കഥകളി അചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടി അന്തരിച്ചു
കോട്ടയം: കഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടി (81) അന്തരിച്ചു. കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളാണ് മരണ കാരണം. കോവിഡ് ബാധിതനായി കഴിഞ്ഞ മാസം അവസാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വീട്ടിലേക്ക് മടങ്ങിയെങ്കിലും അഞ്ച് ദിവസം മുന്‍പ് ആരോഗ്യ സ്ഥിതി മോശമായതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഥകളിയിലെ സ്ത്രീ വേഷങ്ങളിലൂടെ പ്രശസ്തനായ ഗോവിന്ദന്‍ കുട്ടി ഗുരു കുടമാളൂര്‍ കരുണാകരന്‍ നായരുടെ മരുമകനാണ്.
1940ല്‍ കുട്ടനാട്ടിലെ മാത്തൂര്‍ കുടുംബത്തിലാണ് മാത്തൂര്‍ ഗോവിന്ദന്‍കുട്ടി ജനിച്ചത്. പതിനാലാം വയസില്‍ ജ്യേഷ്ഠന്‍ മോഹനകുഞ്ഞു പണിക്കരുടെ പ്രേരണയില്‍ കഥകളി അഭ്യസിക്കാന്‍ തുടങ്ങി.
നെടുമുടി കുട്ടപ്പപണിക്കര്‍, കുറിശ്ശി കുഞ്ഞന്‍ പണിക്കര്‍, അമ്ബലപ്പുഴ ശേഖരന്‍, ഭാര്യാ പിതാവ് കുടമാളൂര്‍ കരുണാകരന്‍ നായര്‍ എന്നിവരുടെ കീഴിലായിരുന്നു കഥകളി പഠനം.
കേന്ദ്ര സംസ്ഥാന സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍, കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെലോഷിപ്പ്, കേരള സംസ്ഥാന കഥകളി പുരസ്‌കാരം, കേരള കലാമണ്ഡലം ഫെലോഷിപ്പ്, കലാമണ്ഡലം കൃഷ്ണന്‍ നായര്‍ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി ഭരണസമിതി അംഗമായിരുന്നു. ഭാര്യ പരേതയായ രാജേശ്വരി. മക്കള്‍: ചെണ്ട വിദ്വാന്‍ ഗോപീകൃഷ്ണന്‍, കഥകളി നടനായ കുടമാളൂര്‍ മുരളീകൃഷ്ണന്‍.



Author Coverstory


Comments (0)