തൃശൂർ പൂങ്കുന്നത്ത് വീട് കേന്ദ്രീകരിച്ച് ഹൈടെക്ക് വാറ്റ് കേന്ദ്രം നടത്തിയ രണ്ടുപേർ പിടിയിൽ

തൃശ്ശൂർ പൂങ്കുന്നത്തെ ചക്കാമുക്ക് മറവഞ്ചേരി ലൈനിലുള്ള രണ്ട് നില വീട്ടിലെ താഴത്തെ നിലയിലാണ് വാറ്റ് നടത്തിയിരുന്നത്. മൂന്ന് മാസം മുമ്പാണ് പ്രതികൾ വീടുകളും സ്ഥാപനങ്ങളും ഫ്ളോർ ക്ലീനിംഗ് നടത്തുന്ന ഏജൻസി എന്ന പേരിലാണ് വീട് വാടകയ്ക്ക് എടുത്ത് ചാരായ വാറ്റ് നടത്തിയിരുന്നത്.

സംഭവത്തിൽ വരന്തരപിള്ളി മണ്ണംപേട്ട സ്വദേശികളായ രാജേഷ്28, വിഷ്ണു 27 എന്നിവരാണ് പിടിയിലായത്. 3000 ലിറ്റർ വാഷും, ഒരു ലിറ്ററിൻ്റെ കുപ്പികളിലാക്കി വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന 200 ലിറ്റർ ഛാരായവും പിടികൂടി.ഒന്നാം പ്രതി രാജേഷ് മൂന്ന് വർഷം വിദേശത്തായിരുന്നു. അവിടേയും ഇത്തരത്തിൽ വാറ്റ് നടത്തിയിരുന്നതായി ഇയാൾ മൊഴി നൽകിയിട്ടുണ്ട്.ആ രീതിയിലാണ് പ്രതികൾ ഇവിടേയും വാറ്റ് നടത്തിയിരുന്നത്.

60 ലിറ്ററിൻ്റെ രണ്ട് വലിയ കുക്കറുകളും ഇതിനുള്ളിൽ കോപ്പർ കോയിലുകളും ഉപയോഗിച്ചാണ് ചാരായം വാറ്റുന്നത്. മണമില്ലാതിരിക്കാൻ ശർക്കരയ്ക്ക് പകരം പഞ്ചസാരയും ഈസ്റ്റും, പഴങ്ങളും ഉപയോഗിച്ചാണ് വാറ്റാൻ ആവശ്യമായ വാഷ് നിർമ്മിച്ചിരുന്നത്.ഇരുപതിലധികം വലിയ പ്ലാസ്റ്റിക്ക് ബക്കറ്റുകളിലാണ് വാഷ്‌ സൂക്ഷിച്ചിരുന്നത്.

തൃശൂർ എക്സൈസ് അസിസ്റ്റൻ്റ് കമ്മീഷ്ണർ വി.എ.സലീമിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സ്പെഷ്യൽ സ്കോഡ് ഇൻസ്പെക്ടർ ജി.കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വാറ്റ് കേന്ദ്രം കണ്ടെത്തിയത് .സീൽ ചെയ്ത കുപ്പികളിലാക്കി ഫ്ളോർ ക്ലീനർ എന്ന വ്യജേന ഇവരുടെ ഓട്ടോറിക്ഷകളിലാണ് ജില്ലയിലെ കേന്ദ്രങ്ങളിൽ ഇവർ ചാരായം വിൽപ്പന നടത്തിയിരുന്നത്.സംഭവത്തെ കുറിച്ച് കുടുതൽ അന്വേഷണം നടത്തുമെന്ന് എക്സൈസ് അസിസ്റ്റൻ്റ് കമ്മീഷ്ണർ അറിയിച്ചു.