മുഖ്യമന്ത്രിയെയും മൂന്ന് മന്ത്രിമാരെയും പ്രതിക്കൂട്ടിലാക്കി സ്വപ്‌നയുടെ മൊഴി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ മൂന്നു പേര്‍ക്കും ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന് സ്വര്‍ണക്കടത്തു കേസ് മുഖ്യപ്രതി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയതായി കസ്റ്റംസ്. ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നതിനായി കസ്റ്റംസ് തയാറാക്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. മുഖ്യമന്ത്രിക്ക് യുഎഇ കോണ്‍സല്‍ ജനറലുമായി ബന്ധമുണ്ടെന്നും ഇരുവര്‍ക്കും ഇടയില്‍ നേരിട്ട് സാമ്പത്തിക ഇടപാടുണ്ടെന്നും സ്വപ്ന മജിസ്‌ട്രേറ്റിനു നല്‍കിയ രഹസ്യമൊഴിയില്‍ പറഞ്ഞിട്ടുണ്ടെന്ന് കസ്റ്റംസ് ഇതില്‍ പറയുന്നു.
മുഖ്യമന്ത്രിക്കു പുറമേ നിയമസഭാ സ്പീക്കര്‍ക്കും മൂന്നു മന്ത്രിമാര്‍ക്കും കോണ്‍സല്‍ ജനറലുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തിന്റെ സഹായത്തോടെ നിയമവിരുദ്ധമായി ഇടപാടുകള്‍ നടത്തിയിട്ടുള്ളതായും സ്വപ്നയുടെ മൊഴിയിലുണ്ട്. ലൈഫ്മിഷന്‍ ഉള്‍പ്പടെയുള്ള ഇടപാടുകളില്‍ സംസ്ഥാനത്തെ പല പ്രമുഖര്‍ക്കും കമ്മിഷന്‍ ലഭിച്ചിട്ടുണ്ടെന്നും സ്വപ്ന രഹസ്യമൊഴിയില്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു.
ഡോളര്‍ കടത്തില്‍ സ്പീക്കര്‍ക്കു പങ്കുണ്ടെന്ന വിവരം നേരത്തെ പുറത്തു വരികയും അദ്ദേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്കും മൂന്നു മന്ത്രിമാര്‍ക്കും ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന മൊഴി നിര്‍ണായകമാണ്. കസ്റ്റംസ് നിയമം 108 സ്റ്റേറ്റ്‌മെന്റ് പ്രകാരം നല്‍കുന്ന മൊഴിയില്‍ തന്നെ കേസെടുക്കാം എന്നിരിക്കെ മജിസ്‌ട്രേറ്റിനു മുമ്പാകെ നേരിട്ട് ഹാജരായി നല്‍കിയ സെക്ഷന്‍ 164 പ്രകാരമുള്ള മൊഴിയിലാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെയുള്ള വിവരങ്ങള്‍. യുഎഇ കോണ്‍സല്‍ ജനറലിന്റെ നേതൃത്വത്തിലാണ് സ്വര്‍ണക്കടത്ത് നടന്നത് എന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘങ്ങള്‍ എത്തി നില്‍ക്കെ അദ്ദേഹത്തിന്റെ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരുമായുള്ള ബന്ധം പുറത്തു വരുന്നതും ഗൗരവമുള്ളതാണ്.
ഡോളര്‍ കടത്തു കേസില്‍ സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യ മൊഴി രേഖപ്പെടുത്തിയ ശേഷം കസ്റ്റംസ് അന്വേഷണം മുന്നോട്ടു പോകാത്ത സാഹചര്യമുണ്ടായിരുന്നു. കേസില്‍ ഉള്‍പ്പെട്ട ഉന്നതരെ സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര തലത്തില്‍ അറിയിച്ച ശേഷം തുടര്‍ നടപടിക്കു വേണ്ടി വൈകുകയായിരുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ലൈഫ് മിഷന്റെ കമ്മിഷനായി ലഭിച്ച 1.90 ഡോളര്‍ വിദേശത്തേക്ക് കടത്തി എന്നതാണ് കേസ്.
Comments (0)