റോഡ് സംസ്കാരവുമായി ബന്ധപ്പെട്ട് വിപ്ലവകരമായ മാറ്റങ്ങൾ നമ്മുടെ റോഡിൽ കൊണ്ടുവരാൻ സാധിക്കുന്ന ബോധവൽക്കരണ പരിപാടികൾക്ക് കൊച്ചിൻ ഷിപ്പിയാടിന്റെ സഹകരണത്തോടെ കേരള മോട്ടോർ വാഹന വകുപ്പ് തുടക്കം കുറിക്കുകയാണ്. പരസ്പര സഹകരണവും ബഹുമാനവും നല്ലൊരു സംസ്കാരത്തിൻറെ മുഖമുദ്രയാണ്. റോഡിലെ പരസ്പര സഹകരണത്തിന്റെ ആവശ്യം മറ്റാരെക്കാളും നമുക്ക് പ്രാധാന്യമർഹിക്കുന്നതാണ്. കാരണം നമ്മുടെ വാഹന സാന്ദ്രത വികസിത രാജ്യങ്ങളുടേത് സമാനമാണ്. എന്നാൽ റോഡുകൾ പലപ്പോഴും ആ നിലവാരത്തിലുള്ളതല്ല. റോഡിലെ തിക്കിനും തിരക്കിനും, ഡ്രൈവിംഗ് കൂടുതൽ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നതിനും ഇത് പലപ്പോഴും കാരണമാകുന്നുണ്ട്. പരസ്പര സഹകരണത്തിന്റെ ആണിക്കല്ലുകൾ എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന മൂന്ന് വാക്കുകളാണ് താങ്ക്സ്, സോറി, പ്ലീസ് എന്നിവ. റോഡിൽ ഇവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതു വഴി കൂടുതൽ പരസ്പര സഹകരണം ഉള്ള ഒരന്തരീക്ഷം റോഡിൽ സംജാതമാകും. നിയമത്തിന്റെ അടിച്ചേൽപ്പിക്കലുകൾ ഇല്ലാതെ ജനമനസ്സുകളിൽ വൈകാരികമായി സ്വാധീനം ചെലുത്തി, അവരെ നല്ലൊരു റോഡ് സംസ്കാരത്തിലേക്ക് വഴി നടത്താൻ ഇതുവഴി സാധിക്കും.
ഇതിൻറെ ആദ്യഘട്ടം എന്ന നിലയിൽ പരസ്യ ചിത്രത്തിൻറെ മാതൃകയിൽ മലയാളത്തിലെ പ്രമുഖ സെലിബ്രിറ്റികൾ അണിനിരക്കുന്ന, അവരുടെ സന്ദേശങ്ങൾ അടങ്ങിയ 6 വീഡിയോ ഫിലിമുകൾ തയ്യാറാക്കിയിട്ടുണ്ട്.
അതിൻറെ സ്വാധീനം പൂർണമായും ജനങ്ങളിലേക്ക് എത്തിക്കുന്നതിനും നിലനിർത്തുന്നതിനും വേണ്ട ആസൂത്രിതമായ ബോധവൽക്കരണ പരിപാടികളുടെ ഭാഗം എന്ന നിലയിൽ, ക്യാമ്പയിൻ മുഖേന നടപ്പിൽ വരുത്താൻ ആഗ്രഹിക്കുന്ന ആശയം ഉൾക്കൊള്ളുന്ന ഒരു ലോഗോ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. കൂടുതൽ പ്രചാരണത്തിന് ഇംഗ്ലീഷിലും മലയാളത്തിലും ലോഗോ തയ്യാറാക്കിയിട്ടുണ്ട്.
ബോധവൽക്കരണത്തിന്റെ ഭാഗമായി ഇത്തരത്തിൽ പ്രിൻറ് ചെയ്യുന്ന ലോഗോ വാഹനങ്ങളുടെ പിൻഭാഗത്ത് പതിപ്പിക്കാവുന്നതാണ്. ഒരു ഡ്രൈവറെ സംബന്ധിച്ച് കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന ഭാഗം മുൻപേ പോകുന്ന വാഹനങ്ങളുടെ പിൻഭാഗമാണ് അത്തരം സ്ഥലങ്ങളിൽ നിലവിലെ തെറ്റായ സന്ദേശങ്ങൾ മാറ്റി പരസ്പര സഹകരണത്തിന് ഊന്നൽ നൽകുന്ന ക്യാമ്പയിൻ ലോഗോ പതിപ്പിക്കാവുന്നതാണ്.
