റാങ്ക് പട്ടികയില്‍ ഉള്ളവരെ പിഎസ്‌സി തഴയുന്നതായി പരാതി
താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ തിടുക്കം കാണിക്കുന്ന സര്‍ക്കാര്‍ പിഎസ്‌സി റാങ്ക് പട്ടികയിലുള്ളവരെ തഴയുന്നുവെന്ന് പരാതി. 2018ലെ പിഎസ്‌സി എല്‍ഡിവി ഡ്രൈവര്‍ റാങ്ക് പട്ടികയില്‍ നിയമനം നടന്നത് കേവലം പത്ത് ശതമാനം മാത്രമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. റാങ്ക് ലിസ്റ്റ് കാലാവധി അടുത്ത മാസം അഞ്ചിന് അവസാനിക്കാനിരിക്കെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല രാപ്പകല്‍ സമരത്തിലാണ്.
പിഎസ്‌സി പരീക്ഷയ്‌ക്കൊപ്പം റോഡ് ടെസ്റ്റും എച്ച് ടെസ്റ്റും നടത്തി അതില്‍ വിജയിച്ച 4712 പേരുടെ റാങ്ക് ലിസ്റ്റാണ് 2018 ഫെബ്രുവരി 6 ന് പിഎസ്‌സി പ്രസിദ്ധീകരിച്ചത്. സര്‍ക്കാര്‍, നിയമന ശുപാര്‍ശ നല്‍കിയത് 748 പേര്‍ക്ക്. പട്ടികയിലുള്‍പ്പെട്ട 3964 പേരുടെ ജോലിയെന്ന സ്വപ്നം ത്രിശങ്കുവില്‍. ഇതേ തസ്തികയില്‍ സംസ്ഥാനത്താക്കെ 5000 ത്തോളം പേര്‍ താത്കാലിക അടിസ്ഥനത്തില്‍ ജോലി ചെയ്യുന്നതായി ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. ഇതിനിടെ 51 താല്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം കോടതി സ്‌റ്റേ ചെയ്തു.
2011 - 15 റാങ്ക് ലിസ്റ്റില്‍ 95 ശതമാനം പേര്‍ക്കും നിയമന ശുപാര്‍ശ ലഭിച്ചിരുന്നു. കണ്ണൂര്‍ ജില്ലയില്‍ നിന്ന് മാത്രം 140 പേര്‍ക്ക് നിയമന ശുപാര്‍ശ ലഭിച്ചു. ആവശ്യമുന്നയിച്ച് സര്‍ക്കാര്‍ തലങ്ങളില്‍ കയറി ഇറങ്ങിയെങ്കിലും ഫലമുണ്ടായില്ല. മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നടക്കം എല്‍ എം വി തസ്തിക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ധനവകുപ്പിന് കത്ത് നല്‍കിയെങ്കിലും അതിനും നടപടി ഉണ്ടായില്ല. ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സെക്രട്ടറിയേറ്റ് നടയില്‍ അനിശ്ചിതകാല സമരം തുടരാനാണ് ഇവരുടെ തീരുമാനം.



Author Coverstory


Comments (0)