്‍ ഭൂതം എന്നറിയപ്പെടുന്ന ചെന്നൈ വെപ്പേരി പുരൈസവാക്കം സ്വദേശി ഗോപി എന്ന ലോറന്‍സ് ഡേവിഡ് (72) ആണ് പോലീസിനെയും നാട്ടുകാരെയും വട്ടംചുറ്റുന്നത്.

40 വര്‍ഷത്തിലേറെയായി മോഷണം നടത്തിവന്ന കൊടുംകുറ്റവാളിയാണ് ഇയാള്‍. തമിഴ്‌നാട്ടില്‍ അഞ്ച് വട്ടം ഗുണ്ടാ ആക്‌ട് പ്രകാരം തടവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ വിവിധ കേസുകളില്‍ 20 വര്‍ഷത്തിലേറെ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2018 നവംബറില്‍ തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം ഇയാള്‍ കേരളത്തിലേക്ക് എത്തി. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍ എന്നിവിടങ്ങളിലായി മോഷണം നടത്തിവരികയായിരുന്നു.

എറണാകുളത്ത് നോര്‍ത്ത്, സൗത്ത്, സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനുകളിലും തിരുവനന്തപുരം വഞ്ചിയൂര്‍, മ്യൂസിയം പൊലീസ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. ഇയാളെ പിടികൂടാന്‍ പല തവണ പല ശ്രമങ്ങളും പൊലീസ് നടത്തിയിരുന്നു. ഫെയ്സ്ബുക്കില്‍ പരസ്യം നല്‍കിയും മറ്റും പ്രതിയെ പിടികൂടാന്‍ ശ്രമിച്ചിട്ടും പരാജയപ്പെട്ടു. 2019 മെയില്‍ പട്രോളിങിനിടെ പൊലീസിനെ വെട്ടിച്ച്‌ കടന്നുകളയാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്ന് അതിസാഹസികമായാണ് പോലീസ് പിടികൂടിയത്.

തിങ്കളാഴ്ച്ച വൈകിട്ട് 6ന് തൃക്കണാവട്ടം നായര്‍ സമാജം ഹാളിലാണ് യോഗം ചേരുന്നത്. മരിയാര്‍ പൂതത്തെ പിടിക്കാനുള്ള ശ്രമങ്ങളുടെ ഏകോപനമാണ് ലക്ഷ്യം.