കേരളത്തിൽ പൊളിറ്റിക്കൽ ഇസ്ളാമിന്റെ കരുത്ത് അതിന്റെ കറുത്തസമ്പത്തിൽ ആണ്, ആ സമ്പത്ത് കൊണ്ട് വിലക്കെടുക്കപ്പെട്ടതാണ് മറ്റെല്ലാം- ഡോ: ഭാർഗവ റാം

കേരളത്തിൽ പൊളിറ്റിക്കൽ ഇസ്ളാമിന്റെ കരുത്ത് അതിന്റെ കറുത്തസമ്പത്തിൽ ആണ്, ആ സമ്പത്ത് കൊണ്ട് വിലക്കെടുക്കപ്പെട്ടതാണ് മറ്റെല്ലാം- ഡോ: ഭാർഗവ റാം

കഴിഞ്ഞ 50 വർഷക്കാലത്തെ പൊളിറ്റിക്കൽ ഇസ്‌ലാമിന്റെ അജണ്ടാപൂർത്തീകരണത്തിന്റെ നാൾവഴികൾ സസൂക്ഷ്മം പരിശോധിക്കുമ്പോൾ വളരെ ലളിതമായി വ്യക്തമാകുന്ന ഒരു കാര്യം പൊളിറ്റിക്കൽ ഇസ്ളാം ഈ "നേട്ടം" ഉണ്ടാക്കിയതിൽ ഏറെയും "അമിതമായ" സമ്പത്ത്, പമ്പ് ചെയ്തുകൊണ്ടാണ്. 
കുറച്ചുകൂടി വ്യക്തമാക്കി പറഞ്ഞാൽ  സമ്പത്തിലൂടെ കൗശലപൂർവം ആളും അർത്ഥവും അധികാരവും നിയമവും വ്യവസ്ഥിതിയും കൈപ്പിടിയിൽ ഒതുക്കിയതാണ് പൊളിറ്റിക്കൽ ഇസ്ലാമിന്റെ സമീപകാലചരിത്രം.

അതായത് പൊളിറ്റിക്കൽ ഇസ്ളാമിന്റെ ലക്ഷ്യപ്രാപ്തിയിലേക്കുള്ള പ്രയാണത്തിന്റെ ഭാഗമായി അവർ മുന്നോട്ടു വെച്ച കാലിന്റെ  ചുവടിടങ്ങളിൽ ഏറെയും അവർ ഒരുക്കിയ 'രക്ഷാകവച'ങ്ങളും അവർ പണം കൊടുത്തു വാങ്ങിച്ചതാണ്. അവരുടെ
ആത്യന്തികലക്ഷ്യത്തിലേക്കെത്തുന്നത് വരെയുള്ള നിലനിൽപ്പും പണത്തെ ആശ്രയിച്ചു തന്നെ ആണ്. 
 'വിലയുടെ കാര്യത്തിൽ അജഗജവ്യത്യാസം കണ്ടേക്കാമെങ്കിലും വില കൊടുത്തു വാങ്ങാൻ കഴിയാത്തവരായി ആരുമില്ല' എന്നു കരുതുന്ന ഇവരുടെ കയ്യടക്കൽഅജണ്ടയുടെ "വിജയം"  പണത്തെ കേന്ദ്രീകരിച്ചും ആശ്രയിച്ചും ആണ് എന്ന സത്യത്തെ മറച്ചുപിടിച്ചുകൊണ്ട് വർത്തമാനകാലഭീഷണിയെ ചർച്ച ചെയ്യുന്നത് കാപട്യമാണ്.

 പൊളിറ്റിക്കൽ ഇസ്ലാം എന്തിനും ഏതിനും ആർക്കും വില പറയാൻ മാത്രമുള്ള സമ്പത്ത് എങ്ങനെ ശേഖരിക്കുന്നു എന്നത് പ്രധാനമാണ്.  സ്വർണവും മയക്കുമരുന്നും ആയുധങ്ങളും അടക്കമുള്ളവയുടെ കള്ളക്കടത്തുകൾ, കള്ളനോട്ടുകൾ, കള്ളപ്പണം തുടങ്ങി എല്ലാവിധ സാമ്പത്തിക കുറ്റകൃത്യങ്ങളും രാജ്യദ്രോഹപ്രവർത്തനങ്ങളും തന്നെ ആണ് ഈ 'സമ്പദ്വ്യവസ്ഥ'യിലെ അടിസ്ഥാന മൂലധനം. 

ഈ മൂലധനവർധനവിനു വേണ്ടി പരിശ്രമിക്കുന്നവരെല്ലാം അവരുടെ പൊതുസമൂഹത്തിലെ 'റോളുകൾ' എന്തു തന്നെ ആയാലും പൊളിറ്റിക്കൽ ജിഹാദിന്റെ പതാകാവാഹകരും കൂടി ആണെന്ന്  മനസ്സിലാക്കാൻ ബുദ്ധിമുട്ടൊന്നുമില്ല. 

