വ്യാജ പട്ടയ കേസിന് പിന്നിൽ വൻ ഗുഢാലോചന
എർണാകുളം- അങ്കമാലി അതിരൂപതയുടെ ഭൂമി വിൽപ്പനയെ സംബന്ധിച്ച് ഉണ്ടായ വിവാദങ്ങൾ വലിയ ഒരു വഴിത്തിരിവിൽ എത്തി നിൽക്കുന്നു. അതിരൂപത വിൽപ്പന നടത്തിയ അഞ്ച് ഭൂമികളിൽ ഒന്നായ നൈപുണ്യ സ്കൂളിന് എതിർവശമുള്ള സ്ഥലത്തിന് വ്യാജ പട്ടയമുണ്ടാക്കി വിൽപ്പന നടത്തി എന്ന പരാതിയിലാണ് കോടതി നിർദ്ദേശപ്രകാരം അന്വേഷണം നടത്തി വരുന്നത്. പ്രാഥമിക അന്വേഷണത്തിൽ വിവാദമായ പട്ടയം വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
യഥാർത്ഥത്തിൽ ഈ ഭൂമി 1927 -ൽ അതിരൂപതക്ക് വേണ്ടി മാർ ആഗസ്തീനോസ് കണ്ടത്തിൽ മെത്രാൻ്റെ പേരിൽ മൂന്ന് പ്രമാണങ്ങൾ പ്രകാരം ഉടമസ്ഥാവകാശം ലഭിക്കുകയും, അന്ന് മുതൽ ഈ ഭൂമി അതിരൂപത കൈവശം വെച്ച് വരികയുമാണ്. ഈ ഭൂമിക്ക് വിൽക്കാന്‍ ആവിശ്യമായ അടിസ്ഥാന പ്രമാണങ്ങൾ ഉള്ളപ്പോൾ എന്തിന് ഒരു പട്ടയമുണ്ടാക്കി എന്നതാണ് പോലീസിനെ കുഴക്കുന്നത്.
2011-ൽ അതിരൂപതയുടെ ചുമതല ഏറ്റെടുത്ത ശേഷം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക്, അതിരൂപതയുടെ വസ്തുക്കളുടെ ആധാരങ്ങൾ നോക്കുകയോ, പഠിക്കുകയോ ചെയ്യേണ്ട സാഹചര്യമോ, ആവശ്യമോ ഇല്ലാത്തതും, അദ്ദേഹത്തെ ഭരണനിർവ്വഹണത്തിൽ സഹായിക്കുന്നതിന് വികാരി ജനറാൾ ഉള്ളതും ആയത് വികാരി ജനറാൾ നിർവ്വഹിച്ച് വരുന്നതും ആണ്. വിൽപ്പന നടന്ന കാലത്തെ വികാരി ജനറാൾ, സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ആയിരുന്നു. കഴിഞ്ഞ പതിനെട്ട് വർഷക്കാലം അരമനയിൽ ഇരുന്ന അദ്ദേഹം അറിയാതെ ഒരു ഇല അനങ്ങില്ല എന്നാണ് വിശ്വാസികൾ അടക്കം പറയുന്നത്. ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുന്നിൽ നിന്ന് ചെയ്തത് വികാരി ജനറാൾ ആയിരുന്നു. പിന്നീട് വിൽപ്പന വിവാദമായപ്പോൾ ടിയാൻ വിമതവൈദീകർക്കൊപ്പം ചേരുകയും, ഗുഢാലോചനയുടെ നേതാവാകുകയും ചെയ്തു. ഇതാണ് അദ്ദേഹം സംശയത്തിൻ്റെ നിഴലിൽ ആകുന്നത്.
ഈ കേസിൽ ആരോപണ വിധേയനായ മുൻ പ്രൊക്യുറേറ്റർ 2014 ജൂണിലാണ് ചുമതല ഏൽക്കുന്നത്. അദ്ദേഹത്തെ സഹായിക്കാൻ ഒരു അസിസ്റ്റൻ്റ് പ്രൊക്യുറേറ്ററും ഉണ്ടായിരുന്നു.
