കുമ്പഴയില്‍ ഭൂമാഫിയായുടെ അഴിഞ്ഞാട്ടം ; മന്ത്രി വീണാ ജോര്‍ജ്ജിന്റെയും സി.പി.എം ജില്ലാ സെക്രട്ടറിയുടെയും പേരുപറഞ്ഞ് പുറമ്പോക്ക് കയ്യേറ്റം ; റോഡ് നിര്‍മ്മാണം തടസ്സപ്പെടുത്തി
പത്തനംതിട്ട : പുനലൂര്‍ - മൂവാറ്റുപുഴ പാതയുടെ കുമ്പഴയിലെ നിര്‍മ്മാണപ്രവര്‍ത്തനം കെട്ടിട ഉടമകള്‍ തടസ്സപ്പെടുത്തി. പത്തനംതിട്ട നഗരത്തിലൂടെ പാത കടന്നുപോകുന്ന ഏക സ്ഥലം കുമ്പഴയാണ്. ഇവിടെ പാത നിര്‍മ്മാണം ആരംഭിച്ചിട്ട് മാസങ്ങള്‍ ആയെങ്കിലും തര്‍ക്കവും വിഷയങ്ങളും കാരണം പണി പലപ്പോഴും മുടങ്ങി. സി.പി.എം ജില്ലാ സെക്രട്ടറി ഉദയഭാനുവിന്റെയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിന്റെയും പേരുപറഞ്ഞാണ് ഹൈവേ നിര്‍മ്മാണം തടസ്സപ്പെടുത്തിയത്.
തര്‍ക്കം ചിത്രീകരിച്ച മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുവാനും ശ്രമമുണ്ടായി. സംഭവത്തില്‍ ഓണ്‍ ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ശക്തമായി പ്രതിഷേധിച്ചു. ചെറിയ കച്ചവടക്കാരായി വന്ന പലരും ഇന്ന് കോടികളുടെ സ്വത്തുക്കള്‍ക്ക് ഉടമകളാണ്. ഇവരുടെ സാമ്പത്തിക സ്രോതസ് അന്വേഷണ വിധേയമാക്കണം. ഭീഷണിക്ക് മുമ്പില്‍ ഓണ്‍ ലൈന്‍ മാധ്യമങ്ങളുടെ മുട്ടിടിക്കില്ലെന്നും കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒറ്റക്കെട്ടാണെന്നും ഓണ്‍ ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംസ്ഥാന ജനറല്‍ സെക്രട്ടറി രവീന്ദ്രന്‍ കവര്‍ സ്റ്റോറി പറഞ്ഞു. അനധികൃത പണമിടപാടുകള്‍ സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
തിരക്കേറിയ കുമ്പഴ ജംഗ്ഷനില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കെ ഇന്നലെ മൂന്നു കെട്ടിട ഉടമകള്‍ പണി തടസ്സപ്പെടുത്തുകയായിരുന്നു. ഇവരുടെ കെട്ടിടത്തിന്റെ മുന്‍വശത്തുള്ള വരാന്ത നഷ്ടപ്പെടുമെന്ന് പറഞ്ഞായിരുന്നു തടസ്സവാദം. തര്‍ക്കം രൂക്ഷമായതോടെ പണി നിര്‍ത്തി വെച്ചു. തുടര്‍ന്ന് കെ.എസ്.ടി.പി അധികൃതര്‍ സ്ഥലത്തെത്തി. ഇവരോടും രൂക്ഷമായ ഭാഷയിലാണ് ഈ കെട്ടിട ഉടമകള്‍ സംസാരിച്ചത്. സി.പി.എം ജില്ലാ സെക്രട്ടറി എ.പി.ഉദയഭാനു പണി നിര്‍ത്തിവെപ്പിക്കുവാന്‍ പറഞ്ഞെന്നും എം.എല്‍.എ മാരുടെ മീറ്റിംഗ് അടുത്തദിവസം കൂടുമെന്നും അതില്‍ തീരുമാനം ആയിട്ട് പണിതാല്‍ മതിയെന്നും ഇതില്‍ ഒരു കെട്ടിട ഉടമ പറഞ്ഞു. കൂടാതെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ ഓഫീസില്‍ നിന്നും ഇടപെട്ടിട്ടുണ്ടെന്നും കെട്ടിടത്തിന്റെ വരാന്ത പൊളിക്കാന്‍ സമ്മതിക്കില്ലെന്നും ഇവര്‍ പലരോടും പറഞ്ഞു.
