'എന്റെ കുഞ്ഞിനെ ഇവിടെ തനിച്ചാക്കി ഞാന്‍ വരില്ല, അവള്‍ക്ക് ഒറ്റയ്ക്ക് പേടിയാ': രജനിയുടെ ഉള്ളുലക്കുന്ന കരച്ചില്‍

'എന്റെ കുഞ്ഞിനെ ഇവിടെ തനിച്ചാക്കി ഞാന്‍ വരില്ല, അവള്‍ക്ക് ഒറ്റയ്ക്ക് പേടിയാ': രജനിയുടെ ഉള്ളുലക്കുന്ന കരച്ചില്‍


റാന്നി : പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ ഹരീഷിന്റെയും രജനിയുടെയും നെഞ്ച് പൊട്ടിയുള്ള കരച്ചില്‍ ഇനിയും അവസാനിച്ചിട്ടില്ല. പൊന്നുപോലെ നോക്കിയ മകള്‍ മണ്ണോട് ചേരുന്നത് കണ്ടതിന്റെ വേദനയിലാണ് ഇരുവരും. തെരുവുനായ കടിച്ച് ചികിത്സയില്‍ കഴിയുമ്പോഴും രജനിക്കും ഹരീഷിനും പ്രതീക്ഷ ഉണ്ടായിരുന്നു. 'എന്റെ കുഞ്ഞിനെ ഇവിടെ തനിച്ചാക്കി ഞാന്‍ വരില്ല, അവള്‍ക്ക് ഒറ്റയ്ക്ക് പേടിയാ, അവള്‍ ഒരിടത്തും ഒറ്റയ്ക്ക് പോയിട്ടില്ല'-അമ്മ രജനിയുടെ നൊമ്പരം. '12 വയസുവരെ പൊന്നുപോലെ കൊണ്ടുനടന്നതാ ഞങ്ങടെ കുഞ്ഞിനെ. കുഞ്ഞിന്റെ അവയവങ്ങള്‍ മുഴുവന്‍ വാക്‌സിന്‍ കമ്പിക്കാര്‍ കൊണ്ടുപോയി'-ഹരീഷ് കണ്ണീരോടെ പറയുന്നു. മൂന്ന് തവണ വാക്‌സിന്‍ എടുത്തതോടെ മകള്‍ ജീവിതത്തിലേക്ക് തിരിച്ച് വരുമെന്ന് തന്നെയായിരുന്നു ഇവര്‍ കരുതിയത്. എന്നാല്‍, ഇവരുടെ പ്രതീക്ഷകളെല്ലാം അമ്പേ തകര്‍ത്ത് അഭിരാമി എന്നെന്നേക്കുമായി യാത്രയായി. ഇതോടെ, കേരളത്തിലെ ആരോഗ്യ സംവിധാനങ്ങളുടെ പിടിപ്പുകേടായി റാന്നിയിലെ കുരുന്നിന്റെ മരണത്തെ സോഷ്യല്‍ മീഡിയ വിമര്‍ശിച്ചു. ഓഗസ്ത് 13 ന് രാവിലെ ഏഴ് മണിക്കാണ് അഭിരാമിയെ തെരുവുനായ കടിച്ചത്. 7:30 ഓടെ പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ഇവിടെ ഡോക്ടര്‍ ഉണ്ടായിരുന്നില്ല. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ 10 മണിയായി. ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ആദ്യ വാക്‌സിന്‍ നല്‍കിയത്. ഓഗസ്ത് 16 ന് രണ്ടാമത്തെ വാക്‌സിന്‍ നല്‍കി. ഓഗസ്ത് 20 ന് മൂന്നാമത്തെ വാക്‌സിനും നല്‍കി. സെപ്തംബര്‍ 10 ന് നാലാമത്തെ വാക്‌സിന്‍ എടുക്കാന്‍ വരണമെന്നും പറഞ്ഞ് കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു. ഇതിനിടെ സെപ്തംബര്‍ ഒന്നിന് ആരോഗ്യ നില വഷളായതോടെ അഭിരാമിയെ വീണ്ടും ആശിപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എക്‌സ്‌റേ എടുത്ത ശേഷം കുഴപ്പമൊന്നും ഇല്ലെന്ന് പറഞ്ഞ്, വിദഗ്ധ ചികിത്സയ്ക്കായി നിര്‍ദ്ദേശിക്കാതെ വീട്ടിലേക്ക് തിരിച്ചയച്ചു. രണ്ടാം തീയതി വായില്‍ നിന്നും നുരയും പാതയും വന്നതോടെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി. ചികിത്സയില്‍ കഴിയവേ അഞ്ചിനാണ് അഭിരാമി മരണപ്പെടുന്നത്.