അതിരൂപതയുടെ ഉപദേശക സമിതികളുടെ മീറ്റിങ്ങിലെ മിനിട്സ് പരിശോധിച്ചാൽ ആദ്യം വിൽപ്പനക്ക് തീരുമാനിച്ച വരന്തരപ്പള്ളി, കളമശ്ശേരി, കുണ്ടന്നൂർ തുടങ്ങിയ ഭൂമികളുടെ രേഖകൾ ശരിയല്ലാത്തതിനാൽ ആ ഭൂമികളുടെ വിൽപ്പന മാറ്റി വെക്കുകയും, ആയതിന് വേണ്ടി കേസ് അടക്കമുള്ള നടപടികൾ ചെയ്തു. സ്വാഭാവികമായി ഈ ഭൂമിക്ക് രേഖകൾ പ്രശ്നമുണ്ടായിരുന്നെങ്കിൽ ഈ ഭൂമിയുടെ വിൽപ്പനയും മാറ്റിവെക്കുമായിരുന്നു. അതിൻ്റെ അർത്ഥം ഈ വ്യാജരേഖ ആരോ ബോധപൂർവം ഉണ്ടാക്കി ഈ വസ്തുവിൻ്റ രേഖകളുടെ ഭാഗമാക്കിയതാണ്. ഇത് കർദ്ദിനാളിനെ കുടുക്കാൻ നടത്തിയ ഗൂഢാലോചനയുടെ ഫലമായി ഉണ്ടാക്കിയതാണ് എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.
അതിരൂപതക്ക് വേറെയും ധാരാളം വസ്തുക്കൾ നിലവിലിരിക്കെ ഒരു പട്ടയം വ്യാജമായി നിർമ്മിച്ച് വസ്തുവിൽക്കേണ്ട ആവിശ്യമില്ല. മേജർ ആർച്ച് ബിഷപ്പിനോ, പ്രൊക്യുറേറ്റർക്കോ വ്യക്തിപരമായി ഈ വസ്തു വിറ്റ് ഒരു നേട്ടം ഉണ്ടാക്കാനാവില്ല, ഇടനിലക്കാരെ വിൽക്കാൻ ഏൽപ്പിച്ചത് ശരിയായ രേഖകൾ ഉള്ള വസ്തുക്കൾ മാത്രമാണ്. മാത്രമല്ല വസ്തു വിറ്റ് കിട്ടിയ പണം മുഴുവനും അതിരൂപതയുടെ അക്കൗണ്ടിൽ ആണ് വന്നിട്ടുള്ളത്.
പ്രാഥമിക അന്വേഷണത്തിൽ പ്രതികളെ കുറിച്ച് പോലീസിന് ചില തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഈ വസ്തു ഇടപാട് നടന്നപ്പോൾ വസ്തു അളക്കാനും വില്ലേജ് രേഖകൾ എടുക്കാനും നടന്നത്, അതിരൂപതയിൽ സ്ഥിരമായിട്ട് ഇത്തരം ആവശ്യങ്ങൾക്ക് നടക്കുന്നയാളാണ്. ഇദ്ദേഹം വിമതവൈദീകരുടെയും മുൻ സഹായമെത്രാൻ്റെയും ഒരു ആജ്ഞാനുവർത്തി കൂടിയാണ്. വസ്തു മേടിച്ചവർ ഇക്കാര്യം പോലീസിൻ്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. പോലീസ് ഇദ്ദേഹത്തെ നിരീക്ഷിച്ച് വരികയാണ്. ഇദ്ദേഹം വിവാദ ഭൂമി വിൽപ്പനക്ക് മുമ്പും ശേഷവും അതിരൂപതക്കും, അതിരൂപതയുടെ സ്ഥാപനങ്ങൾക്കും,രൂപതയ്ക്ക് പുറത്തുള്ള വെക്തികള്‍ ,സ്ഥാപനങ്ങള്‍ ,മറ്റു സഭകള്‍ ,ഇതര സംഘടനകള്‍ എന്നിവര്‍ക്ക് വേണ്ടിയും ഇത്തരം കാര്യങ്ങള്‍ ചെയ്ത് വരുന്ന ആളാണ് ഇക്കാര്യങ്ങളെല്ലാം പോലീസിന്റെ നിരീക്ഷണ പരിധിയിൽ വന്നിട്ടുമുണ്ട് .
