സ്വർണക്കടത്തിൽ 20 പേർക്കെതിരെ എൻ. ഐ. എ കുറ്റപത്രം;സന്ദീപ് മാപ്പുസാക്ഷി
കൊച്ചി : സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കി എൻ.ഐ.എ. കുറ്റപത്രം സമർപ്പിച്ചു. ഒന്നാംപ്രതി പി.എസ്. സരിത്ത്,രണ്ടാം പ്രതി സ്വപ്നാ സുരേഷ് അടക്കം 20 പേർക്കെതിരേയാണു യു.എ.പി.എ. വകുപ്പുകൾ ചുമത്തിയുള്ള കുറ്റപത്രം. നിർണായക തെളിവുകളായ ദൃശ്യങ്ങളും ശബ്ദസാംപിളുകളും ഡിജിറ്റൽ രേഖകളും ഹാജരാക്കിയിട്ടുണ്ട്.ചൊവ്വാഴ്ച എറണാകുളത്തെ എൻ.ഐ.എ. കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതിപ്പട്ടികയിലുള്ള ഫൈസൽ ഫരീദിനെ അറസ്റ്റുചെയ്തു നാട്ടിലെത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പ്രാരംഭ കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കി. കസ്റ്റംസും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും (ഇ.ഡി.) പ്രതിചേർത്ത എം. ശിവശങ്കറെ എൻ.ഐ.എ. പ്രതിയാക്കിയിട്ടില്ല.
ആകെയുള്ള 33 പ്രതികളിൽ 21 പേരെയാണ് എൻ.ഐ.എ. അറസ്റ്റുചെയ്തിരുന്നത്.ഹവാലാ മാർഗത്തിലൂടെയാണ് സ്വർണക്കടത്തിനുള്ള പണം കേരളത്തിൽനിന്ന് ദുബായിൽ എത്തിച്ചിരുന്നതെന്ന് കുറ്റപത്രത്തിലുണ്ട്. നയതന്ത്ര ബാഗേജിൻറ മറവിൽ 14.82 കോടി രൂപ വിലവരുന്ന 30കിലോ സ്വർണം തിരുവനന്തപുരം വിമാനത്താവളത്തിലൂടെ പ്രതികൾ കടത്താൻ ശ്രമിച്ചും സ്വപ്നയെയും സന്ദീപിനെയും ബെംഗളുരുവിൽനിന്ന് അറസ്റ്റുചെയ്തതോടെ കേസന്വേഷണം നിർണായകഘട്ടത്തിലേക്കു കടന്നു.തുടരന്വേഷണത്തിൽ 31 പേരെക്കൂടി പ്രതികളായി കണ്ടെത്തി.2019 ജൂൺ മുതൽ സ്വർണക്കടത്തിനുള്ള ഗൂഢാലോചന പ്രതികൾ നടത്തിയിരുന്നു.2019 നവംബറിനും 2020 ജൂണിനുമിടയിൽ 167 കിലോ സ്വർണം കടത്തി. യു.എ.ഇ.ക്കുപുറമേ ബഹ്റൈൻ, സൗദി അറേബ്യ, മലേഷ്യ,എന്നിവിടങ്ങളിൽ നിന്നും സ്വർണക്കടെത്തിനു ശ്രമിച്ചു. കോവിഡ് കാലം പ്രയാണനപ്പെടുത്തി പരമാവധി സ്വർണം കടത്താനായിരുന്നു ശ്രമമെന്നും കുറ്റപത്രത്തിൽ പറയുന്നു.പ്രതികൾക്കു സ്വാഭാവിക, ജാമ്യം ലഭിക്കാനുള്ള സമയപരിധിയായ 180 ദിവസത്തിനകമാണ് ആദ്യ കുറ്റപത്രം നൽകിയിരിക്കുന്നത്.അനുബന്ധ കുറ്റപത്രമുണ്ടാകും. പ്രതികൾക്കെതിരായ അന്വേഷണം ഏതാണ്ട് പൂർത്തിയായെന്നറിയിച്ച എൻ.ഐ.എ. വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നതായും കുറ്റപത്രത്തിൽ പറയുന്നു.
Comments (0)