ഈ ആവശ്യത്തിന് സന്നദ്ധ സംഘടനകളുടെയും ക്യാമ്പസ് കേന്ദ്രീകരിച്ചുള്ള സംഘടനകളുടെയും സഹായം സ്വീകരിക്കാവുന്നതാണ്.
ഡ്രൈവിംഗ് സമയത്ത് കൂടുതൽ ഉപയോഗിച്ച് വരുന്ന മീഡിയ FM ആയതുകൊണ്ട് റേഡിയോ ജോക്കികൾക്ക് ഈ വിഷയത്തെക്കുറിച്ച് കൂടുതൽ അവബോധം നൽകാനും, അവരെക്കൊണ്ട് വിഷയാസ്പദമായി കൂടുതൽ സംസാരിപ്പിക്കാനും ,അതുവഴി റോഡ് ഉപയോഗിക്കുന്നവരുടെ ഇടയിൽ പരസ്പര ബഹുമാനത്തിന്റെ വിത്ത് വിതയ്ക്കാൻ നമ്മുടെ ആശയം ഉപയോഗപ്പെടുത്താനും ശ്രമിക്കും.
ആശയ പ്രചരണത്തിനായി തയ്യാറാക്കിയിരിക്കുന്ന ലോഗോ മാത്രമായും ബോധവൽക്കരണം സാധിക്കും എന്നതിനാൽ ഈ ലോഗോ പതിപ്പിച്ച ടീഷർട്ടുകൾ ആശയപ്രചാരണത്തിന് വളരെ ഗുണം ചെയ്യും. പ്രചരണത്തിന്റെ ഭാഗമാകുന്ന സന്നദ്ധ സംഘടനകളുടെ അംഗങ്ങൾക്കും മറ്റും ഇത്തരം ടീഷർട്ടുകൾ ഉപയോഗിക്കാവുന്നതാണ്.
കൂടാതെ റോഡിലെ നമ്മുടെ ആശയത്തിന് യോജിക്കുന്ന നല്ല പെരുമാറ്റമുള്ള ഡ്രൈവർമാർക്ക് പ്രത്യേക നിരീക്ഷണത്തിലൂടെ ഇത്തരം ടീഷർട്ടുകൾ സമ്മാനമായി കൊടുക്കാവുന്നതാണ്. ഈ ആവശ്യത്തിലേക്കായി രണ്ട് നിറത്തിൽ ടീഷർട്ടുകൾ ചെയ്യുന്നു. ഭൂരിഭാഗം ഡ്രൈവർമാരുടെ യൂണിഫോം കാക്കി നിറത്തിൽ ആയതിനാൽ അവർക്ക് യൂണിഫോം ആയി ഇത്തരത്തിൽ സമ്മാനമായി കിട്ടുന്ന ടീഷർട്ടുകൾ ഉപയോഗിക്കാൻ സാധിക്കും.
ടീഷർട്ട് ധരിപ്പിക്കുന്നതിലൂടെയും വാഹനങ്ങളിൽ ലോഗോ പതിപ്പിക്കുന്നതിലൂടെയും ആശയപ്രചാരണത്തിന് ഉപയോഗിക്കുന്നതോടൊപ്പം അവ ധരിക്കുന്ന ആളുകളുടെ സ്വഭാവങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരിക, അവരെ ഈ ആശയത്തിന്റെ വക്താക്കളാക്കുക എന്നത് കൂടിയാണ് പ്രോജക്ട് ലക്ഷ്യം വെക്കുന്നത്.
നല്ല ഡ്രൈവർമാർക്ക് ടീഷർട്ടുകൾ സമ്മാനമായി നൽകുന്ന നിമിഷങ്ങൾ കൂടുതൽ പബ്ലിസിറ്റി നൽകുന്നതിലേക്കായി വിഷ്വൽ മീഡിയ പ്രിൻറ് മീഡിയ എന്നിവയുടെ സപ്പോർട്ട് ഉപയോഗപ്പെടുത്താൻ ഉദ്ദേശിക്കുന്നു. അത് അവർക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരവും മറ്റുള്ളവർക്ക് പ്രചോദനവുമായിരിക്കും.