കൂടാതെ പ്രൊക്യുറേറ്ററുടെ പേരിൽ ഒരു അപേക്ഷ തയ്യാറാക്കുകയും, അതിൽ ഒപ്പ് വ്യാജമായി ഇട്ട് വില്ലേജിൽ അപേക്ഷ കൊടുത്തത് ആരാണ് ? ആർക്ക് വേണ്ടി ?. ഈ വ്യാജ അപേക്ഷ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതാണ് കേസിൻ്റെ ഗതി മാറ്റുന്ന ട്വിസ്റ്റ്. മാത്രമല്ല അതിരൂപതയിലെ ഒരോ രേഖകളും അരമനക്ക് പുറത്തേക്ക് കൊടുക്കുമ്പോൾ ആര് കൊണ്ടു പോയാലും ഓഫീസിലെ മൂവ്മെൻ്റ് രജിസ്റ്ററിൽ ചേർത്ത് മാത്രമേ കൊടുക്കാറുള്ളു എന്ന് മുൻ പ്രൊക്യുറേറ്റർ മൊഴി കൊടുത്തിട്ടുണ്ട്. അപ്പോൾ അതിരൂപതയുടെ പക്കൽ ഈ രേഖ നേരത്തെ ഉണ്ടായിരുന്നതാണോ എന്നും, ആരാണ് അവിടന്ന് കൊണ്ടുപോയത് എന്നും, മറിച്ച് വില്ലേജിൽ ആരാണ് ഹാജരാക്കിയത് എന്നും പോലീസിന് നിഷ്പ്രയാസ്സം കണ്ടെത്താവുന്നതാണ്.
അതിലെല്ലാം ഉപരി ഈ വ്യാജ പട്ടയം സംബന്ധിച്ച് ആദ്യമായി ആരോപണം പുറത്ത് വിടുന്നത് മാരാംപറമ്പിൽ കമ്മീഷനാണ്. ഈ കമ്മീഷൻ ചെയർമാനാണ് പിന്നീട് കർദ്ദിനാളിനെ സ്ഥാനഭ്രഷ്ടനാക്കാൻ വ്യാജരേഖ ചമച്ച കേസിൽ മറ്റ് വൈദികരോടൊപ്പം പ്രതിയായത് എന്നും ചേർത്ത് വായിക്കേണ്ടത് ഉണ്ട്.
അതിരൂപതയിലെ ഭൂമി വിൽപ്പനയിൽ ഉൾപ്പെട്ട ഈ വ്യാജ പട്ടയം സംബന്ധിച്ച് പരാതിക്കാരനായ പോളച്ചൻ പുതുപ്പാറക്ക് എവിടന്ന് അറിവ് കിട്ടി എന്ന് അദ്ദേഹം വെളിപ്പെടുത്തേണ്ടതാണ്. ഈ രേഖയുടെ പകർപ്പ് ആരാണ് അദ്ദേഹത്തിന് കൈമാറിയത് എന്നറിഞ്ഞാൽ, കുറ്റക്കാരിലേക്ക് വഴിതെളിക്കും, ഈ കേസിൽ ഫാ.ബെന്നി മാരാംപറമ്പിൽ കോടതിയിൽ കൊടുത്ത മൊഴിയാണ് അദ്ദേഹത്തെയും സംശയത്തിൻ്റെ മുനയിൽ നിർത്തുന്നത്.
