സാന്ത്വന സ്പര്‍ശം അദാലത്ത്: ടാഗോര്‍ ഹാളില്‍ മന്ത്രി ടി. പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

സാന്ത്വന സ്പര്‍ശം അദാലത്ത്: ടാഗോര്‍ ഹാളില്‍ മന്ത്രി ടി. പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ജനങ്ങളുടെ വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നടത്തുന്ന സാന്ത്വന സ്പര്‍ശം അദാലത്ത് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി. പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അദാലത്തിനെത്തുന്ന മുഴുവന്‍ ആളുകളുടെയും അപേക്ഷകളില്‍ പരിഹാരം കാണുമെന്ന് മന്ത്രി പറഞ്ഞു. താമരശ്ശേരി, കോഴിക്കോട് താലൂക്കുകളിലെ അപേക്ഷകളാണ് പരിഗണിച്ചത്. ഒന്ന് രണ്ട് തിയ്യതികളിലായി കൊയിലാണ്ടി, വടകര താലൂക്കുകളില്‍ അദാലത്ത് വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു.

കോവിഡ് കാലത്ത് സംസ്ഥാനത്തെ മുഴുവന്‍ ആളുകളുടെയും ക്ഷേമമുറപ്പാക്കാന്‍ സര്‍ക്കാരിന് സാധിച്ചെന്ന് ന്യൂനപക്ഷ ക്ഷേമ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. ടി ജലീല്‍ പറഞ്ഞു. കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്ന സാന്ത്വന സ്പര്‍ശം അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 90 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ റേഷന്‍ നല്‍കാന്‍ സാധിച്ചത് അഭിമാനകരമാണ്. 60 ലക്ഷത്തില്‍ അധികം ആളുകള്‍ക്ക് ക്ഷേമ പെന്‍ഷന്‍ നല്‍കുന്ന സാഹചര്യമുണ്ടായെന്നും മന്ത്രി പറഞ്ഞു.

എം.എല്‍.എമാരായ പുരുഷന്‍ കടലുണ്ടി, പി. ടി. എ റഹീം, വി. കെ. സി മമ്മദ്കോയ, കോര്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ്, ജില്ലാ കലക്ടര്‍ സാംബശിവറാവു, ഡി. ഡി. സി അനുപം മിശ്ര, അസിസ്റ്റന്റ് കലക്ടര്‍ ശ്രീധന്യ സുരേഷ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.