വിവാദ കശ്മീര്‍ പരാമര്‍ശം: കെ.ടി. ജലീലിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം
തിരുവല്ല : വിവാദ കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ.ടി. ജലീലിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.ആര്‍.എസ്.എസ്. നേതാവ് അരുണ്‍ മോഹന്റെ ഹര്‍ജിയിലാണ് നടപടി. കീഴ് വായ്പൂര്‍ എസ്.എച്ച്.ഒക്ക് ആണ് ഇതുസംബന്ധിച്ച നിര്‍ദേശം കോടതി നല്‍കിയത്. വിവാദ കശ്മീര്‍ പരാമര്‍ശത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കീഴ്വായ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, കേസെടുക്കാന്‍ പൊലീസ് തയാറായില്ല. ഇതേതുടര്‍ന്നാണ് അരുണ്‍ കോടതിയെ സമീപിച്ചത്. കശ്മീര്‍ സന്ദര്‍ശിച്ച ശേഷം ഫേസ്ബുക്കില്‍ കെ.ടി ജലീലിട്ട പോസ്റ്റിലെ പരമാര്‍ശങ്ങള്‍ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. 'പാക് അധീന കശ്മീര്‍' എന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെ 'ആസാദ് കശ്മീര്‍' എന്നാണ് പോസ്റ്റില്‍ ജലീല്‍ വിശേഷിപ്പിച്ചത്. ഇത് പാകിസ്താന്‍ അനുകൂലികള്‍ നടത്തുന്ന പ്രയോഗമാണെന്നായിരുന്നു വിമര്‍ശനം. വിഭജനകാലത്ത് കശ്മീര്‍ രണ്ടായി വിഭജിച്ചിരുന്നു എന്നായിരുന്നു ജലീലിന്റെ മറ്റൊരു പരാമര്‍ശം.
Comments (0)