രാഹുല്‍ ഗാന്ധി കരിപ്പൂരില്‍; നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

രാഹുല്‍ ഗാന്ധി കരിപ്പൂരില്‍; നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

കരിപ്പൂര്‍: രണ്ടു ദിവസത്തെ പരിപാടികള്‍ക്കായി നിലമ്ബൂര്‍ മണ്ഡലത്തിലെത്തിയ രാഹുല്‍ ഗാന്ധി എം.പിയുമായി കോണ്‍ഗ്രസ്​, മുസ്​ലിം ലീഗ്​ നേതാക്കള്‍ കൂടിക്കാഴ്​ച നടത്തി. കരിപ്പൂര്‍ വിമാനത്താവളത്തിനുള്ളില്‍ വെച്ച്‌ കോണ്‍ഗ്രസ്, യു.ഡി.എഫ് നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ നിയമസഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടന്നതായാണ് റിപ്പോര്‍ട്ട്.

രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. സീറ്റ് വിഭജനം ചര്‍ച്ചയായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍, എം.എം. ഹസന്‍, മുസ് ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍ വഹാബ് അടക്കമുള്ളവര്‍ രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചു.

വയനാട്​ പാര്‍ലമെന്‍റ്​ മണ്ഡലത്തിന്‍റെ ഭാഗമായ വണ്ടൂരിലും നിലമ്ബൂരിലുമുള്ള വിവിധ ഉദ്​ഘാടന പരിപാടികള്‍ക്ക്​ ശേഷം അദ്ദേഹം ഇന്നു തന്നെ കല്‍പറ്റയിലേക്ക്​ തിരിക്കും.

രാവിലെ പാണക്കാട്ടെത്തിയ ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയും ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട്​ ഹൈദരലി തങ്ങളുമായി കൂടിക്കാഴ്​ച നടത്തിയിരുന്നു. ഒരു മണിക്കൂറോളം പാണക്കാട്​ ചെലവഴിച്ച നേതാക്കള്‍ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. സൗഹൃദ സന്ദര്‍ശനത്തിന്‍റെ ഭാഗമായിരുന്നു വരവെന്നും മറ്റു ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും ഹൈദരലി​ തങ്ങള്‍ പറഞ്ഞു.

രാഷ്​ട്രീയ വിഷയങ്ങളും മറ്റും സംസാരിച്ചുവെന്നും സീറ്റു വിഭജനം പോലുള്ള വിഷയങ്ങളൊന്നും ചര്‍ച്ചയില്‍ വന്നിട്ടില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമ പ്രവര്‍ത്തക​രെ അറിയിച്ചു. തിരുവനന്തപുരത്ത്​ നടക്കുന്ന യോഗത്തിലാണ്​ ഇക്കാര്യം ചര്‍ച്ച ചെയ്യുക. കോണ്‍ഗ്രസ്​ നേതാക്കള​ുടെ യാത്രക്കിടെ അത്​ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.