തീവ്രവാദ ബന്ധമുണ്ടോ എന്ന അന്വേഷണത്തിന്റെ ഭാഗമായി ബീഹാറിലെ 30 സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ്
ബീഹാര്‍ : പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് തീവ്രവാദ ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായി ദേശീയ അന്വേഷണ ഏജന്‍സി (National Investigation Agency) ബീഹാറിലെ 30 സ്ഥലങ്ങളില്‍ തിരച്ചില്‍ ആരംഭിച്ചു. ആയോധനകല പരിശീലനത്തിന്റെ മറവില്‍ ആയുധ പരിശീലന ക്യാമ്പുകള്‍ നടത്തുന്നതായി എന്‍ഐഎയിലെ ചില ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംസ്ഥാനത്തെ ഛപ്ര, അരാരിയ, ഔറംഗബാദ്, കിഷന്‍ഗഞ്ച്, നളന്ദ, ജെഹാനാബാദ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഈ വര്‍ഷം ജൂലൈയിലാണ് കേസ് എന്‍ഐഎയ്ക്ക് കൈമാറിയിയത്. വിരമിച്ച ജാര്‍ഖണ്ഡ് പോലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് ജലാലുദ്ദീനെയും അതര്‍ പര്‍വേസ് എന്നയാളെയും ഇക്കഴിഞ്ഞ ജൂലൈയില്‍ പട്നയിലെ ഫുല്‍വാരി ഷെരീഫ് ഏരിയയില്‍ നിന്നും ഉത്തര്‍പ്രദേശ് എടിഎസ് അറസ്റ്റ് ചെയ്തിരുന്നു. ''മുഹമ്മദ് ജലാലുദ്ദീനും അതര്‍ പര്‍വേസിനും പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ജല്ലാവുദ്ദീന് നേരത്തെ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുമായി (സിമി) ബന്ധമുണ്ടായിരുന്നു. ഇവര്‍ വാളുകളും കത്തികളുമൊക്കെ എങ്ങനെ ഉപയോഗിക്കണമെന്ന് നാട്ടുകാരെ പഠിപ്പിക്കുകയും വര്‍ഗീയ കലാപത്തിന് അവരെ പ്രേരിപ്പിക്കുകയും ചെയ്‌തെന്ന് കണ്ടെത്തിയിട്ടുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പട്നയില്‍ ഇവരെ കാണാനെത്തിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ഐഡന്റിറ്റി മറച്ചാണ് ബീഹാറിലെ വിവിധ ഹോട്ടലുകളില്‍ താമസിച്ചിരുന്നത്'', എന്നാണ് ഫുല്‍വാരിയിലെ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് മനീഷ് കുമാര്‍ ഇവരെ അറസ്റ്റ് ചെയ്ത സമയത്ത് മാധ്യമങ്ങളോട് പറഞ്ഞത്. ഇംഗ്ലീഷില്‍ എഴുതിയ രണ്ട് ലഘുലേഖകള്‍ കണ്ടെടുത്തതായും ബീഹാര്‍ പോലീസ് പറഞ്ഞു- 'ഇന്ത്യ 2047: ടുവേര്‍ഡ് റൂള്‍ ഓഫ് ഇസ്ലാമിക് ഇന്ത്യ', 'പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, 20 ഫെബ്രുവരി, 2021' എന്നീ ലഘുലേഖകളാണ് പോലീസ് കണ്ടെത്തിയത്. 2015ല്‍ പിഎഫ്ഐ ദര്‍ഭംഗ ജില്ലാ പ്രസിഡന്റുമായി താന്‍ ബന്ധപ്പെട്ടിരുന്നുവെന്നും അന്നുമുതല്‍ സംഘടനയുമായി ബന്ധമുണ്ടെന്നും ജലാലുദ്ദീന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി യുപി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പറഞ്ഞിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ചും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജൂലൈയില്‍ അന്വേഷണം ആരംഭിച്ചിരുന്നു. രാജ്യത്ത് നടന്ന പൗരത്വ (ഭേദഗതി) നിയമ വിരുദ്ധ പ്രതിഷേധങ്ങള്‍, 2020 ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി കലാപം, ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ ദളിത് സ്ത്രീയുടെ കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ടുമൊക്കെ പോപ്പുലര്‍ ഫ്രണ്ടിന് ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിച്ചു വരികയാണ്. 2006-ല്‍ കേരളത്തില്‍ രൂപീകൃതമായ പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്ഥാനം ഡല്‍ഹിയാണ്. പിഎഫ്ഐക്കും അതിന്റെ ഭാരവാഹികള്‍ക്കുമെതിരെ ലഖ്നൗവിലെ പ്രത്യേക പിഎംഎല്‍എ കോടതിയില്‍ ഇഡി രണ്ട് കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
Comments (0)