യു.എ.ഇ. നാടുകടത്തിയ കാസര്‍ഗോഡ്‌ സ്വദേശികളെ എന്‍.ഐ.എ. ചോദ്യംചെയ്‌തു

കാസര്‍ഗോഡ്‌: ഐ.എസ്‌. ഭീകരരുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ യു.എ.ഇ. നാടുകടത്തിയ കാസര്‍ഗോഡ്‌ സ്വദേശികളെ എന്‍.ഐ.എ. ചോദ്യം ചെയ്‌തു. തൃക്കരിപ്പൂര്‍, പടന്ന സ്വദേശികളായ ഏഴു പേരെയാണു കൊച്ചിയിലെ എന്‍.ഐ.എ. ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തത്‌. ഇവരുടെ പാസ്‌പോര്‍ട്ടും മറ്റ്‌ രേഖകളും പിടിച്ചെടുത്തു.
അടുത്തിടെ ഐ.എസില്‍ ചേര്‍ന്ന കാസര്‍ഗോഡ്‌ സ്വദേശികളുമായി ഇവര്‍ക്ക്‌ അടുത്ത ബന്ധമുണ്ടെന്നാണു വിവരം. യു.എ.ഇ. പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ച ഇവരെ കഴിഞ്ഞ ഒകേ്‌ടാബറിലാണ്‌ കേരളത്തിലേക്കു കയറ്റിവിട്ടത്‌. സംസ്‌ഥാനത്ത്‌ എത്തിയ ഇവര്‍ പോലീസിന്റെയും ഇന്റലിജന്‍സിന്റെയും നിരീക്ഷണത്തിലായിരുന്നു. ചോദ്യം ചെയ്ലുമായയി ബന്ധപ്പെട്ട വിവരങ്ങള്‍ എന്‍.ഐ.എ. പുറത്തുവിട്ടിട്ടില്ല.
2016 ലാണ്‌ ഇവര്‍ റാഷിദ്‌ അബദുല്ലയുമായും ഡോ. ഇജാസുമായും ഫോണില്‍ സംസാരിച്ചത്‌. നാട്ടുകാരെന്ന നിലയിലാണു സംസാരിച്ചതെന്നാണ്‌ യുവാക്കള്‍ എന്‍.ഐ.എയോടു പറഞ്ഞത്‌. ഉന്നത വിദ്യാഭ്യാസം നേടിയ ശേഷം യു.എ.ഇയിലെത്തിയ ഏഴുപേരും അവിടെ നല്ല ജോലിയിലായിരുന്നു. അതിനിടെയാണ്‌ അറസ്‌റ്റിലായത്‌.