പോളിങ്‌ ബൂത്തായിരുന്ന സ്‌കൂളില്‍ ഐസ്‌ക്രീം ബോളില്‍ ബോംബ്‌

പോളിങ്‌ ബൂത്തായിരുന്ന സ്‌കൂളില്‍ ഐസ്‌ക്രീം ബോളില്‍ ബോംബ്‌

കോഴഞ്ചേരി: ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ പോളിങ്‌ ബൂത്തായിരുന്ന സ്‌കൂളില്‍നിന്നു ബോംബ്‌ കണ്ടെത്തി. പുല്ലാട്‌ കുറവന്‍കുഴി കിഴക്കേപ്പുറം ഗവ.യു.പി. സ്‌കൂളിലാണ്‌ ഇന്നലെ ശുചീകരണത്തിനിടെ ഐസ്‌ക്രീം ബോളില്‍ ബോംബ്‌ കണ്ടെത്തിയത്‌.
പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നു പത്തനംതിട്ടയില്‍നിന്നെത്തിയ ബോംബ്‌ സ്‌ക്വാഡ്‌ പരിശോധനയ്‌ക്കുശേഷം ബോംബ്‌ നിര്‍വീര്യമാക്കി. നാടന്‍ ബോംബാണ്‌ ലഭിച്ചത്‌. ശുചീകരണത്തിനെത്തിയവര്‍ കെട്ടിടത്തിന്റെ മുകളിലെ ഓട്‌ പൊട്ടിയതു പരിശോധിക്കുന്നതിനിെടയാണ്‌ ഐസ്‌ക്രീം പാത്രം കണ്ടത്‌. ഇത്‌ എപ്പോഴാണ്‌ ഇവിടെ ഇട്ടതെന്നു വ്യക്‌തമല്ല. ഐസ്‌ക്രീം പാത്രം പശകൊണ്ട്‌ ഒട്ടിച്ച നിലയിലായിരുന്നു. ബോംബിന്റെ തിരി പുറത്തേക്കു നീണ്ടിരുന്നു. ഇതു കത്തിക്കാന്‍ ശ്രമിച്ചിരുന്നോയെന്നു കൂടുതല്‍ പരിശോധനയിലെ വ്യക്‌തമാകൂ. പോലീസ്‌ അനേ്വഷണം ആരംഭിച്ചിട്ടുണ്ട്‌. കോയിപ്രം പോലീസ്‌ സ്‌റ്റേഷനു വെളിയില്‍ സൂക്ഷിച്ചിരിക്കുന്ന ബോംബ്‌ ഇന്നു പാറമടയില്‍ കൊണ്ടുപോയി പൊട്ടിക്കും.