കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; 'റൗഫ് ഷെരീഫിനെ ലക്നൗവ് കോടതിയുടെ പരിധിയിലേക്ക് മാറ്റണം', ഇഡി അപേക്ഷ നല്‍കി
കൊച്ചി: ഹാത്രസ് കലാപശ്രമവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ക്യാമ്ബസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിനെ ലക്നൗ കോടതിയുടെ പരിധിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. എറണാകുളം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. ഹര്‍ജിയില്‍ വെള്ളിയാഴ്ച വിധി പറയും. റൗഫ് ഷെരിഫ് നല്‍കിയ ജാമ്യഹര്‍ജിയും അന്നത്തേക്ക് വിധി പറയാന്‍ മാറ്റി.
ഹാത്രസ് കലാപശ്രമക്കേസില്‍ സിദ്ദിഖ് കപ്പന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ലക്നൗ കോടതിയിലാണ് കേസ് ചുമത്തിയിരിക്കുന്നത്. പ്രതികളുടെ ഹാത്രസ് യാത്രക്കായുള്ള ഫണ്ട് കൈമാറിയത് റൗഫ് ഷെരീഫ് ആണെന്നാണ് ഇഡിയുടെ ആരോപണം.
ക്യാമ്ബസ് ഫ്രണ്ടിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കൈകാര്യം ചെയ്യുന്നത് റൗഫ് വഴിയാണെന്നും ഇതിനായി വിദേശത്ത് നിന്നടക്കം റൗഫിന്‍റെ അക്കൗണ്ടുകളിലേക്ക് കോടിക്കണക്കിന് രൂപയെത്തിയെന്നും ഇഡി ആരോപിക്കുന്നു.
കേസില്‍ ചോദ്യം ചെയ്യലിന് ഹാജാരാകാന്‍ ആവശ്യപ്പെട്ട് പല തവണ റൗഫിന് നോട്ടീസ് നല്‍കിയെങ്കിലും ഹാജരായിരുന്നില്ല. തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളം വഴി വിദേശത്തേക്ക് പോകാന്‍ എത്തിയപ്പോള്‍ ഇമിഗ്രേഷന്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് കൈമാറുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കൈകാര്യം ചെയ്യുന്ന കോടതി കൊച്ചിയിലായതിനാല്‍ റൗഫിനെ ഇവിടുത്തെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്യുകയായിരുന്നു.
Comments (0)