നാടിന് തീരാ കണ്ണീരായി മൂന്ന് സഹോദരങ്ങള്‍...

നാടിന് തീരാ കണ്ണീരായി മൂന്ന് സഹോദരങ്ങള്‍...

പാലക്കാട് ആലത്തൂരില്‍ വെള്ളത്തില്‍ മുങ്ങി മരിച്ച മൂന്നുകുരുന്നുകളുടെ വിയോഗത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് ഒരു നാടാകെ. വീട്ടില്‍ പറയാതെയാണ് കുഞ്ഞുങ്ങള്‍ കളിക്കാനായി പോയത്, പിന്നീട് കുടുംബത്തെ തേടിയെത്തിയതാകട്ടെ ദുരന്തവാര്‍ത്തയും.

സഹോദരങ്ങളായ മൂന്നുപേരുടേയും കളിക്കൂട്ടുകാരിയായിരുന്ന ഏഴുവയസുകാരി ശ്രുതിക്കും കരച്ചിലടക്കാനാകുന്നില്ല. കുട്ടികള്‍ വെള്ളത്തില്‍ മുങ്ങിപ്പോയതുകണ്ട് മനസാന്നിധ്യം വിടാതെ ഓടിയെത്തി കുടുംബത്തെ വിവരം അറിയിച്ചത് ശ്രുതിയായിരുന്നു. എന്നാല്‍, അവള്‍ കുഞ്ഞിക്കാലടികള്‍ കൊണ്ട് ഓടിയെത്തിയപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു.

രണ്ട് വര്‍ഷം മുമ്ബാണ് ജസീറും ഭാര്യറംലയും കുടുംബവും കരിയങ്കാട്ടെ തറവാട്ടില്‍നിന്ന് കൊറ്റിയോട്ടെ വാടകവീട്ടിലേക്ക് താമസം മാറിയെത്തിയത്.

റിന്‍ഷാദിന്റെയും ജിന്‍ഷാദിന്റെയും കുഞ്ഞനിയന്‍ റിഫാസിന്റെയും കളിചിരികളും കുറുമ്ബുമൊക്കെയായി ബഹളമയമായിരുന്നു ചുറ്റും. പ്രത്യേകതകളൊന്നുമില്ലാത്ത സാധാരണ ദിനത്തിലെന്ന പോലെ കുഞ്ഞുങ്ങളുടെ പിതാവ് ഓട്ടോ ഡ്രൈവറായ ജസീര്‍ മൂന്ന് മക്കളോടും യാത്ര പറഞ്ഞ് ഓട്ടോയുമായി ടൗണിലേക്ക് പോയിരുന്നു. പിന്നീട് ജസീറിനെ വീട്ടിലേക്ക് എത്തിച്ചത് ദുരന്തവാര്‍ത്തയായിരുന്നു. മൂന്ന് മക്കള്‍ക്കായി കഷ്ടപ്പെട്ട് ജോലിയെടുക്കുന്ന ജസീറിനും റംലയ്ക്കും മക്കളുടെ വിയോഗം ഇനിയും ഉള്‍ക്കൊള്ളാനായിച്ചില്ല. ചെറിയ തയ്യല്‍ ജോലികള്‍ ചെയ്താണ് റംലയുടെ കുടുംബത്തിന്റെ പ്രാരാബ്ദം കുറച്ചിരുന്നത്.

ഞായറാഴ്ച പതിവുപോലെ കുട്ടികള്‍ തൊടികളിലും പറമ്ബുകളിലുമൊക്കെ കളിക്കാനായി വീട്ടില്‍ നിന്നും കണ്ണുവെട്ടിച്ച്‌ പോയതായിരുന്നു. വീട് വിട്ട് അധികം അകലത്തേക്ക് കുഞ്ഞുങ്ങള്‍ പോകുന്നത് പതിവില്ലാത്തതിനാല്‍ കാണാതായതിനെ തുടര്‍ന്ന് കുഞ്ഞുങ്ങളെ തേടി പോകാന്‍ ഒരുങ്ങുകയായിരുന്നു മാതാവ് റംല.

വേഗത്തില്‍ പാത്രങ്ങള്‍ കഴുകിവെച്ചശേഷം കുട്ടികളെ അന്വേഷിച്ച്‌ ഇറങ്ങിയപ്പോഴാണ് ഇവരുടെ കൂടെപോയ കളിക്കൂട്ടുകാരി ശ്രുതി കരഞ്ഞുകൊണ്ട് ഓടിവരുന്നത് കണ്ടതും റംല അപകടവിവരം അറിഞ്ഞതും. റംലയുടെ നിലവിളി കേട്ട് ഓടികൂടിയ നാട്ടുകാരാണ് കുട്ടികളെ മുങ്ങിയെടുത്തത്. അയല്‍ക്കാരായ ഗഫൂറും ഷാജഹാനും യാക്കൂബും ചേര്‍ന്ന് കുട്ടികളെ പുറത്തെടുത്തു. മിടുപ്പുണ്ടെന്ന് തോന്നിയതിനെ തുടര്‍ന്ന് ഒട്ടും സമയം കളയാതെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞുങ്ങളുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.