പള്‍സ്‌ പോളിയോ തുള്ളിമരുന്ന്‌ വിതരണം 31-ന്‌

പള്‍സ്‌ പോളിയോ തുള്ളിമരുന്ന്‌ വിതരണം 31-ന്‌

തിരുവനന്തപുരം: സംസ്‌ഥാനത്തെ അഞ്ചു വയസിനു താഴെ പ്രായമുള്ള 24,49,222 കുട്ടികള്‍ക്ക്‌ പോളിയോ പ്രതിരോധ തുള്ളിമരുന്ന്‌ നല്‍കുമെന്നു മന്ത്രി കെ.കെ. ശൈലജ. ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി 31 നാണു പള്‍സ്‌ പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി.
പരിചയംസിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ 31-നു രാവിലെ എട്ടു മുതല്‍ വൈകിട്ട്‌ അഞ്ചു വരെയാണു ബൂത്തുകളിലൂടെ പോളിയോ പ്രതിരോധ തുള്ളി മരുന്ന്‌ വിതരണം ചെയ്യുന്നത്‌. കുഞ്ഞുങ്ങള്‍ക്ക്‌ പോളിയോ തുള്ളിമരുന്ന്‌ നല്‍കുന്നതിനായിസംസ്‌ഥാനത്താകെ 24,690 ബൂത്തുകള്‍ സജ്‌ജീകരിച്ചിട്ടുണ്ട്‌.
പോളിയോ പ്രതിരോധ മാനദണ്ഡങ്ങളും കോവിഡ്‌ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചു കൊണ്ടായിരിക്കും തുള്ളിമരുന്ന്‌ വിതരണം. അഞ്ചു വയസിനു താഴെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും പള്‍സ്‌ പോളിയോ തുള്ളിമരുന്ന്‌ നല്‍കണമെന്നും മന്ത്രി പറഞ്ഞു. അങ്കണവാടികള്‍, സ്‌കൂളുകള്‍, ബസ്‌ സ്‌റ്റാന്‍ഡുകള്‍, ആരോഗ്യകേന്ദ്രങ്ങള്‍, വായനശാല, വിമാനത്താവളം, ബോട്ടുജെട്ടി, റെയില്‍വേ സ്‌റ്റേഷനുകള്‍ തുടങ്ങിയ കുട്ടികള്‍ വന്നുപോകാന്‍ ഇടയുള്ള എല്ലാ സ്‌ഥലങ്ങളിലും ബൂത്തുകള്‍ സ്‌ഥാപിച്ച്‌ പോളിയോ തുള്ളിമരുന്ന്‌ ലഭ്യമാക്കും.
രോഗപ്രതിരോധ വാക്‌സിനേഷന്‍ പട്ടിക പ്രകാരം പോളിയോ പ്രതിരോധ മരുന്ന്‌ നല്‍കിയിട്ടുള്ള കുട്ടികള്‍ക്കും പള്‍സ്‌ പോളിയോ ദിനത്തില്‍ പ്രതിരോധ തുള്ളിമരുന്ന്‌ നല്‍കണം.