വർത്തമാനകാലസാഹചര്യത്തിൽ സാമ്പത്തീകകരുത്തിന്റെ തണലിൽ അധികാര - നിയമഇടനാഴികളുടെ പരിരക്ഷയിൽ നിന്ന് കൊണ്ട് മുന്നോട്ടുനീങ്ങുന്ന ഈ സംവിധാനത്തെ പ്രതിരോധിക്കേണ്ടത്, പ്രാഥമികമായും അടിസ്ഥാനപരമായും  ഇത്തരം രാജ്യദ്രോഹനടപടികളിൽ ഉൾച്ചേർന്ന അവസാനത്തെ കണ്ണിയേയും തുറങ്കിലടച്ചു കൊണ്ടു കൂടിയാണ്. 
കള്ളക്കടത്തുമുതലാളിമാരെ സംരക്ഷിച്ചുപോരുന്ന സംവിധാനങ്ങൾ, നിലനിന്നു പോരുന്ന ഒരു 'വ്യവസ്ഥിതി ഉള്ളിടത്തോളം' പൊളിറ്റിക്കൽ ഇസ്ലാമിന്റെ രോമത്തിൽ പോലും തൊടാൻ  ഒരു ശക്തിയ്ക്കും കഴിയില്ല എന്നതാണ് വാസ്തവം. 
കള്ളക്കടത്ത് ലോബികൾക്കു അനുകൂലമായ  - നിയമത്തിന്റേയും അന്വേഷണത്തിന്റേയും 'പിടിയിൽ' പെടാതെ അവരെ രക്ഷപ്പെടുത്തുന്ന - സമീപനങ്ങൾ പുലർത്തുകയും പൊളിറ്റിക്കൽ ഇസ്ളാമിന്റെ 'കടന്നുവരവിനെ' അപലപിക്കുകയും ചെയ്യുന്നത്, ഇരയോടൊപ്പം പൂങ്കണ്ണീരൊഴുക്കുന്ന വേട്ടക്കാരുടെ കൗശലമാണ്.

ആദ്യകാലത്ത് മംഗലാപുരം കേന്ദ്രീകരിച്ച് ഇത്തരം കള്ളക്കടത്ത്പ്രവർത്തികൾ നടത്തിവന്ന ലോബി, പിന്നീട് കേരളതീരങ്ങളിൽ വെള്ളിയും കണ്ടെയ്നർ നോട്ടുകളും ഇറക്കി സംവിധാനങ്ങൾ വിപുലപ്പെടുത്തി. പിന്നീട് കോഴിക്കോട് വിമാനത്താവളം വഴി ഒന്നുകൂടി വികസിപ്പിച്ചു. ഇന്നിപ്പോൾ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളും കൂടാതെ അയൽസംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളും തീരങ്ങളും ഈ കള്ളക്കടത്ത് സംവിധാനങ്ങൾക്കു സുഗമമായി പ്രവർത്തിക്കാവുന്ന ഇടങ്ങളാണ്. പോരാ കാഠ്മണ്ഡു വിമാനത്താവളത്തിൽ സ്വർണമിറക്കി റോഡ് മാർഗം എത്തിക്കുന്നതും ഇതേ ലോബിയാണ്. 
ഇത്രയും കാലം ഇതെല്ലാം നടത്തിയിട്ടും ഇതിന്റെ ആസൂത്രകരും കേന്ദ്രകഥാപാത്രങ്ങളും ഇന്നും സുരക്ഷിതമായിരിക്കുന്നു എന്നത് തന്നെ ആണ് ശ്രദ്ധേയം. പിടിക്കപ്പെടുമ്പോൾ ഇടനിലക്കാരെ വെച്ച് കാര്യങ്ങൾ 'അഡ്ജസ്റ്റ്' ചെയ്യാൻ പാകത്തിനുള്ള ബന്ധങ്ങളും അന്തർധാരകളും പണ്ടത്തെക്കാൾ ഉപരി ഇന്ന് സജീവമാണ്.

ചുരുക്കിപ്പറഞ്ഞാൽ ഡിപ്ലോമാറ്റിക് കള്ളക്കടത്ത് പോലുള്ള "സാമ്പത്തീക"കുറ്റകൃത്യങ്ങൾ തടയാൻ കഴിയാത്തിടത്തോളം  കുറ്റവാളികളെ രക്ഷപ്പെടുത്തുന്ന സംവിധാനങ്ങൾ നില നിൽക്കുന്നിടത്തോളം കാലം Political Islam നെ ചെറുത്തുതോല്പിക്കുക ക്ലേശകരമാണ്.
- ഡോ: ഭാർഗവ റാം