വീണ്ടും കണ്ണില്ലാത്ത ക്രൂരത; നായയെ അടിച്ച്‌ പരിക്കേല്‍പ്പിച്ച്‌ കുരുക്കിട്ട് റോഡിലൂടെ വലിച്ചിഴച്ചു; ഒരാള്‍ക്കെതിരെ കേസെടുത്തു

വീണ്ടും കണ്ണില്ലാത്ത ക്രൂരത; നായയെ അടിച്ച്‌ പരിക്കേല്‍പ്പിച്ച്‌ കുരുക്കിട്ട് റോഡിലൂടെ വലിച്ചിഴച്ചു; ഒരാള്‍ക്കെതിരെ കേസെടുത്തു

തൊടുപുഴ : തെരുവു നായയെ അടിച്ച്‌ പരിക്കേല്‍പ്പിച്ച്‌ കുരുക്കിട്ട് റോഡിലൂടെ വലിച്ചിഴച്ചു. കട്ടപ്പനയിലാണ് ഈ കണ്ണില്ലാത്ത ക്രൂരത നടന്നത്. നായയുടെ കഴുത്തില്‍ കുരുക്കിട്ട ശേഷം ടാറിട്ട റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കട്ടപ്പന സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. കട്ടപ്പന കൈരളി ജം​ഗ്‌ഷന്‍ മാണ്ടിയില്‍ ഷാബുവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കട്ടപ്പന കൈരളി ജം​ഗ്‌ഷനില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടക്കുന്നത്. നായയുടെ കഴുത്തില്‍ കുരുക്കിട്ട് റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. കണ്ടുനിന്ന ചിലരാണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹ്യമാദ്ധ്യമങ്ങളില്‍ പങ്കുവച്ചത്.

നായ തന്നെ ആക്രമിക്കാന്‍ എത്തിയപ്പോള്‍ പ്രതിരോധിച്ച ശേഷം കുരുക്കിട്ട് വലിച്ചുകൊണ്ടു പോകുകയായിരുന്നുവെന്ന് ഷാബു പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ശരീരത്തില്‍ സാരമായി പരുക്കേറ്റ നായയെ വെറ്ററിനറി ഡോക്ടര്‍ പരിശോധിച്ച ശേഷം മരുന്നുകള്‍ നല്‍കി. പരാതിക്കാരായ രണ്ട് യുവാക്കളെ നായയുടെ സംരക്ഷണം താത്കാലികമായി ഏല്‍പ്പിച്ചതായി പോലീസ് അറിയിച്ചു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്ന നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

എറണാകുളം പറവൂരില്‍ സമാനമായൊരു സംഭവം അടുത്തിടെ നടന്നിരുന്നു. കാറിന്റെ പിന്നില്‍ കെട്ടി നായയെ വലിച്ചുകൊണ്ട് പോവുകയായിരുന്നു. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ഇയാളുടെ ലൈസന്‍സ് മോട്ടോര്‍വാഹന വകുപ്പ് റദ്ദാക്കുകയും ചെയ്തിരുന്നു.