രണ്ട് മുന്‍ കേരള ഹൈക്കോടതി ജഡ്ജിമാര്‍ ബിജെപിയില്‍ ചേര്‍ന്നു; മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപിയിലെത്തിയെന്ന് റിപ്പോര്‍ട്ട്
കൊച്ചി: കേരള ഹൈക്കോടതി മുന്‍ ജഡ്ജിമാരായ പി എന്‍ രവീന്ദ്രനും വി ചിതംബരേഷും ബിജെപിയില്‍ ചേര്‍ന്നു. ഞായറാഴ്ച്ച ബിജെപിയുടെ വിജയ് യാത്രയുടെ ഭാഗമായി തൃപ്പൂണിത്തറയില്‍ വെച്ചു നടന്ന സമ്മേളനത്തിലാണ് ഇവര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പങ്കെടുത്ത വേദിയില്‍ വെച്ചായിരുന്നു ഔദ്യോഗിക പ്രഖ്യാപനം.
ഏകദേശം പതിനെട്ടോളം പേര്‍ ഇതേ ദിവസം ബിജെപിയില്‍ ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്. ബിജെപി അംഗത്വം സ്വീകരിച്ചവരുടെ പട്ടികയില്‍ ഷിജി റോയ് ഉള്‍പ്പെടെ 12 മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും പേരുകളുണ്ട്.
‘താന്‍ ഒരു ബിജെപി അനുകൂലിയാണ്. ഔദ്യോഗികമായി പാര്‍ട്ടിയില്‍ അംഗത്വമെടുത്തത് ഇപ്പോഴാണെന്ന് മാത്രം. ഞാന്‍ ഡല്‍ഹിലായിരുന്നു. അതുകൊണ്ടുതന്നെ ഞായറാഴ്ച്ച കൊച്ചിയില്‍ വെച്ചുനടന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല’ ചിതംബരേഷ് പറഞ്ഞു.
ലവ് ജിഹാദ് നിയമ നിര്‍മ്മാണത്തില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അനുകൂലിച്ച് കത്തെഴുതിയതിനെ തുടര്‍ന്ന് മുന്‍ ഹൈക്കോടതി ജഡ്ജിമാരായ പി എന്‍ രവീന്ദ്രനും വി ചിതംബരേഷും വാര്‍ത്തയില്‍ ഇടംപിടിച്ചിരുന്നു. മാത്രമല്ല, പാലക്കാട് വിക്ടോറിയ കോളേജില്‍ പഠിക്കുന്ന സമയത്ത് താന്‍ ഒരു എബിവിപി പ്രവര്‍ത്തകനായിരുന്നെന്നും ചിതംബരേഷ് നേരത്തെ പ്രതികരിച്ചിരുന്നു.
Comments (0)