ഇന്ധന വിലയില്‍ സെഞ്ച്വറി ; നരേന്ദ്ര മോദിയെ അഭിനന്ദിച്ച് മധ്യപ്രദേശ് മന്ത്രി
ഭോപാല്‍: രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് മധ്യപ്രദേശ് മന്ത്രി. മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരങ്കാണ് മോദിക്ക് അഭിനന്ദനവുമായി എത്തിയത്. രാജ്യത്ത് സോളാര്‍, വൈദ്യുത ഊര്‍ജ ഉപയോഗം വര്‍ധിപ്പിക്കുന്നതിനാണ് മോദിയുടെ നീക്കം. ആഗോള എണ്ണവില നിര്‍ണയിക്കുന്നതില്‍ ഇതോടെ ഇന്ത്യക്ക് പ്രധാനപങ്കുവഹിക്കാനുമെന്നും അദ്ദേഹം പ്രതികരിച്ചു.
‘നോക്കൂ… ഞാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിക്കുന്നു. അന്താരാഷ്ട്ര വില നിര്‍ണയിക്കുന്നതിനും സോളാര്‍ ഊര്‍ജ ഉപയോഗം ഗതാഗത മേഖലയില്‍ ഉപയോഗപ്പെടുത്താനും ഇത് വഴിവെക്കും. മോദിയുടെ നീക്കം വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കും. അതിലൂടെ അന്താരാഷ്ട്ര എണ്ണവിലയെ ഇന്ത്യക്ക് നിയന്ത്രിക്കാനാകും’ – എണ്ണവില നിയന്ത്രണത്തിന് സംസ്ഥാന നികുതി കുറക്കാന്‍ നീക്കമുണ്ടോയെന്ന ചോദ്യത്തിനാണ് മന്ത്രി വിശ്വാസിന്റെ മറുപടി.
‘ആഗോളവിപണിയില്‍ ഉല്‍പാദനവും ആവശ്യകതയുമാണ് വില നിര്‍ണയിക്കുക. ആവശ്യകത കുറച്ചുകൊണ്ടുവരികയാണെങ്കില്‍ രാജ്യത്തെ വിലയില്‍ നിയന്ത്രണമുണ്ടാകും. അതിനാലാണ് രാജ്യത്ത് വൈദ്യുത വാഹനങ്ങള്‍ കൊണ്ടുവരാന്‍ മോദിജി തീരുമാനിച്ചത്. ഞങ്ങള്‍ക്ക് എണ്ണവില നിയന്ത്രിക്കാന്‍ കഴിയും -വിശ്വാസ് സാരങ്ക് കൂട്ടിച്ചേര്‍ത്തു .
ഇന്ധനത്തിന് ഏറ്റവും കൂടുതല്‍ വാറ്റ് നികുതി ഏര്‍പ്പെടുത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. പെട്രോളിന് 4.50 രൂപയും ഡീസലിന് 2 രൂപയുമാണ് വാറ്റ്.അതെ സമയം സംസ്ഥാനത്ത് പെട്രോള്‍ വില നൂറു കടന്നിരുന്നു. രാജ്യത്ത് ആദ്യമായി രാജസ്ഥാനിലെ ശ്രീഗംഗാനഗറിലും മധ്യപ്രദേശിലെ അനുപ്പൂര്‍ ജില്ലയിലുമാണ് പെട്രോള്‍ വില നൂറുകടന്നത്. ഈ സാഹചര്യത്തില്‍ വിലക്കുറവ് കണക്കിലെടുത്ത് അതിര്‍ത്തി കടന്ന് നേപ്പാളിലെത്തി പെട്രോള്‍ വാങ്ങുകയാണ് ഇന്ത്യന്‍ ജനത.
Comments (0)