കുമ്പഴ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന മാതാ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ ജയിംസ്, ശങ്കരത്തില്‍ ബില്‍ഡിംഗ് ഉടമക്കുവേണ്ടി ബാബു ശങ്കരത്തില്‍, ബാബു കോഫീ വര്‍ക്സ് ഉടമ ബാബു എന്നിവരാണ് തര്‍ക്കവുമായി നിന്നത്. ജംഗ്ഷനിലെ മലയാലപ്പുഴ ദേവീ ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചിയും പൊളിച്ചു മാറ്റുന്ന ഭാഗത്താണ്. വിശ്വാസികളും ദേവസ്വം ബോര്‍ഡും വഞ്ചി പൊളിച്ചു മാറ്റുന്നതിന് അനുകൂലമായ നിലപാടിലാണ്. വഞ്ചിയുടെ മുമ്പില്‍ ഉണ്ടായിരുന്ന ഷെഡ് കഴിഞ്ഞ ദിവസംതന്നെ വിശ്വാസികള്‍ പൊളിച്ചു മാറ്റിയിരുന്നു.
ഇവിടെയുള്ള ഒരു കെട്ടിടത്തിനും കേടുപാടുകളോ നാശനഷ്ടങ്ങളോ ഉണ്ടാകുന്നില്ല. കെട്ടിടത്തിന്റെ വരാന്ത മാത്രമാണ് പോകുന്നത്. മാതാ സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങിയിട്ട് ഒരു വര്‍ഷം മാത്രമേ ആയിട്ടുള്ളൂ. കെട്ടിട ഉടമ ജെയിംസും കുടുംബവും ആണ് ഈ സ്ഥാപനത്തിന്റെയും ഉടമകള്‍. ഇവര്‍ ഈ കെട്ടിടം ആറു വര്‍ഷം മുമ്പ് പര്‍ത്തലപ്പാടിയില്‍ കുഞ്ഞുമോന്‍ എന്നയാളോട് വാങ്ങിയതാണ്. കുമ്പഴയിലെ വസ്തു കച്ചവടക്കാരായ ഒരു ഗ്രൂപ്പ് ആണ് ഈ കെട്ടിടം വാങ്ങിയത്. മറിച്ചു വിറ്റ് ലാഭമെടുക്കാന്‍ ആയിരുന്നു പദ്ധതി. എന്നാല്‍ ഉദ്ദേശിച്ച രീതിയില്‍ കാര്യങ്ങള്‍ നടന്നില്ല. തുടര്‍ന്ന് ഇതിലെ മുഖ്യ പങ്കുകാരനായ പത്തനംതിട്ട ജയിംസ് കോഫീ വര്‍ക്സ് ഉടമയും കുമ്പഴ സ്വദേശിയുമായ ജയിംസ് മറ്റുള്ളവരുടെ വിഹിതം നല്‍കി ഈ കെട്ടിടം പൂര്‍ണ്ണമായി സ്വന്തമാക്കുകയായിരുന്നു. പിന്നീടാണ് സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങിയത്. സൂപ്പര്‍ മാര്‍ക്കറ്റ് മൊത്തത്തില്‍ വില്‍ക്കുവാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