കൂടാതെ സന്നദ്ധ സംഘടനകളുടെയും ക്യാമ്പസ് സംഘടനകളുടെയും സഹായത്തോടെ തിരക്കേറിയ സ്ഥലങ്ങളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാവുന്നതാണ്.
റോഡിൽ പരസ്പര സഹകരണത്തിൻ്റെ ആവശ്യകതയെ കുറിച്ചും, 'റൈറ്റ് ഓഫ് വേ' യെ കുറിച്ചും,നമ്മുടെ right of way യിൽ മറ്റുള്ളവരെ പരിഗണിക്കേണ്ടി വരുന്ന സാഹചര്യത്തെ കുറിച്ചും, പറയുന്ന ചെറിയ ലഘു ലേഖകൾ വിതരണം ചെയ്യുന്നതാണ്.
സിഗ്നൽ ലൈറ്റുകൾ ഇല്ലാത്ത , ആളുകൾ സ്വയം നിയന്ത്രിച്ചു മുന്നോട്ട് പോകുന്ന ജൻക്ഷനുകളിലും,ഇടുങ്ങിയ പാലങ്ങൾ , കൽവേർട്ടുകൾ എന്നിങ്ങനെയുള്ള സ്ഥലങ്ങളിൽ ആളുകളെ കാമ്പയിൻ മോടിവിനെ കുറിച്ച് ചിന്തിപ്പിക്കുന്ന ഹോർഡിങ് സുകൾ, പോസ്റ്ററുകൾ സ്ഥാപിക്കാവുന്നതാണ്.
ഗുഡ്സ് വാഹനങ്ങളുടെ പുറകിൽ "Am I driving dangerously?" എന്നുള്ള പതിവ് ചോദ്യത്തിന് പകരം നല്ല ഡ്രൈവിങ്ങിന് നന്ദി അറിയിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള സ്റ്റിക്കർ പതിപ്പിക്കാവുന്നതാണ്.
പ്രിൻ്റ് മീഡിയകളിൽ സമൂഹത്തിലെ നാനാ തുറകളിലുള്ള പ്രമുഖ വ്യക്തിത്വങ്ങളുടെ കാമ്പയിനിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ സ്വരൂപിച്ച് വാർത്തകൾ കൊടുക്കാവുന്നതാണ്.
മീഡിയ ക്യാമ്പയിനിൻ്റെ ഭാഗമായി ജനങ്ങളിൽ നിന്ന് ഇതേ വിഷയത്തിലുള്ള user generated videos അല്ലെങ്കിൽ മറ്റു കണ്ടെൻ്റുകൾ ക്ഷണിക്കാവുന്നതാണ്.
അങ്ങനെ നല്ല ഡ്രൈവിങ്ങിനെ കുറിച്ച നിരന്തര ഓർമപ്പെടുത്തലിലൂടെ നല്ലൊരു ഡ്രൈവിംഗ് സംസ്കാരം നമുക്ക് വാർത്തെടുക്കാൻ സാധിക്കും. നിയമത്തിന് അതീതമായ ഒരു കാൽവെപ്പ് ആണെങ്കിലും റോഡ് സുരക്ഷയിൽ മുഖ്യ പങ്ക് വഹിക്കുന്ന വകുപ്പ് ചെയ്താലേ ഇതിന് ജന സമ്മതി കിട്ടൂ എന്നത് ഒരു പ്രേരക ഘടകമായി കാണാവുന്നതാണ്.
ഇതേ രീതിയിൽ മാസങ്ങൾ നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളിലൂടെ റോഡ് ഉപയോക്താക്കളുടെ ഇടയിൽ ഒരു ടി എസ് പി കൾച്ചർ വികസിപ്പിച്ചെടുക്കാനും അതുവഴി റോഡിലെ മാനസിക സമ്മർദ്ദങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാനും അപകടങ്ങൾ ഗണ്യമായി കുറയ്ക്കാനും സാധിക്കും.
Comments (0)