"അതിരൂപത ഭൂമി വിൽപ്പന സംബന്ധിച്ച വിവാദങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് കൊടുക്കാൻ എൽപ്പിച്ചതിന് പ്രകാരം അതിരൂപതയിലെ ചില രേഖകൾ പരിശോധിച്ചതിൽ സംശയം തോന്നി അന്വേഷിച്ചപ്പോൾ മനസ്സിലായി വ്യാജ രേഖയാണെന്ന്", ഇങ്ങനെയാണ് കോടതിയിൽ മൊഴി കൊടുത്തത്, എങ്കിൽ കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയപ്പോൾ പ്രഥമവും പ്രധാനമായും വിവരിക്കേണ്ട ഈ കാര്യം എന്ത് കൊണ്ട് ഫാ.ബെന്നി മാരാംപറമ്പിൽ മറച്ച് വെച്ചു.
കൂടാതെ അദ്ദേഹം കൂട്ടിയ നഷ്ട കണക്കിൽ ഈ ഭൂമിക്ക് എന്തിന് കൂടിയ വില കാണിച്ചു.
സഭയുടെ തലവനെതിരെ സമാനതകളില്ലാതെ വ്യാജ ബാങ്ക്സ്റ്റേറ്റുമെൻ്റുകൾ ഉണ്ടാക്കി അത് ഒറിജിനൽ ആണ് എന്ന് പറഞ്ഞ് പത്ര സമ്മേളനം നടത്തിയവർക്കെതിരെ ബുമാറാങ്ങായി അവർ തൊടുത്തുവിട്ട ആയുധം തിരിച്ചടിച്ച കാഴ്ച നാം കണ്ടതാണ്. അധികം വൈകാതെ വ്യാജ പട്ടയ വിവാദത്തിലും ഇത് കാണേണ്ടി വരും, സത്യം മറ നീക്കി പുറത്ത് വരുമെന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.
കൂടുതൽ അന്വേഷണത്തിന് വേണ്ടി കോടതി അനുമതിക്കായി പോലീസ് കാത്തിരിക്കുന്നു, ഒടുവിൽ വാദി പ്രതിയായി മാറുന്ന കാഴ്ച വിദൂരമല്ല. അതിൻ്റെ വെപ്രാളം അവരിൽ കണ്ട് തുടങ്ങിയെന്ന് അതിരൂപതയിലെ ചില മുതിർന്ന വൈദീകർ അടക്കം പറയുന്നു. അതിരൂപതയിലെ ഒരു പ്രമുഖ വിമത വൈദീകൻ്റെ അടുത്ത ബന്ധുകൂടിയാണ് പരാതിക്കാരൻ എന്നും പറയപ്പെടുന്നു.
അന്വേഷണം മുറുകുമ്പോൾ വ്യാജ രേഖകളുടെ പരമ്പര സൃഷ്ടിച്ച വിമതവൈദീകർ തന്നെ ഇതിന് മറുപടി പറയേണ്ടി വരും.
കർദ്ദിനാളിനോ, മുൻ പ്രെക്യുറേറ്റർക്കോ, ഇടനിലക്കാര്‍ക്കോ വ്യാജ പട്ടയമുണ്ടാക്കി അതിരുപതാ ഭൂമി വിറ്റത് കൊണ്ട് യാതൊരു നേട്ടവുമില്ലായെന്നിരിക്കെ, കർദ്ദിനാളിനെ അരോപണ വിധേയനാക്കി രാജിവെപ്പിക്കാൻ ചില വിമത വൈദീകർ നടത്തിയ ഗുഢാലോചനയുടെ ഭാഗമാണ് ഈ വ്യാജ പട്ടയ സൃഷ്ടിയെന്ന് സംശയിക്കാൻ ഒത്തിരി സാഹചര്യങ്ങൾ ഉണ്ട്. പല വ്യാജ രേഖകൾ ഉണ്ടാക്കിയതിൽ ഒന്നായ ഇതിൻ്റെ പ്രായോക്താക്കളും ഗുണഭോക്താക്കളും ആരെന്ന് കാത്തിരുന്ന് കാണാം പോലീസ് അന്വേഷണം ശക്തമായി നടക്കട്ടെ.



Author Coverstory


Comments (0)