ഇബ്രാഹിം കുഞ്ഞിനോട്‌ കോടതി 'മല്‍സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും തയാറാകണം'

ഇബ്രാഹിം കുഞ്ഞിനോട്‌ കോടതി 'മല്‍സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും തയാറാകണം'

കൊച്ചി: ആരോഗ്യപ്രശ്‌നങ്ങളുള്ള ആള്‍ക്ക്‌ സംഘടനാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും തയ്യാറാവണമെന്ന്‌ കോടതി. മുന്‍മന്ത്രി ഇബാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ്‌ ഹൈക്കോടതിയുടെ വാക്കാലുള്ള പരാമര്‍ശം.
പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ്‌ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ നോമിനേഷന്‍ കൊടുത്തുവെന്നു ചൂണ്ടിക്കാട്ടിയ വിവരം കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടത്‌. ഇതേതുടര്‍ന്നു മറുപടി സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്നു ഇബ്രാഹിംകുഞ്ഞിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി വെള്ളിയാഴ്‌ച പരിഗണിക്കാനായി മാറ്റി.
തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഹര്‍ജിഭാഗം അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു.
സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനു മറുപടി സമര്‍പ്പിക്കാനുണ്ടെന്നു ഇബാഹിംകുഞ്ഞ്‌ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്‌ ജാമ്യാപേക്ഷ പരിഗണിക്കുന്നതു മാറ്റിവച്ചത്‌. വിദഗ്‌ധ ഡോക്‌ടര്‍മാരുടെ പരിശോധനാ റിപോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്നു ഇബ്രാഹിംകുഞ്ഞിന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. ജയിലില്‍ പോയാല്‍ ജീവനോടെ തിരിച്ചുവരാനാവില്ലെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ ബോധിപ്പിച്ചു.