സപ്ലൈകോയിലും താത്കാലികക്കാരെ സ്ഥിരമാക്കാന്‍ നീക്കം, അസിസ്റ്റന്റ് സെയില്‍സ്‌മാന്‍ റാങ്ക് ലിസ്റ്റിലുള്ളവര്‍ അങ്കലാപ്പില്‍
തൃശൂര്‍: സപ്ലൈകോ അസിസ്റ്റന്റ് സെയില്‍സ്‌മാന്‍ തസ്‌തികകളില്‍ പി.എസ്.സി റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികളെ തഴഞ്ഞ് താത്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ നീക്കം. പത്ത് വര്‍ഷത്തിന് മുകളില്‍ ജോലി ചെയ്യുന്ന താല്‍ക്കാലികക്കാരുടെ പട്ടിക സമര്‍പ്പിക്കാന്‍ 2020 ഡിസംബര്‍ 29ന് സര്‍ക്കാര്‍ സെക്രട്ടറിയും ജനുവരി 4ന് സപ്ലൈകോ സി. എം. ഡിയും നിര്‍ദ്ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ താല്‍ാലികക്കാരുടെ എണ്ണം മടക്കത്തപാലില്‍ ആവശ്യപ്പെട്ട് അഡിഷണല്‍ ജനറല്‍ മാനേജര്‍ ജനുവരി 6 ന് ഡിവിഷന്‍ മേധാവികള്‍ക്കും മേഖലാ മാനേജര്‍മാര്‍ക്കും അയച്ച ഉത്തരവാണ് റാങ്ക്ലിസ്റ്റിലുള്ളവരെ ആശങ്കയിലാക്കുന്നത്. രാഷ്ട്രീയക്കാരുടെ ശുപാര്‍ശയില്‍ കരാര്‍ ജോലി നേടിയവരെ സംരക്ഷിക്കാനാണിതെന്നാണ് ആക്ഷേപം. ലോക്ഡൗണ്‍ കാലത്ത് സൗജന്യ കിറ്റ് തയ്യാറാക്കാന്‍ 7900 താത്കാലികക്കാരെയാണ് ഏല്‍പ്പിച്ചത്.
തുടക്കത്തില്‍ ആയിരം സപ്ലൈകോ ശാലകളില്‍ 2,100 അസിസ്റ്റന്റ് സെയില്‍സ്‌മാന്‍ തസ്തികകളായിരുന്നു. ഔട്ട്‌ലെറ്റുകള്‍1,600ഓളം ആയതോടെ തസ്‌തികകള്‍ 3,000 കടന്നു. ഒരു ഔട്ട്‌ലെറ്റില്‍ ശരാശരി രണ്ട് തസ്തികകളാണ്. മൊത്ത സംഭരണ കേന്ദ്രങ്ങളില്‍ 151 ഒഴിവുകളായിരുന്നു. ആദ്യ റാങ്ക് പട്ടികയിലെ കുറച്ചു പേരെ മാത്രമാണ് നിയമിച്ചത്. ഇപ്പോള്‍ മൂന്ന് ഡെപ്യൂട്ടേഷന്‍കാര്‍ ഉള്‍പ്പെടെ 1,586 പേരാണ് സ്ഥിരം നിയമനത്തില്‍ ജോലി ചെയ്യുന്നത്.
ഇനി 612 ഒഴിവുകളാണ് നികത്താനുള്ളതെന്ന് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ പറയുന്നു. അതായത് എണ്ണൂറോളം തസ്‌തികകളില്‍ താല്‍ക്കാലികക്കാരാണ് ഇപ്പോള്‍ ഉള്ളത്. നിയമനത്തിന് മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, ഗവര്‍ണര്‍, ധനകാര്യമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കി കാത്തിരിക്കുകയാണ് ഉദ്യോഗാര്‍ത്ഥികള്‍.
പലര്‍ക്കും പ്രായപരിധി കടക്കുന്നതിനാല്‍ ഇത് അവസാന അവസരമാണ്. പി.എസ്.സിയുടെ മെയിന്‍ ലിസ്റ്റിലെ 5845 പേരില്‍ 2119 പേര്‍ക്ക് ശുപാര്‍ശ നല്‍കിയതില്‍ 1247 പേര്‍ക്കാണ് നിയമനം ലഭിച്ചത്. വയനാട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചു. ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ 2021 മാര്‍ച്ച് 13 വരെയും മറ്റുള്ള ജില്ലകളില്‍ ജൂണ്‍ വരെയുമാണ് കാലാവധി.
റാങ്ക് പട്ടികയും നിയമനവും
തിരുവനന്തപുരം - 386 (117)
കൊല്ലം - 455 (126)
പത്തനംതിട്ട - 393 (56)
ആലപ്പുഴ - 397 (119)
കോട്ടയം - 391 (83)
ഇടുക്കി - 393 (41)
എറണാകുളം - 591 (135)
തൃശൂര്‍ - 497 (91)
പാലക്കാട് - 510 (83)
മലപ്പുറം - 499 (97)
കോഴിക്കോട് - 405 (130)
വയനാട് - 193 (39)
കണ്ണൂര്‍ - 492 (76)
കാസര്‍കോട് - 243 (54)
റാങ്ക് പട്ടിക വന്നിട്ട് രണ്ടര വര്‍ഷം കഴിഞ്ഞു. പുതിയ വില്‍പ്പന ശാലകളിലെ ഒഴിവുകളിലേക്കും ഈ ലിസ്റ്റിലുള്ളവരെ പരിഗണിക്കണം. പി.എസ്.സി നിയമന ശുപാര്‍ശ ലഭിച്ചിട്ടും താത്കാലികക്കാരെ സ്ഥിരപ്പെടുത്താനാണ് നീക്കം.
- ടി.എസ്. റഷീദ, റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റ്
Comments (0)