മ്യാൻമറിൽ പട്ടാളം പിടിമുറുക്കുന്നു ; യാങ്കൂണിലെ രാജ്യാന്തര വിമാനത്താവളം അടച്ചു

മ്യാൻമറിൽ പട്ടാളം പിടിമുറുക്കുന്നു ; യാങ്കൂണിലെ രാജ്യാന്തര വിമാനത്താവളം അടച്ചു

മ്യാന്‍മര്‍ : മ്യാൻമറിൽ അട്ടിമറിയിലൂടെ ഭരണം പിടിച്ച പട്ടാളം പിടിമുറുക്കുന്നു. യാങ്കൂണിലെ രാജ്യാന്തര വിമാനത്താവളം അടച്ചു. നെയ്പെഡോയിൽ തടവിൽ കഴിയുന്ന സൂചിയുടെ ആരോഗ്യനില ഭദ്രമാണെന്ന് നാഷനൽ ലീഗ് ഫോർ ഡമോക്രസിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. യാങ്കൂണിൽ ദുരിതാശ്വാസ സഹായവുമായി എത്തുന്നവ ഉൾപ്പെടെ എല്ലാ വിമാനങ്ങളും പുറപ്പെടുന്നതും ഇറങ്ങുന്നതിനും നിരോധനം ഏർപ്പെടുത്തി. നായ്പിഡോ, യാങ്കൂൺ എന്നിവിടങ്ങളിൽ ശക്തമായ സൈനിക വിന്യാസമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

മുഴുവൻ സമയവും നിരത്തുകളിൽ പട്ടാളം റോന്തുചുറ്റുന്നുണ്ട്. സൂചിയുടെ മോചനം ആവശ്യപ്പെട്ട് ഇന്ന് മുതൽ നിസ്സകരണ സമരം നടത്തുമെന്ന് സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ പ്രഖ്യാപിച്ചു.

സൂചിയും അവരുടെ ഡോക്ടർ മ്യോ ഓങ്ങും ഒരിടത്താണ് തടവിൽ കഴിയുന്നത്. ആരുമായും ബന്ധപ്പെടാൻ ഇവരെ അനുവദിക്കുന്നില്ല. സൂചിയെ ഉടൻ മോചിപ്പിക്കണമെന്ന് എൻഎൽഡി ആവശ്യപ്പെട്ടു. പാർലമെന്റ് അംഗങ്ങളുടെ വീടുകള്‍ക്ക് വെളിയിൽ കനത്ത പട്ടാള കാവലുണ്ട്.

അതേസമയം മ്യാൻമറിലെ ഇന്ത്യക്കാരോട് മുൻകരുതലുകളെടുക്കാനും അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കാനും ഇന്ത്യൻ എംബസി അഭ്യർത്ഥിച്ചു