കേരള ബാങ്കിനെതിരായ ഹര്‍ജി; ഹൈക്കോടതി ഇന്ന് വിധി പറയും

കേരള ബാങ്കിനെതിരായ ഹര്‍ജി; ഹൈക്കോടതി ഇന്ന് വിധി പറയും

കൊച്ചി: കേരളാ ബാങ്കിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സില്ലാതെയാണ് കേരളാ ബാങ്കിന്റെ ഭൂരിപക്ഷം ശാഖകളും പ്രവര്‍ത്തിക്കുന്നതെന്നാണ് ഹര്‍ജിയിലെ ആരോപണം.ബാങ്കിംഗ് നിയന്ത്രണ നിയമ പ്രകാരം 20 ശാഖകളുടെയും 3 റീജിയണല്‍ ഓഫീസുകളുടെയും പ്രവര്‍ത്തനത്തിനു മാത്രമാണു ബാങ്കിന് ആര്‍.ബി.ഐ ലൈസന്‍സ് ലഭിച്ചത്. അതിനാല്‍ ലൈസന്‍സില്ലാത്ത ശാഖകള്‍ പൂട്ടുവാന്‍ ആര്‍.ബി.ഐ.യ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.ലൈസന്‍സിനു വേണ്ടി നല്‍കിയ അപേക്ഷ തള്ളാത്ത പക്ഷം ശാഖകളുടെ പ്രവര്‍ത്തനം നിയമവിരുദ്ധമാകില്ലെന്നാണ് ആര്‍.ബി.ഐയുടെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്.അതേസമയം, കേരളാ ബാങ്ക് എന്ന പേര് ഉപയോഗിക്കുന്നതും അനുമതിയില്ലാതെയാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഹര്‍ജിയില്‍ ജസ്റ്റിസ് സതീഷ് നൈനാനാണ് ഇന്ന് വിധി പറയുക.