16000 രൂപയ്ക്ക് പ്ലസ് ടു സർട്ടിഫിക്കറ്റ് - തട്ടിപ്പ് നടന്നത് 22 സംസ്ഥാനങ്ങളിൽ ; പരീക്ഷാഭവൻ തട്ടിപ്പ് കേസിൽ കൂടുതൽ തെളിവുകൾ
തിരുവനന്തപുരം : പരീക്ഷാ ഭവൻ തട്ടിപ്പ് കേസിൽ കൂടുതൽ തെളിവുകൾ പുറത്ത്. സമൂഹമാധ്യമങ്ങൾ വഴി വൻ തോതിൽ തട്ടിപ്പ് നടന്നു എന്ന വിവരമാണ് പുറത്തായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്‍റെ വിശദാംശങ്ങൾ പുറത്തു വന്നത്. വ്യാജ പ്ലസ് ടു സർട്ടിഫിക്കറ്റിനായി സംഘം ആവശ്യപ്പെട്ടത് പതിനാറായിരം രൂപയാണ്. രണ്ടെണ്ണം മുപ്പതിനായിരം രൂപയ്ക്ക് നൽകാമെന്നും വാഗ്ദാനമുണ്ടായി.
കോഴ്‌സുകളെക്കുറിച്ച് ഫേസ്ബുക്കിൽ പരസ്യം ചെയ്ത ശേഷമാണ് തട്ടിപ്പ്.
നേരത്തെ കേസിൽ അവിനാശ് റോയ് ശർമ്മ എന്നയാൾ അറസ്റ്റിലായിരുന്നു. 40ലധികം പരീക്ഷാ ബോർഡുകളുടെയും സർവകലാശാലകളുടെയും പേരിൽ വെബ് സൈറ്റുണ്ടാക്കിയാണ് അവിനാശ് തട്ടിപ്പ് നടത്തിയത്.
പരീക്ഷാഭവന്റെ പേരിലാണ് ഏറ്റവുമധികം വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയത്. കുസാറ്റ്, ഡൽഹി യൂണിവേഴ്‌സിറ്റി, അസം പരീക്ഷ ബോർഡ് ഉൾപ്പെടെ നാൽപതോളം ബോർഡുകളുടെയും സർവ്വകലാശാലകളുടെയും പേരിൽ വ്യാജ സൈറ്റുണ്ടാക്കി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഇങ്ങനെ 22 സംസ്ഥാനങ്ങളിൽ തട്ടിപ്പ് നടന്നു.
ബിഹാറില്‍ സ്ഥിര താമസമാക്കിയ വിദ്യാർഥി ഡൽഹി സർവകലാശാലയിൽ അഡ്മിഷന് സമർപ്പിച്ച വിദ്യാഭ്യാസ സർട്ടിഫിക്കറ്റിലെ സംശയങ്ങളാണ് ദുരൂഹതയുടെ തുടക്കം. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് സ്‌കൂളിൽ നിന്ന് പ്ലസ് ടു പാസായ സർട്ടിഫിക്കറ്റാണ് വിദ്യാർത്ഥി ഹാജരാക്കിയത്.
ഇതിൽ സംശയം തോന്നിയതിനെ തുടർന്ന് ഡൽഹി സർവ്വകലാശാല അധികൃതർ കേരളത്തിലെ പരീക്ഷാ ഭവനിൽ നിന്ന് വ്യക്തത തേടുകയായിരുന്നു. ഇതടക്കമുള്ള കേസുകളിൽ ഇടനിലക്കാരെക്കുറിച്ചും വ്യാജ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയവരെ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Comments (0)