ആസ്പിന്‍വാള്‍ കമ്ബനിക്ക് പാട്ടത്തിന് നല്കിയ കൊച്ചിയിലെ 13.91 ഏക്കര്‍ ഭൂമി തിരിച്ചെടുക്കുന്നു
തിരുവനന്തപുരം: ആസ്പിന്‍വാള്‍ കമ്ബനിക്ക് 1912 ല്‍ പാട്ടത്തിന് നല്കിയ ഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കുന്നു. എറണാകുളം ഫോര്‍ട്ട് കൊച്ചി വില്ലേജിലെ രാമന്തുരുത്തിലുള്ള 13.91 ഏക്കര്‍ ഭൂമിയാണ് തിരിച്ചെടുക്കാന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയതിലക് ഉത്തരവിട്ടത്. ഈ ഭൂമി ബ്രിട്ടീഷ് സര്‍ക്കാര്‍ 1912 സെപ്റ്റംബര്‍ അഞ്ചിലെ ഉത്തരവ് പ്രകാരമാണ് പ്രതിവര്‍ഷം 1100 രൂപക്ക് ആസ്പിന്‍വാള്‍ കയര്‍ കമ്ബനിക്ക് പാട്ടത്തിന് നല്‍കിയത്. ഭൂമി കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ട്രസ്റ്റ് ചെയര്മാന് 2018 നവംബര്‍ 14ന് കത്തു നല്‍കിയിരുന്നു.
തുടര്‍ന്നാണ് റവന്യൂവകുപ്പ് നടപടി തുടങ്ങിയത്. പരിശോധനയില്‍ പാട്ടത്തിന് നല്കിയ 13.91 ഏക്കറില്‍ ആസ്പിന്‍വാള്‍ കമ്ബനി 30 സെന്റ് ഭൂമി മറ്റൊരു വ്യക്തിക്ക് പാട്ട വ്യവസ്ഥകള്‍ ലംഘിച്ച് ബോട്ട് യാര്‍ഡ് നിര്‍മിക്കുന്നതിന് നല്‍കിയത് കണ്ടെത്തി. പാട്ടവ്യവസ്ഥ ലംഘിച്ച സാഹചര്യത്തില്‍ കരാര്‍ റദ്ദാക്കി, ഭൂമി സര്‍ക്കാറിലേക്ക് തിരിച്ചെടുക്കാന്‍ ഉത്തരവായിരുന്നു.
എന്നാല്‍, കയര്കമ്ബനി ജീവനക്കാരായ അഞ്ച് കുടുംബങ്ങള്‍ ഇവിടെ 25 സെന്റ് സ്ഥലത്ത് ഏറെക്കാലമായി താമസിക്കുന്നത് തടസ്സമായി. ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നെങ്കില്‍ ഇൗ കുടുംബങ്ങള്‍ക്ക് പുനരധിവാസത്തിനായി മറ്റേതെങ്കിലും ഭൂമി നല്‍കണമെന്ന് ലാന്‍ഡ് റവന്യൂ കമീഷണര്‍ 2019 ആഗസ്റ്റ് 20ന് കത്തുനല്‍കി. ഇൗ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ നടപടി സ്വീകരിച്ച് ഭൂമി തിരിച്ചെടുക്കാനാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ്.
Comments (0)