വെള്ളായണി ശുദ്ധ ജല തടാകത്തെ മലിനമാക്കി ടാർ മിക്സിങ് പ്ലാന്റ്

വെള്ളായണി ശുദ്ധ ജല തടാകത്തെ മലിനമാക്കി ടാർ മിക്സിങ് പ്ലാന്റ്

തിരുവനന്തപുരം - തലസ്ഥാന നഗരമായ തിരുവനന്തപുരത്തെ ലക്ഷക്കണക്കിന് ജനങ്ങളുടെ കുടിവെള്ള ആശ്രയമായ വെള്ളായണി ശുദ്ധജല തടാകത്തിലേക്ക് ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള മാരകമായ വിഷവസ്തുക്കൾ നിർബാധം ഒഴുകുന്നു. കോർപ്പറേഷന് കീഴിലുള്ള മേലാംകോട് വാർഡിലെ ഒരു ഭാഗവും, ബാക്കി ഭാഗം കല്ലിയൂർ പഞ്ചായത്തിലും സ്ഥിതിചെയ്യുന്ന വെള്ളായണി ശുദ്ധജല തടാകത്തിലേക്കാണ് ടാർ മുതലായ ഇന്ധനങ്ങൾ കത്തി അമർന്ന വിഷവസ്തുക്കൾ ചെന്നുചേരുന്നത്. ഇത് സമീപവാസികൾക്കും നഗരവാസികൾക്കും മാരകമായ അസുഖങ്ങൾക്ക് കാരണമാകുന്നു. നഗരത്തിനോട് ചേർന്ന് വിശാലമായ ഫലഭുഷ്ടമായ കൃഷിഭൂമിയായിരുന്ന പുഞ്ചക്കരി പാടം, കൃഷിക്കനുയോജ്യം അല്ലാതായി തീർന്നു. വയലിലെയും ജലാശയത്തിലെയും മത്സ്യസമ്പത്ത് കെട്ടുകഥകളായി മാറിക്കഴിഞ്ഞു. വനം- വന്യ ജീവി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വിശാലമായ പക്ഷിസങ്കേതത്തിൽ വിദൂര രാജ്യങ്ങളിൽ നിന്ന് പോലും പക്ഷികൾ വന്നിരുന്നത് ഓർമ്മകളായി, ഇവിടെ ഇതുപോലെ ജനങ്ങൾക്കും, പ്രകൃതിക്കും ദോഷകരമായി പ്രവർത്തിക്കുന്ന ടാർ മിക്സിംഗ് പ്ലാന്റിന് പ്രവർത്തനാനുമതി ഇല്ല എന്നാണ് നാട്ടുകാരുടെ അറിവ്.  അഥവാ ഇത്തരം ഒരു പ്രദേശത്ത്  അനുമതി കൊടുത്തിട്ടുണ്ടെങ്കിൽ അത് പ്രകൃതിയോടും, മനുഷ്യനോടും ചെയ്തിട്ടുള്ള ക്രൂരതയാണ്. ടാർ മിക്സിങ് പ്ലാന്റ് പ്രവർത്തിക്കാൻ സാങ്കേതികമായ അനുമതികൾക്കപ്പുറം ഭരണകക്ഷിയും പ്രാദേശിക രാഷ്ട്രീയ സംഘടനകൾക്കും കൃത്യമായ ദക്ഷിണ ഇതിന്റെ ഉടമസ്ഥൻ നൽകുന്നുണ്ട്. എന്നാൽ ഈ ശുദ്ധജലതടാകത്തിലെ വെള്ളം ഉപയോഗിക്കുന്ന നഗരവാസികൾ ഇതൊന്നും അറിയുന്നില്ല. പ്രകൃതിയെയും ജീവജാലങ്ങളെയും ഇല്ലാതാക്കുന്ന ടാർ മിക്സിങ് പ്ലാന്റ് എത്രയും വേഗം നിർത്തലാക്കണമെന്നും ഇതിന്റെ ഭീകരത പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനും തയ്യാറായിരിക്കുകയാണ് ഈ പ്രദേശത്തെ വിദ്യാർത്ഥി കൂട്ടായ്മകൾ.