റോഡിന്റെ ഇരുഭാഗത്തും അതിരുകള്‍ രേഖപ്പെടുത്തി കെ.എസ്.ടി.പി കല്ലുകള്‍ സ്ഥാപിച്ചിട്ട് രണ്ടു പതിറ്റാണ്ടായി. അന്നൊന്നും ആരും തര്‍ക്കം പറഞ്ഞിരുന്നില്ല. നഷ്ട പരിഹാരം നല്‍കേണ്ടവര്‍ക്കെല്ലാം നല്‍കി. ചിലത് കോടതി കേസുകളില്‍ കുരുങ്ങി കിടക്കുകയാണ്. സ്ഥലം ഏറ്റെടുത്തപ്പോള്‍ സ്വന്തം പേരില്‍ വസ്തു ഉണ്ടായിരുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കി. എന്നാല്‍ കയ്യേറ്റഭൂമിക്ക് നഷ്ടപരിഹാരം ഉണ്ടായിരുന്നില്ല. കുമ്പഴയില്‍ പുതിയ പാലം നിര്‍മ്മിച്ചപ്പോഴാണ് ഇപ്പോഴുള്ള പാതയും ജംഗ്ഷനും ഉണ്ടായത്. അന്ന് ഈ പാതയുടെ ഭാഗമായിരുന്ന പുറമ്പോക്ക് സ്ഥലം പലരും കയ്യേറി തങ്ങളുടെ കെട്ടിടത്തിന്റെ ഭാഗമാക്കി. കെട്ടിടം നിര്‍മ്മിച്ചത് സ്വന്തം പട്ടയ ഭൂമിയില്‍ ആണെങ്കിലും ഇത്രയുംകാലം പാര്‍ക്കിങ്ങിനും മറ്റ് ആവശ്യങ്ങള്‍ക്കും ഈ പുറമ്പോക്ക് ഭൂമി കൈവശപ്പെടുത്തി ഉപയോഗിച്ചു വരികയായിരുന്നു. ഈ ഭൂമി പാതക്കുവേണ്ടി അളന്നു തിരിച്ച് കെ.എസ്.ടി.പി കല്ലുകള്‍ സ്ഥാപിച്ചപ്പോള്‍ ആരും പരാതി പറയാതിരുന്നതും കോടതിയില്‍ പോകാതിരുന്നതും ഈ ഭൂമിയില്‍ അവകാശം സ്ഥാപിക്കുവാന്‍ കഴിയാതിരുന്നതിനാലാണ്.
റോഡ് വികസനം വന്നാല്‍ കെട്ടിടം സംരക്ഷിക്കുന്നതിനുവേണ്ടിയായിരുന്നു ബാബു കോഫീ വര്‍ക്സ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുന്‍വശത്ത് മലയാലപ്പുഴ ദേവീക്ഷേത്രത്തിന്റെ വഞ്ചി സ്ഥാപിക്കുവാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ കൊടുത്തത്. എന്നാല്‍ അടുത്ത നാളില്‍ വന്ന ഹൈക്കോടതി ഉത്തരവിലൂടെ ഈ സംരക്ഷണം നഷ്ടമായി. റോഡ് നിര്‍മ്മാണത്തിന് തടസ്സമായി നില്‍ക്കുന്ന എന്തും നീക്കം ചെയ്യാമെന്നും മതപരമായ കെട്ടിടങ്ങള്‍ക്കും ഇത് ബാധകമാണ് എന്നുമായിരുന്നു ഉത്തരവ്. ഇതോടെ അമ്പലത്തിന്റെയും പള്ളിയുടെയും വഞ്ചികള്‍ നീക്കം ചെയ്യാമെന്നായി.
പത്തനംതിട്ട നഗരസഭയുടെ ഉടമസ്ഥതയിലുള്ള കുമ്പഴ ചന്തയും (ഇപ്പോള്‍ ഓപ്പണ്‍ സ്റ്റേജ്) വന്‍ തോതില്‍ കയ്യേറിയിട്ടുണ്ട്. റീ സര്‍വേ നടത്തി നഗരസഭയ്ക്ക് നഷ്ടപ്പെട്ട സ്ഥലം തിരികെ എടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. കോടികള്‍ വിലയുള്ള വസ്തുക്കളാണ് സ്വകാര്യ വ്യക്തികള്‍ കയ്യേറി സ്വന്തമാക്കിയിരിക്കുന്നത്. നിയമവിരുദ്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഇവിടെ നടത്തിയിട്ടുണ്ട്.
Comments (0)