ഓടിയത് 5 വർഷം മാത്രം, 3 വർഷമായി തുരുമ്പെടുത്തു കിടക്കുന്നു; നഗരസഭ 19 ഓട്ടോ ലേലം ചെയ്യുന്നു

ഓടിയത് 5 വർഷം മാത്രം, 3 വർഷമായി തുരുമ്പെടുത്തു കിടക്കുന്നു; നഗരസഭ 19 ഓട്ടോ ലേലം ചെയ്യുന്നു

കളമശേരി • വീടുകളിൽ നിന്നു മാലിന്യം ശേഖരിച്ചു ഡംപിങ്‌യാഡിൽ എത്തിക്കുന്നതിനു 2013ൽ നഗരസഭ വാങ്ങിയ 19 പെട്ടി ഓട്ടോ ഉപയോഗ ശൂന്യമാണെന്നു കാണിച്ചു വിൽക്കാൻ നീക്കം. 5 വർഷം മാത്രം ഓടിയ ഈ വാഹനങ്ങൾ 3 വർഷമായി തുരുമ്പെടുത്തു നശിക്കുകയാണ്. ഇവയടക്കം 23 വാഹനങ്ങളാണു നഗരസഭ ലേലം ചെയ്യുന്നത്. മാലിന്യം കയറ്റുന്ന വാഹനങ്ങളുടെ പരിപാലനത്തിൽ ഡ്രൈവർമാർ വരുത്തിയ വീഴ്ചയും ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലെ പിഴവുകളുമാണു ചുരുങ്ങിയ കാലയളവിനുള്ളിൽ ഈ വാഹനങ്ങളെ കണ്ടം ചെയ്യേണ്ട‌ അവസ്ഥയിലേക്ക് എത്തിച്ചത്.
മാലിന്യം ഇറക്കിയ ശേഷം ഇവ കഴുകാറില്ല. തകരാറുകൾ പരിഹരിക്കാനും ശ്രമിച്ചില്ല. ഡംപിങ്‌ യാഡിനു സമീപം തള്ളിയ വാഹനങ്ങൾ പലതിന്റെയും യന്ത്രഭാഗങ്ങളടക്കം നഷ്ടപ്പെട്ടിട്ടുണ്ട്. ആക്രിവിലയ്ക്കു തൂക്കിവിൽക്കുകയല്ലാതെ മറ്റു മാർഗമില്ല. നന്നാക്കിയതിന്റെ പണം നൽകാത്തതിനാൽ ചില വാഹനങ്ങൾ വർക്‌ഷോപ്പുകാരുടെ കസ്റ്റഡിയിലാണ്. ഡംപിങ് യാഡിൽ മാലിന്യം തള്ളി നീക്കുന്നതിനു വാങ്ങിയ ട്രാക്ടറും പാഴ്‌വസ്തുവായി മാറി.
വാങ്ങിയ വാഹനങ്ങളെല്ലാം ചുരുങ്ങിയ കാലത്തിനുള്ളിൽ ഉപേക്ഷിക്കേണ്ടി വന്നതിൽ പരിശോധന വേണമെന്നും പിഴവുകൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നും നഗരസഭാധ്യക്ഷ സീമ കണ്ണന്റെ അധ്യക്ഷതയിൽ കൂടിയ കൗ‍ൺസിൽ യോഗത്തിൽ പ്രതിപക്ഷാംഗങ്ങൾ ആവശ്യപ്പെട്ടു. മാലിന്യത്തിൽ നിന്നുള്ള മലിനജലം വീണതുമൂലമാണു വാഹനങ്ങൾ നശിച്ചതെന്നാണു ഭരണപക്ഷത്തിന്റെ വിശദീകരണം. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾക്കു ഇറിഗേഷൻ വകുപ്പ് സാങ്കേതിക വിഭാഗത്തിന്റെ മൂല്യനിർണയ സർട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം തീരുമാനമെടുക്കാമെന്നു കൗൺസിൽ യോഗം തീരുമാനിച്ചു.